ഇന്ത്യയിൽനിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ ബുക്കിങ്​ ആരംഭിച്ചു

മനാമ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാർ പ്രാബല്യത്തിൽ വന്നതോടെ എയർ ഇന്ത്യ എക്​സ്​പ്രസ്​ ഇന്ത്യയിൽനിന്നുള്ള സർവീസുകൾ പ്രഖ്യാപിച്ചു. 13ന്​ ചെന്നൈയിൽനിന്നാണ്​ ആദ്യ വിമാനം എത്തുന്നത്​. തുടർന്നുള്ള ദിവസങ്ങളിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്​ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ആദ്യ ദിവസം തന്നെ പല സർവീസുകൾക്കും സീറ്റ്​ മുഴുവൻ ബുക്ക്​ ചെയ്​ത്​ കഴിഞ്ഞു. ഗൾഫ്​ എയർ ഞായറാഴ്​ച മുതൽ ബുക്കിങ്​ ആരംഭിക്കുമെന്നാണ്​ സൂചന.

കൊച്ചിയിൽനിന്ന്​ മൂന്നും തിരുവനന്തപുരത്തുനിന്ന്​ രണ്ടും കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന്​ ഒാരോ സർവീസുമാണ്​ ആദ്യ ഘട്ടത്തിലുള്ളത്​. ഒരു വിമാനത്തിൽ 90 യാത്രക്കാരെ കൊണ്ടുവരാനാണ്​ അനുമതിയുള്ളത്​. ഒാരോ വിമാനക്കമ്പനിക്കും ആഴ്​ചയിൽ 650 യാത്രക്കാരെയാണ്​ കൊണ്ടുവരാൻ കഴിയുക. ഒരു മാസം 2600 പേരെ കൊണ്ടുവരാം.

എയർ ബബ്​ൾ പ്രകാരം ബഹ്​റൈൻ പൗരൻമാർക്കും റസിഡൻറ്​ പെർമിറ്റുള്ളവർക്കും ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരാൻ കഴിയും. ഇതിനുപ​ുറമേ, ബഹ്​റൈനിൽ സാധുവായ ഏത്​ വിസയുള്ള ഇന്ത്യക്കാർക്കും ഇങ്ങോട്ട്​ വരാം. ഇവർ ബഹ്​റൈനിലേക്ക്​ മാത്രം വരുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്​. ടിക്കറ്റ്​ നൽകുന്നതിന്​ മുമ്പ്​ യാത്രക്കാർക്ക്​ യാത്രാ തടസ്സങ്ങളൊന്നുമില്ലെന്ന്​ ബന്ധപ്പെട്ട വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.