പ്രവാസി വഞ്ചനയുടെ 10 വർഷങ്ങൾ

പ്രവാസം കേരളത്തിന്‍റെ നട്ടെല്ലാണ്. ഗൾഫിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾ അയക്കുന്ന കോടിക്കണക്കിന് രൂപയുടെ പണമാണ് കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തുന്നത്. ആ പ്രവാസിക്ക് തിരിച്ച് ലഭിച്ചതോ? അവഗണനയും വഞ്ചനയും മാത്രം.

കഴിഞ്ഞ 10 വർഷമായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ, ഓരോ മേഖലയിലും പ്രവാസിവിരുദ്ധ നയങ്ങൾ ആണ് സ്വീകരിച്ചത്. നോർക്ക അവതാളത്തിലായി, ക്ഷേമ പദ്ധതികൾ കടലാസിൽ ഒതുങ്ങി, ലോക കേരള സഭ ജനകോടികളുടെ ആഘോഷക്കൂടായി. വോട്ടവകാശം, പെൻഷൻ, പുനരധിവാസം ഒന്നും നടന്നില്ല. കൊടിയ ചതിയും ശൂന്യമായ വാഗ്ദാനങ്ങളും മൂടിവെക്കാൻ "കേരള വികസനം" എന്ന വാചകം മാത്രം ആവർത്തിക്കുമ്പോൾ, നാടിന് ഊർജ്ജം നൽകുന്ന പ്രവാസി ഇരുളിൽ തനിയെ നിൽക്കുകയാണ്.

നോർക്ക അവതാളത്തിലാക്കി

വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന കേരളീയരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയിട്ടാണ് 1996 ൽ ആരംഭിച്ച കേരള പ്രവാസികാര്യ വകുപ്പ്. അതിന്‍റെ ഫീൽഡ് ഏജൻസി ആയിട്ടാണ് നോർക്ക റൂട്ട്സ് ആരംഭിച്ചത്. പ്രവാസത്തിന്‍റെ സർവ മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാൻ വേണ്ടിയാണ് നോർക്ക വിഭാവനം ചെയ്തത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായിട്ടും പ്രവാസി ക്ഷേമത്തിനായി ആരംഭിച്ച നോർക്ക കൃത്യമായ പ്രവർത്തനങ്ങൾ നടത്താത്തത് കൊണ്ട് പ്രവാസികൾക്ക് ഗുണകരമായി ഒന്നും പ്രവർത്തിക്കാൻ കഴിഞ്ഞില്ല. കൃത്യമായി വിളിച്ചാൽ പോലും ഫോൺ ഏടുക്കാത്ത അവസ്ഥയാണിപ്പോഴും.

നോർക്ക സഹായത്തിലെ വിവേചനം

നോർക്ക സ്വാന്തന പദ്ധതിയിൽ നിന്നും 10 വർഷം പ്രവാസജീവിതം കഴിഞ്ഞു തിരിച്ചുവന്ന ഒരാൾക്കും 10 വർഷം കഴിഞ്ഞാൽ യാതൊരു സഹായവും ലഭിക്കുകയില്ല. കൂടാതെ കാലങ്ങളായി പ്രവാസികൾ ആവശ്യപ്പെട്ട സാന്ത്വന ചികിത്സ പദ്ധതിയിൽ ഇതുവരെയും പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല. ചികിത്സാ പദ്ധതിക്ക് ഉമ്മൻചാണ്ടി സർക്കാർ നേരത്തെ വർധിപ്പിച്ചതിൽ നിന്നും ഒരു രൂപ പോലും എൽ.ഡി.എഫ് സർക്കാർ വർധിപ്പിച്ചിട്ടുമില്ല.

നാട്ടിൽ മടങ്ങിയെത്തിയ സാമ്പത്തികംവും ശാരീരികവുമായി അവശത അനുഭവിക്കുന്ന വിസയുള്ള പ്രവാസി കുടുംബങ്ങളെ പൂർണമായും അവഗണിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നോർക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പലപ്രാവശ്യവും കെ.എം.സി.സി അടക്കമുള്ള സംഘടനകൾ പ്രവാസികളെയും നോർക്കയുടെ സ്വാന്തന ഫണ്ടിൽ നിന്നും സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നൽകിയിട്ടുമില്ല.

നോർക്ക തിരിച്ചറിയൽ കാർഡ്

നോർക്ക കാർഡ് അംഗീകൃത തിരിച്ചറിയൽ കാർഡ് ആയി സർക്കാർ അംഗീകരിക്കണമെന്ന് വർഷങ്ങളായി പ്രവാസികൾ ആവശ്യപ്പെടുന്നതായിരുന്നു. എന്നാൽ മറ്റുള്ള ബാങ്കുകാർഡും സഹകരണ സ്ഥാപനങ്ങളുടെ ഐഡിഅടക്കം തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കുമ്പോൾ നോർക്ക ഐഡി കാർഡ് വെറും ഒരു വിസിറ്റിംഗ് കാർഡ് മാത്രമായി മാറിയിരിക്കുകയാണ്.

