മനാമ: ഖുർആൻ മത്സരരംഗത്ത് കഴിഞ്ഞവർഷം മികവ് കൈവരിച്ചതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ഇസ്ലാമിക കാര്യ വിഭാഗത്തിലെ ഹോളി ഖുർആൻ ഡയറക്ടറേറ്റ് അറിയിച്ചു. ഗ്രാന്റ് ഹോളി ഖുർആൻ മത്സരത്തിൽ 3518 പേർ മാറ്റുരച്ചു.
അന്താരാഷ്ട്രതലത്തിൽ നടത്തിയ ശൈഖ ഹിസ്സ ബിൻത് മുഹമ്മദ് ആൽ നഹ്യാൻ മത്സരത്തിൽ നാലാം സ്ഥാനം ബഹ്റൈന് കരസ്ഥമാക്കാൻ സാധിച്ചു. തദ്ദേശീയതലത്തിൽ 35 ഖുർആൻ മത്സരങ്ങൾക്ക് അംഗീകാരം നൽകി. ഖുർആൻ പഠനപദ്ധതിയിൽ 800 അധ്യാപകർ പങ്കെടുക്കുന്നു. വിവിധ കോഴ്സുകളിലായി 150 പേർ പരിശീലനം പൂർത്തിയാക്കി. ഖുർആൻ പഠനകേന്ദ്രങ്ങളിലല്ലാതെ 207 പേർ ഖുർആൻ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
18 ാമത് സമ്മർ പരിപാടിയിൽ 37,489 കുട്ടികൾ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ഖുർആൻ പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പരീക്ഷകളും ഓൺലൈനായാണ് നടക്കുന്നത്.
ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലുമായി സഹകരിച്ച് ഗ്രാന്റ് ഹോളി ഖുർആൻ മത്സരം സംഘടിപ്പിക്കാനും സാധിച്ചു. സ്കൂൾ വിദ്യാർഥി, വിദ്യാർഥിനികൾക്കായി 'ബയാൻ' എന്ന പേരിൽ മത്സരവും വൈകല്യമുള്ളവർക്കായി 'അജ്റാൻ'എന്ന പേരിലും തടവുകാർക്കായി 'ഗുഫ്റാൻ' എന്ന പേരിലും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അറബികളല്ലാത്ത പ്രവാസി സമൂഹത്തിനായി പ്രത്യേക മത്സരവും സംഘടിപ്പിച്ചു. വർഷം തോറും 17 അന്താരാഷ്ട്ര മത്സരങ്ങളിൽ ബഹ്റൈനിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്.
അറബി ഭാഷ ഖുർആൻ അധ്യാപകർക്ക് പഠിപ്പിക്കുന്നതിന് ഏഴ് പരിശീലന പരിപാടികൾ നടത്തിയിരുന്നു.
ഇതിലൂടെ 60 ഖുർആൻ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള 400 അധ്യാപകർ പരിശീലനം നേടുകയും ചെയ്തതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.