നാഷനൽ ആക്ഷൻ ചാർട്ടറിന്റെ 25ാം വാർഷികാഘോഷ വേദിയിലേക്ക് വരുന്ന ഹമദ് രാജാവ്
മനാമ: ബഹ്റൈന്റെ ആധുനിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നാഷനൽ ആക്ഷൻ ചാർട്ടറിന്റെ 25ാം വാർഷികം രാജ്യം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാഖിറിലെ നാഷനൽ ആക്ഷൻ ചാർട്ടർ സ്മാരകത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മുഖ്യാതിഥിയായിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നായി 3,000ത്തിലധികം വിദ്യാർഥികൾ നേരിട്ടും പതിനായിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഓൺലൈനായും ആഘോഷങ്ങളിൽ പങ്കുചേർന്നു. വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. രാജ്യത്തോടുള്ള സ്നേഹവും ദേശീയ ഐക്യവും വിളിച്ചോതുന്നതായിരുന്നു പ്രകടനങ്ങൾ. വിദ്യാർഥികളിൽ പൗരബോധവും ദേശീയ സ്വത്വവും വളർത്തുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ ഹമജ് രാജാവ് അഭിനന്ദിച്ചു. തന്നോടൊപ്പം സമയം ചെലവഴിച്ച വിദ്യാർഥികളുടെ ആവേശം രാജ്യത്തിന്റെ ഉജ്ജ്വലമായ ഭാവിക്ക് തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൗഢോജ്വല വേദി
ഹമദ് രാജാവിന്റെ നിർദേശപ്രകാരം 2026 ‘ഇസ അൽ കബീർ’ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുമെന്ന് ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ബഹ്റൈന്റെ ആധുനിക ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫയുടെ ജീവിതവും നേട്ടങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. 1783ൽ ശൈഖ് അഹമ്മദ് അൽഫത്തേഹ് ആധുനിക ബഹ്റൈൻ സ്ഥാപിച്ചത് മുതലുള്ള ചരിത്രം ആഴത്തിൽ പഠിപ്പിക്കുന്നതിലൂടെ വിദ്യാർഥികളിൽ ദേശീയബോധവും ശക്തമാക്കും. ബഹ്റൈനിലെ ജനങ്ങൾക്കിടയിൽ നടത്തിയ ഹിതപരിശോധനയിൽ 98.4 ശതമാനം പിന്തുണയോടെയാണ് 2001ൽ നാഷനൽ ആക്ഷൻ ചാർട്ടർ അംഗീകരിക്കപ്പെട്ടത്. ഈ ചരിത്രമുഹൂർത്തത്തിന്റെ ഓർമ പുതുക്കലാണ് ഓരോ വർഷവും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.