എലിസബത്ത് രാജ്ഞി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം

മൂന്നുദിവസത്തെ ദുഃഖാചരണം; അനുശോചിച്ച് നേതാക്കൾ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി

ദുബൈ: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് യു.എ.ഇ. വെള്ളിയാഴ്ച മുതലാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തെ എംബസികളിലും പൊതു-സ്വകാര്യ മേഖലകളിലും പതാകകൾ മൂന്നുദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടാനും നിർദേശിച്ചിട്ടുണ്ട്. യു.എ.ഇയുമായി അടുത്ത ബന്ധം സൂക്ഷിച്ച രാജ്ഞിയുടെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാജകുടുംബത്തെയും ബ്രിട്ടീഷ് ജനതയെയും അനുശോചനം അറിയിച്ച യു.എ.ഇ പ്രസിഡന്‍റ്, രാജ്ഞി യു.എ.ഇയുടെ അടുത്ത സുഹൃത്തായിരുന്നുവെന്ന് അനുസ്മരിച്ചു. മാന്യതയും അനുകമ്പയും തന്‍റെ രാജ്യത്തെ സേവിക്കുന്നതിൽ അക്ഷീണമായ പ്രതിബദ്ധതയും കാണിച്ച ഭരണാധികാരിയായിരുന്നു അവരെന്നും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ബ്രിട്ടന്‍റെയും ജനങ്ങളുടെയും മികച്ച ഗുണങ്ങളെ പ്രതിനിധാനംചെയ്യുന്ന ആഗോള ഐക്കണായിരുന്നു രാജ്ഞിയെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അനുസ്മരിച്ചു. സ്വന്തം രാജ്യത്തിനായി അവർ നടത്തിയ അവിശ്വസനീയമായ സേവനങ്ങൾ ആധുനിക ലോകത്ത് സമാനതകളില്ലാത്തതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും മാനവികതയുടെയും രാജ്ഞിയായിരുന്നു അവരെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. രാജ്ഞിയുടെ പൈതൃകവും ഇമാറാത്തുമായുള്ള ആഴത്തിലുള്ള സൗഹൃദവും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് യു.കെയിലെ യു.എ.ഇ അംബാസഡർ മൻസൂർ അബ്ഹൂൽ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Three days of mourning on the death of Queen Elizabeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.