എന്നും ആഗ്രഹിച്ചത് പിന്നില്‍ നില്‍ക്കാന്‍ –ഇ.വി.വല്‍സന്‍

മനാമ: താന്‍ എന്നും പിന്നില്‍ നില്‍ക്കാനാണ് ആഗ്രഹിച്ചതെന്നും പ്രശസ്തിക്ക് പിന്നാലെ പോയിട്ടില്ളെന്നും ലളിതഗാന, നാടകഗാന മേഖലയില്‍ നിരവധി അനശ്വര ഗാനങ്ങളെഴുതിയ ഇ.വി.വല്‍സന്‍  പറഞ്ഞു. ബഹ്റൈനില്‍ പെരുന്നാള്‍ ദിനത്തില്‍ നടക്കുന്ന ‘മധുമഴ’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനത്തെിയതിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്തിയുടെ ആദ്യ പടവുവെക്കുമ്പോള്‍ തന്നെ ജി.സി.സിയിലാകെ പര്യടനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വര്‍ത്തമാനകാല കലാകാരന്‍മാരുടെ അനുഭവമോ ഭാഗ്യമോ ഇ.വി.വല്‍സന് ലഭിച്ചിട്ടില്ല. ‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ’, ‘അമ്മക്കുയിലേ’ തുടങ്ങിയ അസംഖ്യം ഗാനങ്ങളെഴുതിയ വല്‍സന്‍ മാസ്റ്റര്‍ ജീവിതത്തില്‍ ആദ്യമായാണ് കടല്‍കടക്കുന്നത്. തന്നെ പലര്‍ക്കും അറിയില്ളെങ്കിലും തന്‍െറ പാട്ടുകള്‍ ഒട്ടുമിക്കവര്‍ക്കും ഹൃദിസ്ഥമാണെന്നതില്‍  സന്തോഷം മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.ചെറുപ്പത്തില്‍ അമ്മ പാടിക്കേള്‍പ്പിച്ചിരുന്ന ഈണങ്ങള്‍ ഉള്ളില്‍ വിഷാദ ഗീതങ്ങളുടെ വിത്തുപാകി. പില്‍ക്കാലത്ത് ഗാനരചനയിലേക്ക് തിരിഞ്ഞപ്പോള്‍ ബാല്യത്തില്‍ കേട്ട ഈണങ്ങള്‍ വലിയ കരുത്തായി. ‘മധുമഴ’യെന്ന ലളിതഗാന കാസറ്റുകളുടെ പരമ്പര ഒരു കാലത്ത് മലയാളികളാകെ ഏറ്റുവാങ്ങിയത് വലിയ അംഗീകാരമായി കാണുന്നു. 
ആരാണ് എഴുതിയതെന്നറിയാതെയാണ് ജനം വരികള്‍ മൂളി നടന്നത്. ആ വരികളുടെ ഉടമകളായി പലരും രംഗത്തുവന്നു. തന്‍െറ മുന്നില്‍ നിന്നുപോലും ചിലര്‍ ആ ഗാനങ്ങളുടെ രചയിതാവായി ചമഞ്ഞ സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഓര്‍ത്തു. ഗാനങ്ങള്‍ കാലത്തെ അതിജീവിക്കുകയും ഗാന രചയിതാവ് മറവിയിലാഴുകയും ചെയ്ത അപൂര്‍വ അനുഭവത്തിനുടമയാണ് താനെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചു.
ജനം തന്‍െറ പേരുമറന്നതില്‍നിരാശയില്ല. എന്നും വേദിയില്‍ നിന്ന് മറഞ്ഞു നില്‍ക്കാനാണ് ആഗ്രഹിച്ചത്. സംഗീത വ്യവസായത്തിലും സിനിമയിലുമുള്ള കോക്കസുകളുടെ ഭാഗമാകാന്‍ സാധിക്കാഞ്ഞതല്ല താന്‍ അരികിലേക്ക് മാറാന്‍ കാരണമെന്നും വല്‍സന്‍ മാസ്റ്റര്‍ പറയുന്നു. 
പാട്ടുകാസറ്റുകള്‍ ഇറക്കുന്നതിന്‍െറ കച്ചവട തന്ത്രവും കോപ്പിറൈറ്റുമൊന്നും അക്കാലത്ത് അറിയില്ലായിരുന്നു. എഴുതിയ വരികള്‍ നല്ല ഗായകര്‍ പാടി കേള്‍ക്കുമ്പോഴുള്ള ആത്മ നിര്‍വൃതിക്കപ്പുറം ഒന്നും ചിന്തിച്ചില്ല. വടകരയുടെ ഉള്‍നാട്ടില്‍ നിന്നു പ്രശസ്തിയുടെ കൊടുമുടി കയറുക എഴുപ്പമല്ലായിരുന്നു. വി.ടി.മുരളിയും വി.ആര്‍.സുധീഷുമെല്ലാം കോഴിക്കോട്ടു പോയാണ് പരിമിതികള്‍ മറികടന്നത്.
മെട്രിക്കുലേഷന്‍ കഴിഞ്ഞ് സുഹൃത്തുക്കളെല്ലാം പച്ചപ്പ് തേടി കടല്‍ കടന്ന കാലത്ത് അതിനു മുതിരാതെ നാടകം കളിച്ചും പാട്ടു പാടിയും പാട്ടെഴുതിയും കഴിച്ചുകൂട്ടി.  
കലയിലൂടെ ജീവിതത്തിന്‍െറ വസന്തം കടന്നു പോയി. ഇന്ദ്രിയങ്ങള്‍ സ്വയം ഇടയുന്ന ഈ കാലത്തെങ്കിലും തിരിച്ചറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്. കുടുംബത്തിനും സ്വന്തം നാട്ടുകാര്‍ക്കും മുമ്പില്‍  എഴുത്തുകാരന്‍ എന്ന പദവിയുണ്ട്. അതുതന്നെ വലിയ അംഗീകാരമായി കാണുന്നു.
ലളിതഗാനങ്ങളുടെ സുവര്‍ണകാലം ഇനി തിരിച്ചുവരുമെന്നു കരുതുന്നില്ല. ഗോപീസുന്ദറിനെ പോലുള്ള സംഗീത സംവിധായകരുടെ കാലത്ത് പാട്ടും സംഗീതവും അങ്ങേയറ്റം അപഹസിക്കപ്പെടുകയാണ്. 
താന്‍ പാട്ടെഴുതുമ്പോള്‍ തന്നെ അതിന്‍െറ അപക്വമായ ഒരു ഈണവും ഉണ്ടാകും.അത് പിന്നീട് സംഗീത സംവിധായകര്‍ മെച്ചപ്പെടുത്തുകയാണ് പതിവ്. 
ഇന്നു പാട്ടുകാര്‍ക്കും പാട്ടെഴുത്തുകാര്‍ക്കും മാധ്യമങ്ങളുടെ പിന്തുണയുണ്ട്. അതിനാല്‍ അറിയപ്പെടാന്‍ ധാരാളം വഴികളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
മനോജ് മയ്യന്നൂര്‍, കെ.ആര്‍.ചന്ദ്രന്‍, ബാബുരാജ് മാഹി, രാമത്ത് ഹരിദാസ്, ആര്‍.പവിത്രന്‍, ഒ.എം.അശോകന്‍, എം.എം.ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.