മനാമ: സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന രാജകീയ ഉത്തരവിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. ഇതോടെ, രാജ്യം 2002ലെ ‘കണ്‍വെന്‍ഷന്‍ ഓണ്‍ ദ എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗെന്‍സ്റ്റ് വിമനി’ന്‍െറ (സി.ഇ.ഡി.എ.ഡബ്ള്യു) നിര്‍ദേശങ്ങള്‍ അംഗീകരിക്കുമ്പോള്‍ സ്വീകരിക്കാതിരുന്ന കാര്യങ്ങള്‍ക്കും അംഗീകാരമായി. ഇതുപ്രകാരം സ്ത്രീകള്‍ക്ക് കൂടുതല്‍ അവസര സമത്വം ലഭിക്കും. സ്ത്രീകളുടെ പൗരത്വം കുട്ടികള്‍ക്ക് കൈമാറാന്‍ സാധിക്കും. സഞ്ചാരസ്വാതന്ത്ര്യം, താമസം എവിടെയാകണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയും ഇത് ഉറപ്പുനല്‍കുന്നു. സെക്കന്‍റ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ഹലീം മുറാദ് ഉള്‍പ്പെടെ 18 എം.പിമാര്‍ ഇതിനെതിരെ വോട്ടുചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചെയര്‍മാന്‍ അഹ്മദ് അല്‍ മുല്ല, വൈസ് ചെയര്‍മാന്‍ അലി അല്‍ അറാദി തുടങ്ങി 11 എം.പിമാര്‍ അനുകൂലിച്ചു. രണ്ടുപേര്‍ വിട്ടുനിന്നു. നാഷണല്‍ അസംബ്ളിയിലെ പാര്‍ലമെന്‍റ് സെഷനില്‍ മൊത്തം 40 എം.പിമാരുള്ളതില്‍ ഒമ്പതുപേര്‍ അവധിയിലായിരുന്നു. ഇതോടെ, രാജകീയ ഉത്തരവിന് പാര്‍ലമെന്‍റ് അംഗീകാരമായി. ഇത് പരിശോധനക്കായി ശൂറാകൗണ്‍സിലിന് കൈമാറും. ഉത്തരവ് സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചക്കിടെ, പാര്‍ലമെന്‍റ് 15മിനിറ്റ് നിര്‍ത്തിവക്കേണ്ടി വന്നു.
ഉത്തരവ് അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ കടുത്ത വാഗ്വാദങ്ങളുണ്ടായി. സി.ഇ.ഡി.എ.ഡബ്ള്യു പൂര്‍ണമായും സ്വീകരിക്കുന്നത് സ്ത്രീകള്‍ക്ക് തനിച്ച് താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുമെന്നും ഇത് സദാചാരപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും എതിര്‍ക്കുന്നവര്‍ വാദിച്ചു. ബഹ്റൈന്‍ അവസരസമത്വമുള്ള രാജ്യമാണെന്നും അതുകൊണ്ടുതന്നെ ഉത്തരവിന് അംഗീകാരം നല്‍കണമെന്നും അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.