മനാമ: വേനലിലെ ഉച്ചസമയത്തെ തൊഴില്‍ നിരോധം ഒരു മാസത്തേക്കുകൂടി നീട്ടി മൊത്തം മൂന്നുമാസമാക്കുന്ന കാര്യം തൊഴില്‍ മന്ത്രാലയം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഉച്ച 12മുതല്‍ വൈകീട്ട് നാലുവരെ പുറംജോലി നിരോധമുള്ളത്.
എന്നാല്‍, കടുത്ത ചൂട് പരിഗണിച്ച് ഇത് സെപ്റ്റംബറിലേക്കുകൂടി നീട്ടണമെന്നത് നിരവധി നാളുകളായി പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, ഈ വിഷയത്തില്‍ പുനരാലോചനയില്ളെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.
എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ ഉച്ചസമയത്തെ തൊഴില്‍ നിരോധം ഒരു മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം സംബന്ധിച്ച നിര്‍ദേശം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പരിഗണിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വേനലില്‍ തൊഴിലാളികളെക്കൊണ്ട് പുറത്തുള്ള ജോലി ചെയ്യിക്കാത്ത തൊഴിലുടമകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം ഉള്‍പ്പെടെ പരിഗണിക്കുന്നതായി തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി വ്യക്തമാക്കി. തൊഴിലാളികളുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ആവശ്യത്തെക്കുറിച്ച് മന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും എന്നാല്‍, വ്യാപാര-വാണിജ്യ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പൊടുന്നനെ ഒരു തീരുമാനം കൈക്കൊള്ളാത്തതെന്നും അദ്ദേഹം പറഞ്ഞു. സൗദി, കുവൈത്ത്,ഒമാന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ മൂന്ന് മാസക്കാലമാണ് തൊഴില്‍ നിയന്ത്രണം. ബഹ്റൈനിലും ഖത്തറിലുമാണ് ഇത് രണ്ടുമാസത്തേക്ക് തുടരുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ചൂട് കൂടിയ സാഹചര്യത്തില്‍ ഇത് മൂന്ന് മാസമാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.