മത്സ്യത്തൊഴിലാളികൾ ഇന്ന്​ നാട്ടിലേക്ക്​ മടങ്ങും

മനാമ: ഇറാനിൽ നിന്ന് മോചിതരായി തിരിച്ചെത്തിയ 15 മത്സ്യത്തൊഴിലാളികൾ ഇന്ന് നാട്ടിലേക്ക് മടങ്ങും.ഇവർക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസി ഇന്നലെ കൈമാറി. എമിറേറ്റ്സ് വിമാനത്തിൽ ചെന്നൈയിലേക്കാണ് ഇവർ പോകുന്നത്.
എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന െഎ.സി.ആർ.എഫ് വളണ്ടിയർമാർ ഇവർക്ക് സാമ്പത്തിക സഹായവും നൽകി. ബഹ്റൈനിലെ മറ്റൊരു പ്രവാസി കൂട്ടായ്മയായ ‘ഹോപ്പി’​െൻറ പ്രവർത്തകർ തൊഴിലാളികൾക്ക് ചോക്ളേറ്റും മറ്റുമടങ്ങിയ ‘പ്രവാസി കിറ്റ്’ നൽകി. മറ്റുചില സംഘടനകളും സഹായവുമായി രംഗത്തെത്തിയിരുന്നു.   
ഏപ്രിൽ രണ്ടിന് ഉച്ച രണ്ടുമണിയോടെയാണ് 15 ഇന്ത്യക്കാരും ആറ് ബംഗ്ലാദേശികളും ഇറാനിൽ നിന്ന് ബോട്ടിൽ ബഹ്റൈനിലേക്ക് തിരിച്ചത്. തിങ്കളാഴ്ച കാലത്ത് 10.30ഒാടെ ഇവർ ബഹ്റൈൻ തീരത്തെത്തി.  13പേരുടെയും വിസ കാലാവധി കഴിഞ്ഞതിനാൽ തിങ്കളാഴ്ച  രാത്രി വൈകിയാണ് കരയിലേക്കിറങ്ങാനുള്ള നടപടികൾ പൂർത്തീകരിച്ചത്. മൂന്ന് ബോട്ടുകളിലായാണ് ഇവർ ബഹ്റൈനിലേക്ക് വന്നത്. 
തൊഴിലാളികളെ ഇറാനിൽ മോശം സാഹചര്യത്തിൽ തടവിലാക്കിയ നടപടിക്കെതിരെ തമിഴ്നാട്ടിലെ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിടികൂടിയ മത്സ്യത്തൊഴിലാളികളെ ആദ്യം ഇറാൻ അധികൃതർ അഞ്ചുദിവസം ജയിലിൽ പാർപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ബോട്ടിലേക്ക് മാറ്റുകയാണുണ്ടായത്. മാർച്ച് 14ന് കോടതി മോചിപ്പിച്ചെങ്കിലും ഇറാനിൽ അവധി ദിവസങ്ങൾ അടുപ്പിച്ച് വന്നത് മൂലം തൊഴിലാളികൾക്ക് ബഹ്റൈനിലേക്ക് മടങ്ങാനായിരുന്നില്ല.
സത്യസാഗർ വിജയ ബാബു, ജോസഫ് കെന്നഡി, ശ്രീജിത്ത് ഉദയകുമാർ, ക്ലൗഡിൻ നസ്റിൻ, ആൻറണി എഡ്വിൻ, ജോർജ് കെവ, രവി രാമസ്വാമി, ജോർജ് സുധാകരൻ, വിൻസൻറ് രായപ്പൻ, പ്രശാന്ത് സവേരിയൻ, ശ്രീനു ഉദയകുമാർ, രാജേഷ് കുമാർ മാരിമുത്തു, ക്യാപ്റ്റൻമാരായ ആൻറണി ജേക്കബ്, വർഗീസ്, സെലറ്റ് രാജ എന്നിവരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.
മത്സ്യബന്ധനത്തിനിടെ, അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ഇറാൻ അധികൃതർ പിടികൂടുന്നത്. തുടർന്ന് കിഷ് ദ്വീപിൽ തടഞ്ഞുവെച്ചു.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇവർ പിടിയിലാകുന്നത്. ബഹ്റൈനിലെ രണ്ടുസ്പോൺസർമാർക്ക് കീഴിലാണ് ഇവർ ജോലി ചെയ്യുന്നത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. കയ്യിൽ സമ്പാദ്യമായി ഒന്നുമില്ലെങ്കിലും ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവർ മടങ്ങുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.