മനാമ: സൗദിയിലേക്കുള്ള ക്ലിയറൻസ് കാത്ത് ബഹ്റൈനിൽ വീണ്ടും ട്രക്കുകളുടെ നീണ്ട നിര. ഖലീഫ ബിൻ സൽമാൻ പോർട്ട് റോഡിെൻറ ഇരുവശത്തുമായി നിർത്തിയിടുന്ന ട്രക്കുകൾക്ക് ക്ലിയറൻസ് ലഭിക്കാനായി ചുരുങ്ങിയത് അഞ്ചുദിവസം കാത്തിരിക്കേണ്ടി വരുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതൂലം ബഹ്റൈനിൽ ചരക്കുകടത്ത് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. മാത്രവുമല്ല, ട്രക്ക് ഡ്രൈവർമാർ മോശം സാഹചര്യങ്ങളിൽ ഇൗ ദിവസങ്ങളിൽ കഴിയേണ്ട അവസ്ഥയുമുണ്ട്.
ഇവർക്ക് ടോയ്ലറ്റ് സൗകര്യം പോലും ഇവിടെയില്ല. അമിതമായി ചൂടായാൽ പൊട്ടിത്തെറിക്കുന്ന പെട്രോകെമിക്കൽ ഉൽപന്നങ്ങളും മറ്റുമായുള്ള ട്രക്കുകളാണ് പൊരിവെയിലത്ത് ദിവസങ്ങളോളം നിർത്തിയിടുന്നതെന്നത് അപകട സാധ്യതതയുമുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് ആരോട് പരാതിപ്പെടണമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. ബഹ്റൈനിലേക്ക് വന്നാൽ ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും ഇവിടെ കഴിയേണ്ട അവസ്ഥയാണെന്ന് ദുബൈയിൽ നിന്ന് വന്ന ട്രക്ക് ഡ്രൈവർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഡ്രൈവർമാർക്ക് ലഭിക്കുന്നില്ലെന്നും വിസ കാലാവധി കഴിയുേമ്പാൾ പിഴയടക്കേണ്ടി വരുന്നത് പതിവാണെന്നും മറ്റൊരാൾ പറഞ്ഞു. പിഴ പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കേണ്ട സ്ഥിതിയാണ്. സ്റ്റൗ വണ്ടിയിൽ കരുതാറുണ്ട്. അതുകൊണ്ട് ചെറിയ രൂപത്തിൽ പാചകം ചെയ്യും. ട്രക്കിനടുത്ത് വരുന്ന കച്ചവടക്കാരിൽ നിന്നും എന്തെങ്കിലും വാങ്ങുകയും ചെയ്യും. അങ്ങനെയാണ് ഇവിടെ പെട്ടുപോകുന്ന ദിനങ്ങളിൽ കഴിയുന്നത്. എന്നാൽ, ടോയ്ലറ്റ് സൗകര്യമില്ലാത്തത് വലിയ പ്രശ്നം തന്നെയാണെന്ന് ഡ്രൈവർമാർ പറഞ്ഞു.
ക്യൂ തെറ്റിച്ച് ട്രക്കുകൾ മുന്നിൽ കയറുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മതിയായ രേഖകളില്ലാതെയാകും ചില ട്രക്കുകൾ വരിയിൽ കയറുക. കൗണ്ടറിലെത്തുേമ്പാഴേക്ക് രേഖകൾ സംഘടിപ്പിക്കാം എന്ന പ്രതീക്ഷയിൽ നിൽക്കുന്നവരാകും അവർ. എന്നാൽ, ഇത് ശരിയാകാതെ വരികയും അവർ വീണ്ടും പിറകിലേക്ക് പോകുകയും ചെയ്യുന്നതും ഇവിടെ കാണാം.
കഴിഞ്ഞ രണ്ടുമാസത്തിനിടെ, ട്രക്കുകളുടെ വരി നീളുന്ന പ്രശ്നം വർധിച്ചിരിക്കുകയാണെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു.ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി കസ്റ്റംസ് ഡയറക്ടറേറ്റ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തും. പോർട് ഒാഫിസ് ഡയറക്ടറെ കണ്ട് വിഷയം സംസാരിച്ചിട്ടുണ്ട്. സൗദിയുടെ ഭാഗത്തുനിന്നാണ് നടപടികൾ വൈകുന്നതെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കാത്തുകെട്ടിക്കിടക്കുന്ന ട്രക്കുകളുടെ എണ്ണം ഇരുന്നൂറിൽ നിന്നും എണ്ണൂറായി വർധിച്ചതായാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നിലവിലുള്ള സാഹചര്യം അത്ര മോശമല്ലെന്ന അഭിപ്രായമാണ് ഗതാഗത^ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ്പ്രകടിപ്പിച്ചത്. കസ്റ്റംസ് ഇക്കാര്യത്തിൽ മതിയായ നടപടി ഒരു വർഷം മുമ്പ്തന്നെ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.2007മുതലാണ് കോസ്വെയിൽ ചരക്കുനീക്കം ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയത്.
അധികൃതരുടെ തുടർച്ചയായ ഇടപെടൽ വഴി 2015ഒാടെ കോസ്വെയിൽ കാത്തിരിക്കേണ്ട സമയം ഗണ്യമായി കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.