ബഹ്റൈന്‍ എയര്‍ഷോ: വിമാനങ്ങള്‍ വാനില്‍ വിസ്മയം തീര്‍ക്കും

മനാമ: ജനുവരി 21 മുതല്‍ 23 വരെ നടക്കുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയുടെ ഭാഗമായി നടക്കുന്നത് വൈവിധ്യമാര്‍ന്ന പരിപാടികള്‍. വിമാന അഭ്യാസപ്രകടനങ്ങള്‍ക്ക് പുറമെ കാണികള്‍ക്കായി വിനോദ പരിപാടികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലോകത്തെ മികച്ച ഏറോബാറ്റിക് ടീമുകളായ റഷ്യന്‍ നൈറ്റ്സ്, സൗദി ഹോക്സ്, യു.എ.ഇ അല്‍ ഫുര്‍സാന്‍, ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്റര്‍ ടീം എന്നിവ മാനത്ത് ദൃശ്യവിസ്മയമൊരുക്കും. 
എയര്‍ഷോ കാണാനത്തെുന്നവര്‍ക്കായി ഒരുക്കിയ ബബ്ള്‍ ബാഷ് ഫുട്ബാളാണ് ഇത്തവണത്തെ പുതുമ. വലിയ ബലൂണുകള്‍ക്കുള്ളില്‍ നിന്ന് കളിക്കുന്ന ഫുട്ബാളാണിത്. പന്തിനായി പോരാടുന്നതും പരസ്പരം കൂട്ടിയിടിച്ച് വീഴുന്നതും കളി രസകരമാക്കും. കോംബാറ്റ് ഫൈ്ളറ്റ് പാക്ക് സിമുലേറ്ററാണ് മറ്റൊരു ആകര്‍ഷണം. ലോകത്തെ ഏത് വിമാനത്താവളത്തില്‍ നിന്നും വിമാനം പറത്താനുള്ള അവസരമാണ് സന്ദര്‍ശകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളുടെ സഹായത്തോടെ യാത്രാവിമാനങ്ങളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താം. 
മൂന്നുദിവസവും സന്ദര്‍ശകര്‍ക്കായി മാജിക് ഷോയും സംഗീതപരിപാടികളുണ്ടാകും. വൈകിട്ട് നാലിനായിരിക്കും സംഗീത പരിപാടി. ബഹ്റൈന്‍ സംഗീത ബാന്‍ഡായ മജാസ്, അറബിക് ഹിപ്ഹോപ് ഗ്രൂപായ ദി മാസ്റ്ററോ, ഹാവനറോസ് ബാന്‍ഡ് എന്നിവ പരിപാടികള്‍ അവതരിപ്പിക്കും. ഗായകരായ ഹനാന്‍ റിദ, കുവൈത്തി ഹിപ്ഹോപ് താരം ഡാഫി, ബഹ്റൈനിലെ ഡി.ജെ ജാക്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. തെരുവ് മജീഷ്യന്മാരും പൊയ്ക്കാല്‍ നടത്തക്കാരും കുട്ടികള്‍ക്ക് കൗതുകമാകും. ത്രിമാന ചിത്രകല നേരിട്ട് കാണാന്‍ സൗകര്യമുണ്ടാകും. റീട്ടെയില്‍ കിയോസ്കുകള്‍, പരമ്പരാഗത ഗ്രാമം എന്നിവ പരിപാടിയുടെ മാറ്റുകൂട്ടും. ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഷട്ട്ല്‍ ബസ് സര്‍വീസുണ്ടാകും. ബാറ്റല്‍കോ ഒൗട്ലറ്റുകളില്‍ എയര്‍ഷോ ടിക്കറ്റ് ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 10 ദിനാറും 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bahraininternationalairshow.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.