മനാമ: ബഹ്റൈനിലെ 66.5 ശതമാനം റോഡപകടങ്ങളിലും ഉള്‍പ്പെടുത്തത് ബഹ്റൈനി പൗരന്‍മാരാണെന്ന് റിപ്പോര്‍ട്ട്. ട്രാഫിക് കള്‍ചര്‍ ഡയറക്ടര്‍ ലഫ്.കേണല്‍ ഉസാമ മുഹമ്മദ് ബാഹറിനെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലത്തിന്‍െറ മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രവാസികളാണ് അപടങ്ങളില്‍ മുന്‍പന്തിയിലെന്ന പൊതുധാരണയാണ് ഈ കണക്ക് തകര്‍ക്കുന്നത്. വാഹനമോടിക്കുന്നതില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരോളം കാര്യക്ഷമതയില്ളെന്ന അനുമാനവും കണക്കുകള്‍ ചോദ്യം ചെയ്യുന്നു. മൊത്തം അപകടങ്ങളില്‍ 25 ശതമാനത്തില്‍ മാത്രമേ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.
കഴിഞ്ഞ വര്‍ഷം നടന്ന 1,686 അപകടങ്ങളില്‍ ഉള്‍പ്പെട്ടത് ബഹ്റൈനികളാണ്. ഇത് മൊത്തം അപകടത്തിന്‍െറ 66.46 ശതമാനം വരും. തൊട്ടുപിറകിലുള്ളത് ഇന്ത്യക്കാരാണ്. പോയ വര്‍ഷം ഇന്ത്യക്കാര്‍ വരുത്തിവച്ചത് 253 അപകടങ്ങളാണ്.
അതായത് മൊത്തം അപടത്തിന്‍െറ 9.97 ശതമാനം. പാകിസ്താനികള്‍ 167 (5.32ശതമാനം) അപകടങ്ങളും ബംഗ്ളാദേശികള്‍ 135 (6.58 ശതമാനം) അപകടങ്ങളും സൗദി പൗരന്‍മാര്‍ 87(3.43ശതമാനം) അപകടങ്ങളുമുണ്ടാക്കി. മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഉണ്ടാക്കിയ അപകടങ്ങളുടെ എണ്ണം 210 മാത്രമാണ്. കഴിഞ്ഞ വര്‍ഷം അപകടങ്ങളുണ്ടാക്കിയ വാഹനമോടിച്ചിരുന്നവരില്‍ 809 പേരും (75.19) പുരുഷന്‍മാരാണ്. 267 പേര്‍ മാത്രമാണ് വനിതകള്‍. 2014ലെ കണക്കനുസരിച്ച് അപകടങ്ങളുണ്ടാക്കിയവരില്‍ 87 ശതമാനവും പുരുഷന്‍മാരായിരുന്നു. വലിയ അപകടം സംഭവിച്ചത് 37 പുരുഷന്‍മാര്‍ക്കാണ്.
ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടത് രണ്ടുസ്ത്രീകള്‍ മാത്രമാണ്. 226 പുരുഷന്‍മാര്‍ക്കും 34 സ്ത്രീകള്‍ക്കും അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. 506 പുരുഷന്‍മാര്‍ക്കാണ് ചെറിയ തോതിലുള്ള പരിക്കേറ്റത്. ഇത്തരത്തില്‍ പരിക്കുപറ്റിയ സ്ത്രീകളുടെ എണ്ണം 231ആണ്.
സൈക്കിള്‍ അപകടങ്ങളില്‍ മരിച്ചത് ഒമ്പതുപേരാണ്. 33പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. 38പേര്‍ക്ക് നേരിയ പരിക്കുമേറ്റു. പിക്കപ് ട്രക്ക് അപകടങ്ങളില്‍ ഏഴുപേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. 21പേര്‍ക്ക് നേരിയ പരിക്കുപറ്റി. മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളില്‍ ഒമ്പതുപേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടം സംഭവിച്ച മൊത്തം മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാരുടെ എണ്ണം 171 ആണ്. ഇതില്‍ 92പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. 70 പേര്‍ക്ക് ചെറിയ തോതിലുള്ള പരിക്കുമേറ്റു. അപകടങ്ങളില്‍ പെട്ട ഒട്ടുമിക്കവരും സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് നിയമങ്ങള്‍ പാലിച്ചവരായിരുന്നു. എന്നാല്‍, ചില കേസുകളില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നോ എന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നോ എന്നും വ്യക്തമല്ല.
ട്രാഫിക് നിയമലംഘനങ്ങള്‍ തിരിച്ചറിയുന്ന അത്യാധുനിക ഓട്ടോമാറ്റിക് കാമറകള്‍ വന്‍ വിജയമാണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. അമിത വേഗത, ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഈ കാമറകള്‍ വഴി എളുപ്പത്തില്‍ തിരിച്ചറിയാനാകുന്നുണ്ട്. കാമറകള്‍ സ്ഥാപിച്ച ശേഷം ഒരു മാസത്തിനകം അമിതവേഗതയുടെ പേരില്‍ 66 കേസുകളാണ് പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയത്.
മറ്റ് നിയമങ്ങള്‍ ലംഘിച്ച 17 പേരുടെ വിവരങ്ങള്‍ ട്രാഫിക് നിയമലംഘന വിഭാഗത്തിലേക്ക് നിയമനടപടിക്കായി കൈമാറി. തുടര്‍ച്ചായി നിയമം ലംഘിക്കുന്നവര്‍ക്കെതിരായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രാഫിക് നിയമ ബോധവത്കരണത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷ. ഉര്‍ദു, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിലുള്ള ട്രാഫിക് ബോധവത്കരണ കാമ്പയിന്‍ നടത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.