നല്ല കഥയില്ലെങ്കില്‍ നല്ല സിനിമയില്ല -സീമ

മനാമ: വലിയ കെട്ടിടങ്ങള്‍ക്ക് നല്ല തറ ഉണ്ടാകുന്നതുപോലെയാണ് സിനിമയും കഥയും തമ്മിലുള്ള ബന്ധമെന്ന് പ്രശസ്ത നടി സീമ പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം വനിതാവേദി സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതിനിടെ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അവര്‍. മികച്ച കഥയാണ് മികച്ച സിനിമയുടെ അടിസ്ഥാനം. കഥയില്ലാതെ സിനിമ ബില്‍ഡ് ചെയ്യാനാകില്ല. ശശിയേട്ടന്‍ (സീമയുടെ ഭര്‍ത്താവുകൂടിയായ സംവിധായകന്‍ ഐ.വി.ശശി) ‘കഥയില്ല, കഥയില്ല’ എന്ന് എപ്പോഴും പരാതി പറയുന്നത് കേള്‍ക്കാം. നല്ല കഥയില്‍ നിന്നുകൂടിയാണ് നല്ല സിനിമ ഉണ്ടാകുന്നത്. 

സിനിമയുടെ സാങ്കേതിക വിദ്യയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മാറ്റങ്ങള്‍ക്കനുസരിച്ച് അഭിനയിക്കണം എന്നൊന്നും തോന്നിയിട്ടില്ല. സിനിമയിലത്തെി. അഭിനയിച്ചു. അത് ജനങ്ങള്‍ക്ക് ഇഷ്ടമായി. അത്രമാത്രം. സിനിമ പോലൊരു പ്ളാറ്റ്ഫോമാണ് സീരിയലും. അവിടെയും അഭിനയത്തിന് തന്നെയാണ് ഊന്നല്‍. സീരിയല്‍ അഭിനയത്തിനുവേണ്ടി എന്തെങ്കിലും പ്രത്യേക മാറ്റങ്ങളൊന്നും വരുത്താറില്ല. നല്ല കഥകളും എനിക്ക് ചേരുന്നതെന്ന് സംവിധായകന്‍ കരുതുന്ന റോളുമുണ്ടെങ്കില്‍ ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്നതിന് സന്തോഷമേ ഉള്ളൂ.  

നിമയെ കേവല അഭിനിവേശമായി ഒരിക്കലും കണ്ടിട്ടില്ല. അത് തന്‍െറ തൊഴിലാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോയത് സിനിമയാണ്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇനി അഭിനയിക്കേണ്ട എന്ന അഭിപ്രായം ശശിയേട്ടനുണ്ടായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ, എന്നിലെ ആര്‍ടിസ്റ്റിനെ പിന്തുണച്ച് അന്ന് ശങ്കരാടി ഉള്‍പ്പെടെ പലരും സംസാരിച്ചു. വീണ്ടും സിനിമയില്‍ സജീവമായി. യഥാര്‍ഥത്തില്‍, വിവാഹശേഷമാണ് എനിക്ക് മികച്ച നിരവധി കഥാപാത്രങ്ങള്‍ കിട്ടിയത്. ‘ആരൂഢം’, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’, ‘അനുബന്ധം’ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ എടുത്തുപറയാനുണ്ട്. അതുകൊണ്ട്, വിവാഹത്തോടെ അവസാനിക്കുന്നതാണ് പെണ്‍കുട്ടികളുടെ സിനിമാജീവിതം എന്നൊന്നും അഭിപ്രായമില്ല. 

