യാത്രക്കാർക്ക് ഫിറ്റ്നസ് ചലഞ്ച് മുദ്രയോടെ സ്വീകരണം
https://www.madhyamam.com/gulf-home/travelers-should-embrace-the-fitness-challenge-with-enthusiasm-1465591
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികരെ പ്രത്യേക പാസ്പോർട്ട് മുദ്രയോടെ സ്വീകരിച്ച് ജി.ഡി.ആർ.എഫ്.എ. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിനനുസരിച്ച് നടപ്പിലാക്കിയ സംരംഭം, എമിറേറ്റിനെ ലോകത്തിലെ ഏറ്റവും സജീവ നഗരങ്ങളിൽ ഒന്നാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്.
പ്രത്യേകമായി രൂപകൽപന ചെയ്ത ‘ദുബൈ ഫിറ്റ്നസ് ചലഞ്ച്’ മുദ്രയാണ് യാത്രികരുടെ പ്രവേശനം രേഖപ്പെടുത്തുന്നത്. 2017ൽ ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച്, ഓരോ വർഷവും 30 ദിവസങ്ങളിൽ പ്രതിദിനം 30 മിനിറ്റ് വ്യായാമം ചെയ്യാൻ ദുബൈ നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനാണ്.
മുദ്രയുടെ ഡിസൈൻ ദുബൈയിയുടെ ഊർജസ്വലതയും പ്രചോദനാത്മകതയും പ്രതിഫലിപ്പിക്കുന്നതാണ്. ‘ദുബൈ ഫിറ്റ്നസ് ചലഞ്ച്’ മുദ്രയിലൂടെ ഒരിക്കലും നിശ്ചലമാകാത്ത ദുബൈയുടെ ആത്മാവിനെയാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും എല്ലാ യാത്രികരെയും ഈ പോസിറ്റീവ് എനർജിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും എയർപോർട്ട് സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രി. ഫൈസൽ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.