1979ൽ അബൂദബിയിലെത്തിയ എലിസബത്ത് രാജ്ഞി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനൊപ്പം

എലിസബത്ത് രാജ്ഞി ഇമാറാത്തിന്‍റെ സുഹൃത്ത്

ദുബൈ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് യു.എ.ഇയുമായി അടുത്ത സുഹൃദ് ബന്ധം. ട്രൂഷ്യൽ സ്റ്റേറ്റുകളായിരുന്ന പ്രദേശങ്ങൾ ഒന്നുചേർന്ന് യു.എ.ഇ രൂപപ്പെട്ട ആദ്യ ദശകത്തിൽ തന്നെ ഇമാറാത്തിന്‍റെ മണ്ണിൽ അവർ എത്തിയിരുന്നു. രാജ്യം ലോകഭൂപടത്തിൽ ഇന്നത്തെപ്പോലെ അതിപ്രധാന സാമ്പത്തിക ശക്തിയാകുന്നതിനു മുമ്പ്, 1979ലാണ് ആദ്യമായി യു.എ.ഇ സന്ദർശിക്കുന്നത്. റോയൽ യോട്ട് ബ്രിട്ടാനിയയിൽ വന്നിറങ്ങിയ അവർക്ക് രാഷ്ട്രപിതാവും യു.എ.ഇയുടെ ആദ്യ പ്രസിഡൻറുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്. പുരോഗതിയിലേക്ക് പിച്ചവെച്ചുതുടങ്ങിയ അബൂദബിയിലും ദുബൈയിലും സന്ദർശനം നടത്തി അന്നത്തെ ഭരണാധികാരികളുമായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

2010ൽ ​യു.​എ.​ഇ​യി​ലെ​ത്തി​യ എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നൊ​പ്പം

അബൂദബിയിലെ ഹിൽട്ടൺ ഹോട്ടൽ, ലെ മെറിഡിയൻ എന്നിവയുടെ ഉദ്ഘാടനത്തിനും രാജ്ഞി ഫിലിപ് രാജകുമാരനൊപ്പം പങ്കെടുത്തു. ബ്രിട്ടീഷ് വംശജരായ പ്രവാസികളുമായി കൂടിക്കാഴ്ചക്കും അന്ന് അവർ സന്നദ്ധമാവുകയുണ്ടായി. ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ പുതിയ പത്തേമാരിയിൽ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാനും ആദരിക്കാനും സമയം കണ്ടെത്തി. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വലിയ പുരോഗതിയുണ്ടാക്കി. ഇതിന്‍റെ തുടർച്ചയായി 1981ൽ ശൈഖ് സായിദ് ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. രാജ്ഞിയും മറ്റു പ്രധാന നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയിലൂടെ സൗഹൃദം വലിയതലത്തിലേക്ക് വളർന്നു.

പിന്നീട് വർഷങ്ങൾക്കുശേഷം വലിയ വളർച്ച കൈവരിച്ച യു.എ.ഇയിലേക്ക് 2010ലാണ് അവർ വീണ്ടും സന്ദർശനത്തിനെത്തുന്നത്. മൂന്നു പതിറ്റാണ്ടിനിടയിൽ വമ്പിച്ച മുന്നേറ്റങ്ങൾക്ക് സാക്ഷിയായ യു.എ.ഇ ഹൃദയവായ്പോടെയാണ് രാജ്ഞിയെ സ്വീകരിച്ചത്. അന്നത്തെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, ഇന്നത്തെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അബൂദബിയിലെ ശൈഖ് സായിദ് മോസ്കും മറ്റു സ്ഥലങ്ങളും സന്ദർശിച്ച അവർ വികസന മുന്നേറ്റത്തെ നേരിൽ കാണുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായി 2013ൽ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നേതൃത്വത്തിൽ ബ്രിട്ടനിലേക്ക് സന്ദർശനവും നടന്നു.

Tags:    
News Summary - Queen Elizabeth: Emirates' Great friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.