ലോക കേരളസഭ

ലോക കേരളസഭ 2018ൽ ആരംഭിക്കുമ്പോൾ ലക്ഷ്യം വെച്ചത് ലോകത്തിലെ എല്ലാ മലയാളികളെയും ഏകോപിപ്പിക്കുകയും കേരളത്തിന്‍റെ വളർച്ചക്ക് നിക്ഷേപം ആകർഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. കോടികളിൽ ചിലവിട്ടു നടത്തിയ ലോക കേരള സഭയിലൂടെ പ്രത്യേകിച്ച് ഒന്നും നടപ്പിലാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. സഭ അതിന്‍റെ ഉദ്ദേശലക്ഷ്യം കൈവരിച്ചോ എന്ന ചോദ്യം വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ല എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. 40 ലക്ഷത്തോളം മലയാളികൾ വിദേശത്തുണ്ട്. 40 ലക്ഷത്തോളം പേർ ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുകയോ വിവിധ സംരംഭങ്ങൾ നടത്തുകയും ചെയ്യുന്നു. പലപ്പോഴും ശമ്പളവും പെൻഷനും കൊടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും കോടാനു കോടികൾ ചെലവഴിച്ചാണ് ലോക കേരള സഭകൾ നടത്തിയത്. ലോക കേരള സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് യാതൊരു മാനദണ്ഡവും നോക്കാതെയായിരുന്നു.

പ്രവാസി ക്ഷേമനിധി

2008ൽ രൂപീകൃതമായ കേരള പ്രവാസി ക്ഷേമനിധി ബോർഡ് പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാകുന്നു. അംശദായം ഒറ്റയടിക്ക് നൂറു ശതമാനം വരെ വർധിപ്പിച്ചും, കോവിഡ് കാലത്തടക്കം കുടിശ്ശിക വന്നവർക്ക് ഭീമമായ പിഴ ഈടാക്കിയും സർക്കാർ പ്രവാസികളെ ദ്രോഹിക്കുകയാണ്. പെൻഷൻ അയ്യായിരം രൂപയാക്കുമെന്ന അഞ്ച് വർഷം മുൻപത്തെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അറുപത് വയസ്സിനുള്ളിൽ ചെറിയ തുകയുടെ അടവ് ബാക്കിയുണ്ടെങ്കിൽ പോലും പെൻഷൻ നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന സർക്കാർ സമീപനം തിരുത്തണമെന്നും കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ ഇടപെടലുകൾ ഉണ്ടായിട്ടും വലിയ തോതിലുള്ള പിഴ ഇപ്പോഴും തുടരുകയാണെന്നും പരാതി ഉയരുന്നു. പ്രവാസികളുടെ സാമൂഹിക ക്ഷേമപെൻഷൻ മുടക്കി നേരത്തെ പെൻഷൻ ലഭിച്ചിരുന്ന മിക്ക പ്രവാസികളുടെയും ക്ഷേമ പെൻഷൻ എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം മുടക്കുകയാണ് ഉണ്ടായത്

പ്രവാസി വോട്ടവകാശം, പി.എസ്.സി പരീക്ഷ കേന്ദ്രം

പ്രവാസി വോട്ടവകാശം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞവർഷം 10 വർഷക്കാലമായി ഒന്നും സർക്കാർ ചെയ്തില്ല. കൂടാതെ നാട്ടിൽ ഇല്ല എന്ന കാരണത്താൽ പല പ്രവാസികളെയും വോട്ടർ ലിസ്റ്റിൽ നിന്നും തള്ളിക്കുകയും ചെയ്തു. വളരെക്കാലമായി പ്രവാസി യുവജനങ്ങളുടെ ആവശ്യമായിരുന്നു പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്ന്. എന്നാൽ കഴിഞ്ഞ 10 വർഷക്കാലമായി ഇതിനുവേണ്ടിയിട്ടുള്ള ഒരു നടപടിയും ഉണ്ടായില്ല

പശ്ചിമേഷ്യയിൽ നടക്കുന്ന പ്രതിസന്ധിയിൽ ഒരു സഹായവും ചെയ്യാതെ മാറി നിൽക്കുകയാണ് നോർക്ക. അത്യാവശ്യമായി ചികിത്സക്കും മറ്റും നാട്ടിൽ പോവണ്ടവർ ഒരുലക്ഷം വരെ മുടക്കി ടിക്കറ്റ് എടുത്താണ് പോവുന്നത്. കൂടാതെ 2017 ഫെബ്രുവരിയിൽ ബഹ്റൈൻ സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകി‍യ 12 വാഗ്ദാനങ്ങളിൽ ഒന്നു പോലും പ്രാവർത്തികമാക്കാൻ സർക്കാറിന് കഴിഞ്ഞില്ല.

പ്രവാസിയുടെ ആവശ്യങ്ങൾ ഉൾക്കൊണ്ട് പ്രകടന പത്രിക തയ്യാറാക്കിയ യു.ഡി.എഫിന്‍റെ വിജയം ഉറപ്പാക്കാൻ ഓരോ പ്രവാസിയും, ഓരോ കുടുംബവും, ഓരോ നാട്ടുകാരും മുന്നിൽ നിൽക്കണം. ഇനി മാറ്റം ഉറപ്പ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags:    
News Summary - 10 years of expatriate fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.