മനാമ: മതപരമായ ആവശ്യങ്ങള്‍ക്ക് ഫണ്ട് സമാഹരണം നടത്താന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിയമം കര്‍ശനമായി പാലിക്കണമെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കി. ഫണ്ട് പിരിവിന് ഇറങ്ങുന്നതിന് മുമ്പായി എന്ത് ഉദ്ദേശത്തിന് വേണ്ടിയാണ് നടത്തുന്നതടക്കമുള്ള വിവരങ്ങള്‍ മന്ത്രാലയത്തിന് നല്‍കണം. അതിന്‍െറ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അംഗീകാര പ്രകാരമേ മുന്നോട്ട് പോകാവൂ. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് 2013 ലെ 21 ാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. സകാത്ത്, ദാനധര്‍മം, ആരാധനാലയങ്ങള്‍ പണിയുന്നതിനുള്ള പിരിവ് തുടങ്ങിയ കാര്യങ്ങള്‍ക്കായി വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ സംഭാവന സ്വീകരിക്കുന്നതിന് നിശ്ചിത ഫോറത്തില്‍ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ അംഗീകരിച്ചാല്‍ മാത്രമേ ഫണ്ട് സമാഹരിക്കാന്‍ അനുവാദമുണ്ടാവുകയുള്ളൂ. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഫണ്ട് ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നല്ലകാര്യങ്ങള്‍ക്കായി ദാനം നല്‍കുന്നതിന് ഇസ്ലാം വളരെയേറെ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും എന്നാലിത് ശരിയായ വിധത്തിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മന്ത്രാലയത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കാറുണ്ട്. എന്നാലിത് സുതാര്യമായി നടത്തേണ്ട ബാധ്യത ഉത്തരവാദപ്പെട്ടവര്‍ക്കുണ്ട്. നിയമവിധേയമല്ലാത്ത ഫണ്ട് സമാഹരണം ഇല്ലായ്മ ചെയ്യുന്നതിനും ശരീഅത്ത് നിര്‍ണയിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് ദാന സംഖ്യ ചെലവഴിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഫണ്ടിങ് നടത്തുന്നില്ളെന്ന് ഉറപ്പുവരുത്താനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.