?????????????????? ??????? ???????

ഒടുവില്‍ ഫാത്തിമക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചു

മനാമ: പിതാവ് ഇന്ത്യക്കാരന്‍, മാതാവ് ശ്രീലങ്കന്‍ സ്വദേശിനി, താമസം ബഹ്റൈനില്‍... പക്ഷേ ഫാത്തിമ ഹുസൈന്‍ എന്ന 27കാരിയോട് ഏതാനും മാസങ്ങള്‍ മുമ്പ് വരെ ചോദിച്ചാല്‍ ഏത് രാജ്യക്കാരിയാണെന്ന് പറയാന്‍ കഴിയില്ലായിരുന്നു. ഒരു രാജ്യത്തിന്‍െറയും പൗരത്വമോ പാസ്പോര്‍ട്ടോ രേഖകളോ ഇല്ലാതെയായിരുന്നു ജീവിതം. 
രോഗങ്ങള്‍ വരുമ്പോള്‍ ആശുപത്രിയില്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ സ്ഥിരമായി ജോലിയും ലഭിച്ചില്ല. 27 വര്‍ഷത്തെ ജീവിതത്തിന് ഇടയില്‍ ഫാത്തിമ ഹുസൈന്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍, ഇപ്പോള്‍ ഈ യുവതി ഏറെ സന്തോഷത്തിലാണ്. 
ജനിച്ച് വീണ് 27 വയസ്സ് ആയപ്പോള്‍ ഒരു രാജ്യത്തിന്‍െറ പൗര ആയി ‘ഒൗദ്യോഗിക’മായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍- ശ്രീലങ്കന്‍ ദമ്പതികള്‍ക്ക് ജനിച്ച ഫാത്തിമ ഹുസൈന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചു. വിസയും സി.പി.ആറും എല്ലാം സ്വന്തമായി. ബഹ്റൈനില്‍ നിയമ വിധേയ താമസക്കാരിയായി മാറി. മാതാവിന്‍െറയും പിതാവിന്‍െറയും നാട് ആദ്യമായി നേരില്‍ക്കണ്ടു. ബന്ധുക്കളെ പരിചയപ്പെട്ടു. നീണ്ട വര്‍ഷങ്ങളിലെ കാത്തിരിപ്പിന്‍െറയും പോരാട്ടത്തിന്‍െറയും ഫലമായാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഉടമായയതെന്നും ഏറെ സന്തോഷമുണ്ടെന്നും ഫാത്തിമ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ആലപ്പുഴ സ്വദേശിയായ ഹുസൈന്‍െറയും ശ്രീലങ്കന്‍ സ്വദേശിനിയായ ആയിഷയുടെയും മൂത്ത മകളായ ഫാത്തിമയുടെ പാസ്പോര്‍ട്ടിനായി ബാല്യത്തില്‍ തന്നെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, മാതാവിന്‍െറ പാസ്പോര്‍ട്ടിലെ പേര് ആയിരുന്നില്ല പിതാവിന്‍െറ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നത്. ഇതുമൂലം ഫാത്തിമയുടെ പാസ്പോര്‍ട്ട് അപേക്ഷ അംഗീകരിച്ചില്ല. 