കഷ്ടപ്പാടില്‍ നിന്നാണ് ഞാനൊക്കെ സിനിമയിലത്തെിയത്. അതുകൊണ്ടാണ് സിനിമയെ ജീവിതമായി കാണുന്നത്. എല്ലാ സൗഭാഗ്യങ്ങളുമായി ജീവിക്കുന്നവര്‍ അഭിനിവേശവുമായി സിനിമയിലത്തെുന്നുണ്ടല്ളോ. അവര്‍ക്ക് അഭിനയവും സിനിമയും തൊഴില്‍ ആണെന്ന് പറയേണ്ടി വരില്ലായിരിക്കാം. ഞാന്‍ വിവാഹശേഷവും സിനിമയില്‍ തുടര്‍ന്നതിന് ശശിയേട്ടനും പ്രധാനകാരണമാണ്. അദ്ദേഹം ഒട്ടും സെല്‍ഫിഷ് അല്ല. ശശിയേട്ടന്‍െറ പിന്തുണയില്ലാതെ എനിക്ക് അഭിനയം തുടരാനാകില്ലായിരുന്നു. ജീവിതത്തെ എന്നും പൊസിറ്റീവ് കാണാന്‍ ശ്രമിച്ചിട്ടുണ്ട്. എന്തിനാണ് നെഗറ്റീവ് ആയി കാണുന്നത് എന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. 

സിനിമ പലപ്പോഴും ചൂതാട്ടം പോലെയാണ്. എത്ര ആലോചനകള്‍ നടത്തിയാലും, എത്ര മുന്‍പരിചയമുണ്ടെങ്കിലും ചിലപ്പോള്‍, എല്ലാം തകിടം മറിയും. പ്രതീക്ഷിച്ചപോലുള്ള ഒരു അനക്കവും തിയറ്ററിലുണ്ടാകില്ല. അതുകൊണ്ടാണ് ഞങ്ങള്‍ 80കളില്‍ തുടങ്ങിയ നിര്‍മാണ കമ്പനിക്ക് ‘കാസിനോ’ എന്ന് പേരിട്ടത്. മോഹന്‍ലാലും മമ്മൂട്ടിയും ഐ.വി.ശശിയും മറ്റും ചേര്‍ന്നാണ് അത് തുടങ്ങിയത്. ‘നാടോടിക്കാറ്റ്’, ‘ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്’, ‘അടിയൊഴുക്കുകള്‍’, ‘കരിമ്പിന്‍ പൂവിനക്കരെ’ തുടങ്ങിയ സിനിമകള്‍ ഈ കമ്പനി നിര്‍മിച്ചിരുന്നു. 

സിനിമയിലൂടെ നേടിയതെല്ലാം സൗഭാഗ്യമായി കരുതുന്നയാളാണ് ഞാന്‍. ഞാന്‍ എന്നെ വിലയിരുത്താനൊന്നും ശ്രമിച്ചിട്ടില്ല. ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഇപ്പോഴും ആളുകള്‍ തന്നെ കാണാനത്തെുന്നു എന്നത് ഒരു അംഗീകാരമായി കാണുകയാണ്. മലയാള സിനിമയില്‍ എറ്റവും ഇഷ്ടം തോന്നിയ അഭിയന ശൈലി ശാരദയുടേതാണ്. എന്നും അവരെയായിരുന്നു ഇഷ്ടം. 

കോഴിക്കോടും ചെന്നൈയിലുമായി പകുത്തതാണ് എന്‍െറ ജീവിതം. പക്ഷേ, ചെന്നൈ വിട്ട് ജീവിക്കാനാകില്ല. ചെന്നൈയാണ് എല്ലാം. കോഴിക്കോടും നല്ല അടുപ്പമുള്ള സ്ഥലമാണ്. ശശിയേട്ടനും ചെന്നൈയുമായി ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്‍െറ ഷൂട്ടിങ് എപ്പോഴും കോഴിക്കോട് ചുറ്റുവട്ടത്താകും. എന്നാല്‍ ഷൂട്ടിങ് തീര്‍ന്ന അന്നുതന്നെ ചെന്നൈയിലേക്ക് വണ്ടികയറുന്നത് കാണാം. അത് കുട്ടികള്‍ക്കും അങ്ങിനെയാണ്.-സീമ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.