പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന്  ഇന്ത്യന്‍ എംബസി-നോര്‍ക യോഗം

മനാമ: പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  ഇന്ത്യന്‍ എംബസി-നോര്‍ക സംയുക്ത യോഗം ഇന്ന് രാവിലെ ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ചേരും. കേരള ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, നോര്‍ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ ആര്‍.എസ്.കണ്ണന്‍, മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിദേശ മന്ത്രാലയം നിര്‍ദേശ പ്രകാരം ഇന്ത്യന്‍ എംബസിയാണ് യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി ഇന്നലെ വൈകീട്ട് ബഹ്റൈനില്‍ എത്തി. ഇതാദ്യമായാണ് ബഹ്റൈനില്‍ എംബസി ഉദ്യോഗസ്ഥരും നോര്‍കയും സംയുക്ത യോഗം ചേരുന്നത്. 
പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ക്രോഡീകരിക്കുന്നത് സംബന്ധിച്ചാണ് യോഗം. 
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യങ്ങളിലും മറ്റും എംബസിയും നോര്‍കയും സാമ്പത്തിക സഹായം നല്‍കുന്ന സ്ഥിതിയുണ്ട്.  ഒരേ വിഷയത്തില്‍ എംബസിയും നോര്‍ക്കയും സഹായം നല്‍കുന്നത് ഒഴിവാക്കി സഹായം ഏതെങ്കിലും ഒരു വിഭാഗത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തമാക്കുക എന്നതാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് നോര്‍ക വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ഇതേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയും നോര്‍കയും യോഗം ചേര്‍ന്നിരുന്നു. 
യോഗത്തിലേക്ക് പ്രവാസി വിഷയങ്ങളില്‍ ഇടപെടുന്ന സാമൂഹിക  പ്രവര്‍ത്തകരെ ക്ഷണിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.