ആ സമയം ബഹ്റൈനില്‍ ശ്രീലങ്കന്‍ എംബസി ഉണ്ടായിരുന്നില്ല. ഫാത്തിമയുടെ മാതാവിന്‍െറ പാസ്പോര്‍ട്ടിലെ പേര് തിരുത്താന്‍ കുവൈത്തിലെ എംബസിയിലേക്ക് അയച്ചു. ഈ സമയത്താണ് ഇറാഖിന്‍െറ കുവൈത്ത് അധിനിവേശം നടക്കുന്നത്. ഇതോടെ ഫാത്തിമയുടെ മാതാവിന്‍െറ പാസ്പോര്‍ട്ട് സംബന്ധിച്ച് വിവരം ഒന്നും ഇല്ലാതായി. തുടര്‍ന്ന് നിരന്തര അന്വേഷണത്തിന് ശേഷമാണ് മാതാവിന്‍െറ പാസ്പോര്‍ട്ട് ഒരു പതിറ്റാണ്ടിന് ശേഷം ലഭിക്കുന്നത്. ഈ സമയമെല്ലാം ഫാത്തിമ പാസ്പോര്‍ട്ടും ‘പൗരത്വവും’ ഇല്ലാതെ വളര്‍ന്നു. മാതാവിന്‍െറ പാസ്പോര്‍ട്ട് ലഭിച്ചതോടെ 2009ല്‍ ഫാത്തിമക്കും അനുജത്തിക്കും പാസ്പോര്‍ട്ടിന് വേണ്ടി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കി. എന്നാല്‍, പ്രായപൂര്‍ത്തിയായതിനാലും സമയപരിധി കഴിഞ്ഞെന്ന് പറഞ്ഞും ഫാത്തിമയുടെ പാസ്പോര്‍ട്ട് അപേക്ഷ നിരസിച്ചു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അനുജത്തിക്ക് പാസ്പോര്‍ട്ട് അനുവദിച്ചു. പാസ്പോര്‍ട്ട് ലഭിക്കാതായതോടെ പിതാവിന്‍െറയും മാതാവിന്‍െറയും നാട്ടിലോ പുറത്തോ പോകാന്‍ കഴിയാതെ ഫാത്തിമ പ്രയാസപ്പെട്ടു. അസുഖങ്ങള്‍ വരുമ്പോള്‍ ക്ളിനിക്കുകളില്‍ പോലും പോകാന്‍ കഴിയില്ലായിരുന്നു. പഠനത്തിനും പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ച കത്തിന്‍െറ അടിസ്ഥാനത്തില്‍ ബി.കോം പൂര്‍ത്തിയാക്കി. 
ഇതിനിടെ ഇന്ത്യന്‍ പൗരത്വവും പാസ്പോര്‍ട്ടും ലഭിക്കുന്നതിന് എംബസിയുടെ സഹായത്തോടെ നിയമ പോരാട്ടവും ആരംഭിച്ചു. തുടര്‍ന്ന് 2013 ആയപ്പോഴേക്കും ഡല്‍ഹി കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതായി ഫാത്തിമ പറഞ്ഞു. എന്നാല്‍, പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ വീണ്ടും തുടര്‍ന്നു. ശ്രീലങ്കയുടെ പാസ്പോര്‍ട്ട് എടുത്തില്ളെന്ന് വ്യക്തമാക്കുന്ന രേഖ ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള നിരാക്ഷേപപത്രം അടക്കം ഹാജരാക്കി. 2016 ജൂണോടെ പാസ്പോര്‍ട്ട് കൈയില്‍ ലഭിച്ചതായി ഫാത്തിമ പറഞ്ഞു. വിസയും സി.പി.ആറും എല്ലാം ഇതിനകം ലഭിച്ചു. അടുത്തിടെ പിതാവിന്‍െറ നാടായ ആലപ്പുഴയും മാതാവിന്‍െറ രാജ്യമായ ശ്രീലങ്കയും സന്ദര്‍ശിച്ച് മടങ്ങിയത്തെുകയും ചെയ്തു. 
പാസ്പോര്‍ട്ട് നേടിയെടുക്കുന്നതിന് ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ അറ്റാഷെ ബി.എസ്. ബിഷ്തില്‍ നിന്ന് വളരെയധികം സഹായം ലഭിച്ചതായി ഫാത്തിമ പറഞ്ഞു.  തന്നെപ്പോലെ പല കാരണങ്ങളാല്‍ പാസ്പോര്‍ട്ടും മറ്റ് രേഖകളും ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകുന്നതിന് ബി.എസ്. ബിഷ്തിനെ പോലുള്ള ഉദ്യോഗസ്ഥരെ എംബസികളില്‍ നിയമിക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.