പ്രതീകാത്മക ചിത്രം. ഇൻസെറ്റിൽ ദുരന്തത്തിൽ രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഐബ്

ഡ്രൈവർക്കരികിലെ സീറ്റ് ശുഐബിന് രക്ഷയായി; മദീന ബസ് ദുരന്തത്തിന്റെ നടുക്കത്തിൽ രക്ഷപ്പെട്ട തീർത്ഥാടകൻ

മദീന: മദീനക്കടുത്ത് ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മൂന്നു പേരിൽ ഒരാളാണ് ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ശുഐബ്. അപകടത്തിന്റെയും രക്ഷപ്പെടലിന്റെയും ഞെട്ടലിലാണ് അദ്ദേഹം. ഡ്രൈവറിനടുത്ത് ഇരുന്നതുകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെടതെന്ന് മുഹമ്മദ് അബ്ദുൽ ശുഐബ് പറയുന്നു. ആരോഗ്യനില തൃപ്തികരമാണ്.

ദാരുണമായ അപകടത്തിൽ 45 ഇന്ത്യൻ തീർത്ഥാടകരാണ് തൽക്ഷണം മരിച്ചത്. 46 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അവരുടെ പേരുകൾ തെലുങ്കാന സർക്കാർ പുറത്തുവിട്ടു.  അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളാണ്.

ഒരാഴ്ച മുമ്പാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഉംറ ഏജൻസിയുടെ കീഴിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്ന സംഘം മക്കയിലെത്തിയത്. ഹൈദരാബാദിൽ നിന്നും തെലുങ്കാനയിൽ നിന്നുമുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ട ബസ് ഞായറാഴ്ച രാത്രി സൗദി സമയം 11 മണിയോടെയാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയും തൽക്ഷണം തീപിടിക്കുകയുമായിരുന്നു. അപകടസമയത്ത് യാത്രക്കാരിൽ പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണമായതെന്നാണ് സൂചന. മൃതദേഹങ്ങൾ പൂർണമായും കത്തിനശിച്ചതിനാൽ സൗദി അധികൃതർ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ

കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ദാരുണമായ ദുരന്തത്തിൽ അനുശോചനം അറിയിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജിവും അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബങ്ങൾക്കും എല്ലാ സഹായവും ചെയ്യുന്നുണ്ട്. ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും ഇരുവരും എക്സിൽ കുറിച്ചു.

സംഭവത്തിൽ ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസിയും അനുശോചിച്ചു. വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജുമായി താൻ സംസാരിച്ചതായും അദ്ദേഹം സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് തനിക്ക് ഉറപ്പ് നൽകിയതായും അസദുദ്ദീൻ ഒവൈസി എം.പി പ്രതികരിച്ചു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിനും, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാരിനോടും പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോടും അഭ്യർത്ഥിക്കുന്നതായും ഉവൈസി പറഞ്ഞു. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ചീഫ് സെക്രട്ടറി എ. ശാന്തി കുമാരി, ഡി.ജി.പി എന്നിവർക്ക് ഉടൻ വിശദാംശങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. വിദേശകാര്യ മന്ത്രാലയവുമായും സൗദി എംബസിയുമായും ഏകോപിപ്പിക്കാനും, ആവശ്യമായ സഹായത്തിനായി സംഘങ്ങളെ അയക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. വിവരങ്ങൾ നൽകുന്നതിനും ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം തുറന്നു.

തെലുങ്കാന സർക്കാർ പുറത്തുവിട്ട ബസിലെ മുഴുവൻ യാത്രക്കാരുടെയും പട്ടിക (45 പേർ):

1 ഇർഫാൻ അഹമ്മദ്

2 ഹുമേര നസ്നീൻ

3 സബിഹ സുൽത്താന

4 അഹമ്മദ് ഹംദാൻ

5 അഹമ്മദ് ഇസാൻ

6 ഷെയ്ഖ് നസീറുദ്ദീൻ

7 ഫാത്തിമ ഉമൈസ

8 മറിയം ഫാത്തിമ

9 ഷെയ്ഖ് സാൻ ഉദ്ധീൻ

10 ഫാത്തിമ മെഹ്രിഷ്

11 ഷസാൻ അഹമ്മദ് മുഹമ്മദ്

12 റിദാ തസ്‌നീം

13 ഷെയ്ഖ് ഉസൈറുദ്ദീൻ

14 അഖ്തർ ബീഗം

15 അനീസ് ഫാത്തിമ

16 അമീന ബീഗം

17 സാറാ ബീഗം

18 ഖാൻ സലീം

19 ഷബാന ബീഗം

20 സയ്യിദ് ഹുസൈഫ ജാഫർ

21 റിസ്വാന ബീഗം

22 ഷെയ്ഖ് സലാഹുദ്ദീൻ

23 ഫറാന സുൽത്താന

24 തസ്മിയ തഹ്‌രീൻ

25 സുൽത്താന സന

26 മുഹമ്മദ് അബ്ദുൽ ഖാദർ

27 ഗൗസിയ ബീഗം

28 ഷെഹ്നാസ് ബീഗം

29 മുഹമ്മദ് അലി

30 റഹ്മത്തേബ്

31 റഹീം ഉന്നിസ

32 ഉർ റഹ്മാൻ മുഹമ്മദ് ഷൊഐബ്

33 റയീസ് ബീഗം

34 ഷാജഹാൻ ബീഗം

35 അൽ അമൂദി സാറാ മഹ്മൂദ്

36 മുഹമ്മദ് മൻസൂർ

37 സഹീൻ ബീഗം

38 ഫർഹീൻ ബീഗം

39 ഷൗക്കത്ത് ബീഗം

40 സകിയ ബീഗം

41 പർവീൻ ബീഗം

42 മുഹമ്മദ് മസ്താൻ

43 മുഹമ്മദ് സുഹൈൽ

44 മുഹമ്മദ് മൗലാന

45 അബ്ദുൽ ഗനി അഹമ്മദ് സാഹിർ ശിരഹട്ടി

Tags:    
News Summary - Pilgrim survives the horror of the Medina bus disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.