മനാമ: രാജ്യത്തെ പൗരന്മാർക്കിടയിൽ ഭിന്നതയും വിദ്വേഷവും ആളിക്കത്തിച്ച് പൗരസമാധാനത്തിന് ഭീഷണിയുയർത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച ഒമ്പത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാവിഭാഗത്തിന് കീഴിലുള്ള സൈബർ കുറ്റകൃത്യ പ്രതിരോധ ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്. പൗരസമാധാനത്തിന് ഭീഷണിയാകുന്ന രീതിയിൽ വിദ്വേഷവും വിഭാഗീയതയും ലക്ഷ്യമിട്ടുള്ള ഉള്ളടക്കങ്ങൾ നിരീക്ഷിച്ചതിനെ തുടർന്നാണ് ഡയറക്ടറേറ്റിന്റെ ഇടപെടൽ.ഇത്തരം ഉള്ളടക്കങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നത് അല്ലെങ്കിൽ അനുബന്ധ കമന്റുകളിലൂടെ പിന്തുണക്കുന്നത് വ്യക്തികളെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കിയേക്കാം എന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിന്റെ പ്രാധാന്യം ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു.
നിയമങ്ങൾക്കും ബഹ്റൈനി സമൂഹത്തിന്റെ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെയും സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.