മരുപ്രദേശങ്ങളിലെ വാഹനയാത്ര: വേണം മുൻകരുതൽ

മസ്കത്ത്: ചൂടുകാലത്ത് മരുപ്രദേശങ്ങളിലൂടെയും ആളൊഴിഞ്ഞ റോഡുകളിലൂടെയും വാഹനത്തിൽ യാത്രചെയ്യുന്നവർ ജാഗ്രത പാലിക്കണം. മരുഭൂമികളിൽ റോഡുകളിൽ വഴി തെറ്റുന്നതും വാഹനങ്ങൾ കേടുവരുന്നതും വൻ ദുരന്തത്തിന് കാരണമാക്കും. കഴിഞ്ഞ ദിവസം ദോഫാറിലെ അതിർത്തിപ്രദേശത്തെ മരുഭൂമിയിൽ രണ്ട് ഇന്ത്യക്കാർ ദാരുണമായി മരണപ്പെട്ടിരുന്നു. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുക പോലും പ്രയാസമാണ്. ചിലപ്പോൾ മണൽപ്രദേശങ്ങളിലാണെങ്കിൽ വാഹനം കണ്ടെത്താൻ കഴിയില്ല. അതിനാൽ ഇത്തരം മേഖലകളിൽ യാത്രചെയ്യുന്നവർ ഏറെ സൂക്ഷ്മത പാലിക്കണം.

മരുഭൂമികളിലെ റോഡുകളിലൂടെ ജോലിക്കും മറ്റുമായി യാത്രചെയ്യേണ്ടിവരുന്നവർ കൊടും ചൂടുകാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ വാഹനം ഓടിക്കുകയാണെങ്കിൽ എല്ലാ മുൻ കരുതലുകളും എടുത്തിരിക്കണം. വാഹനത്തിന്‍റെ കാര്യക്ഷമതയും ടയറുകൾ അപകടരഹിതമാണെന്നും ഉറപ്പാക്കണം. അപകടങ്ങളിൽ അധികവും ടയർ പൊട്ടി വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഉണ്ടാവുന്നത്. ഉന്നത ഗുണനിലവാരമുള്ള പുതിയ ടയറുകൾ മാത്രമാണ് ഇത്തരം വാഹന യാത്രക്കാർ ഉപയോഗിക്കേണ്ടത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നതും ഒഴിവാക്കണം. ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ യാത്ര തുടരാൻ പാടുള്ളൂ. കുടിക്കാനുള്ള വെള്ളവും മറ്റ് സൗകര്യങ്ങളും വാഹനത്തിൽ കരുതണം.

ജോലിക്കും മറ്റും മരുഭൂമിയിലും അതിർത്തിപ്രദേശങ്ങളിലും പോവുന്നവർ വാഹനത്തിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. ഇത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പ്രവർത്തനരഹിതമാകുേമ്പാൾ യാത്ര അവസാനിപ്പിക്കുകയും വേണം. ജി.പി.എസ് സംവിധാനം നിലച്ചാൽ യാത്രക്കാരൻ എവിടെയാണുള്ളതെന്ന് അധികൃതർക്ക് കണ്ടു പിടിക്കുന്നത് പ്രയാസമാവും. കൊടും ചൂടുകാലത്ത് മരുഭൂമികളിലും ഒറ്റപ്പെട്ട റോഡുകളിലും യാത്രക്കാർ തീരെ കുറവായിരിക്കും. അതിനാൽ വഴിയിൽ കുടുങ്ങിയാൽ രക്ഷിക്കാൻ മറ്റു വാഹനങ്ങൾ പോലും എത്താനിടയില്ല. വാഹനം അപകടത്തിൽപെട്ടും കേടുവന്നും വഴിയിൽ കുടുങ്ങുന്നവർക്ക് കടുത്ത പ്രയാസം അനുഭവിക്കേണ്ടിവരും.

വാഹനത്തിൽ എണ്ണ തീരുകയും എ.സി പ്രവർത്തനരഹിതമാവുകയും ചെയ്യുന്നതോടെ കൊടുംചൂടിൽ വെന്തുരുകി കഴിയേണ്ടിവരും. കുടിക്കാൻ വെള്ളം പോലും ലഭിക്കാതെയാണ് പലപ്പോഴും മരണത്തിലേക്ക് നീങ്ങേണ്ടിവരുക. കൊടും ചൂടിൽ ഇത്തരം യാത്രകൾ ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് യാത്ര മേഖലയിലുള്ളവർ പറയുന്നത്.

Tags:    
News Summary - Driving in desert areas: caution is required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.