മനാമ: സോഷ്യൽ മീഡിയയിലൂടെ കെണിയിൽപെടുത്തി 13 വയസ്സുള്ള പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാവിഭാഗത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ഇൻ സൈബർ സ്പേസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരുകയാണ്.
രക്ഷിതാക്കൾ ശ്രദ്ധിക്കുക
സംഭവത്തെ തുടർന്ന് ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലുമുള്ള അപകടസാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെയും ഓൺലൈൻ ഉള്ളടക്കത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം അധികൃതർ അറിയിച്ചു.
കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മാതാപിതാക്കൾ നേരിട്ട് യൂനിറ്റുമായി ബന്ധപ്പെടാനും അധികൃതർ പ്രോത്സാഹിപ്പിച്ചു.
33523300 എന്ന നമ്പറിലോ cpcu@interior.gov.bh. എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാവിഭാഗത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 992 ലും വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.