തുർക്കിയിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ പ്രസിഡന്റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ സ്വീകരിക്കുന്നു

സൗദി കിരീടാവകാശി തുർക്കിയിൽ; നിക്ഷേപമിറക്കാൻ സൗദിക്ക്​​ ക്ഷണം

ജിദ്ദ: സൗദിയും തുർക്കിയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ. തുർക്കിയിൽ നിക്ഷേപമിറക്കാൻ സൗദിക്ക്​ ക്ഷണം ലഭിക്കുകയും ചെയ്​തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ന്റെ തുർക്കി സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും സംയുക്ത ​പ്രസ്​താവനയിലാണ്​ ഇക്കാര്യം അറിയിച്ചത്​​​. തുർക്കി പ്രസിഡന്റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​ന്റെ ക്ഷണപ്രകാരമാണ്​ കിരീടാവകാശി ബുധനാഴ്​ച​ തുർക്കിയിലെത്തിയത്​. ഈജിപ്​ത്​, ജോർദൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച്​​ തുർക്കിയിലെത്തിയ അദ്ദേഹത്തിന്​ ഊഷ്​മള വരവേൽപാണ്​ ലഭിച്ചത്​.

രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സുരക്ഷ, സാംസ്കാരിക മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ ധാരണയായി. പൊതുതാൽപര്യമുള്ള ഏറ്റവും പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് കാഴ്​ചപ്പാടുകൾ കൈമാറി. ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള വഴികൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം സുഗമമാക്കൽ, ഇക്കാര്യത്തിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ മറികടക്കൽ, നിക്ഷേപ അവസരങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ആശയവിനിമയം തീവ്രമാക്കൽ, വിവിധ മേഖലകളിലെ പങ്കാളിത്തത്തിലേക്ക് അവയെ മാറ്റൽ എന്നിവയിലെല്ലാം ചർച്ച നടന്നു.

സൗദി, തുർക്കി കോഓഡിനേഷൻ കൗൺസിലി​ന്റെ പ്രവർത്തനം സജീവമാക്കാനും പൊതുതാൽപര്യ വിഷയങ്ങളിൽ സഹകരണത്തി​ന്റെയും ഏകോപനത്തി​ന്റെയും നിലവാരം ഉയർത്താനും ധാരണയായി. പെട്രോളിയം, റിഫൈനിങ്​, പെട്രോകെമിക്കൽസ്, ഊർജ കാര്യക്ഷമത, വൈദ്യുതി, പുനരുപയോഗ ഊർജം, ഹൈഡ്രോകാർബൺ വിഭവങ്ങൾ, ലോ കാർബൺ ഇന്ധനങ്ങൾ, ഹൈഡ്രജൻ എന്നിവക്കായുള്ള നവീകരണവും ശുദ്ധമായ സാങ്കേതിക വിദ്യകളും ഉൾപ്പെടെ ഊർജ മേഖലകളിൽ സഹകരിക്കാനും പ്രവർത്തിക്കാനും ഇരുപക്ഷവും ആഗ്രഹം പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളിൽ 'ഗ്രീൻ സൗദി അറേബ്യ', 'ഗ്രീൻ മിഡിൽ ഈസ്റ്റ്' എന്നീ പദ്ധതികൾ ആരംഭിച്ചതിനെ തുർക്കി സ്വാഗതം ചെയ്തു. കാലാവസ്ഥ വ്യതിയാന മേഖലയിലെ പദ്ധതികൾക്ക്​ സൗദിയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സ്മാർട്ട് സിറ്റി എന്നീ മേഖലകളിൽ ഉൽപാദനപരവും നിക്ഷേപപരവുമായ പങ്കാളിത്തം വർധിപ്പിക്കാനും ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. തുർക്കിയിലെ വളർന്നുവരുന്ന കമ്പനികളിൽ നിക്ഷേപിക്കാനും അവരുമായി പങ്കാളിത്തം സ്ഥാപിക്കാനും സൗദി സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപ ഫണ്ടുകളോട് തുർക്കി ആവശ്യപ്പെട്ടു. തുർക്കി സ്റ്റാ​ൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷനും സൗദി സ്​​റ്റാൻഡേർഡ്​ ആൻഡ്​​ മെട്രോളജി ഓർഗനൈസേഷനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ധാരണമായി.

തുർക്കി സയൻറിഫിക് ആൻഡ്​​ ടെക്നോളജിക്കൽ റിസർച്ച് കൗൺസിലും കിങ്​ അബ്​ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ്​​ ടെക്നോളജിയും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ ശാസ്​ത്രജ്ഞരുടെ സന്ദർശനങ്ങൾക്കും ധാരണയായി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഇരു രാജ്യങ്ങളിലെ അതോറിറ്റികൾ തമ്മിലുള്ള സഹകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പ്രതിരോധ സഹകരണ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറുകൾ സജീവമാക്കും. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുകയും അവ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യും. ജുഡീഷ്യൽ സഹകരണം വർധിപ്പിക്കാനും ജുഡീഷ്യൽ മേഖലകളിലെ വിദഗ്​ധർ തമ്മിലുള്ള അനുഭവങ്ങൾ കൈമാറ്റം ചെയ്യാനും ധാരണയായി.

ആരോഗ്യ, ടൂറിസം രംഗങ്ങളിലും സഹകരണം ശക്തമാക്കും. ആരോഗ്യ നിക്ഷേപ മേഖലയിൽ സഹകരണ സാധ്യതകൾ പരിശോധിക്കും. ദേശീയ സിവിൽ ഏവിയേഷൻ അതോറിറ്റികൾ തമ്മിൽ സഹകരണം വർധിപ്പിക്കും. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സുപ്രധാന വിഷയങ്ങളിൽ സഹകരണം, ഏകോപനം, വീക്ഷണ കൈമാറ്റം എന്നിവ ശക്തമാക്കാനും തീരുമാനിച്ചു.

തുർക്കി പ്രസിഡന്റിന്റെ ആതിഥേയത്വത്തിനും സ്‌നേഹത്തിനും കിരീടാവകാശി നന്ദി പറഞ്ഞു. കോവിഡ്​ വെല്ലുവിളികൾക്കിടയിൽ ഹജ്ജ്​ സംഘടിപ്പിച്ച സൗദി ഭരണകൂടത്തെ തുർക്കി പ്രസിഡന്റ്​ പ്രശംസിച്ചു. ഈ വർഷം തീർഥാടകരുടെ എണ്ണം വർധിച്ചതിൽ അദ്ദേഹം തൃപ്‌തി രേഖപ്പെടുത്തുകയും ചെയ്​തു.

Tags:    
News Summary - Saudi Prince in Turkey; Saudi Arabia invited to invest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.