സ്ഥലം വാങ്ങുമ്പോള്‍.....


സ്ഥലം വാങ്ങുമ്പോള്‍ നിയമപരമായും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കെട്ടിട നിര്‍മാണച്ചട്ടം കര്‍ശനമാണ്. അതിനാല്‍, വസ്തു വാങ്ങുമ്പോള്‍ വീട് വെക്കാന്‍ അനുയോജ്യമായ ആകൃതിയിലുള്ള പ്ളോട്ടാണോ എന്ന് മനസ്സിലാക്കണം. ചതുരാകൃതിയിലുള്ള സ്ഥലമാണ് വീട് നിര്‍മിക്കാന്‍ നല്ലത്. ശുദ്ധവായുവും ശുദ്ധവെള്ളവും ലഭിക്കുന്ന സ്ഥലമായിരിക്കണം. മറ്റു വലിയ കെട്ടിടങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കുമിടയില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണെങ്കില്‍ കാറ്റും വെളിച്ചവും കുറയും. തൊട്ടടുത്ത പറമ്പിലെ കിണറില്‍ വെള്ളമുണ്ടോ എന്നു നോക്കിയാല്‍ ജലലഭ്യതയറിയാം. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടോ എന്നും അന്വേഷിക്കുക.
സ്ഥലം മഴക്കാലത്ത് വെള്ളം കയറുന്നതാണെങ്കില്‍ ഭാവിയിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി വാങ്ങാതിരിക്കലാണ് നല്ലത്്. വെള്ളം കയറുന്ന സ്ഥലമാണോ, കല്ലുവെട്ട് കുഴി നികത്തിയതാണോ എന്നെല്ലാം അറിയാന്‍ പരിസരവാസികളോട് അന്വേഷിക്കുക. കല്ലുവെട്ട് കുഴിയില്‍ വീട് നിര്‍മിക്കാന്‍ പൈലിംഗ് വേണ്ടിവരും. ചെലവേറുമെന്നര്‍ഥം. സ്കൂള്‍, ആശുപത്രി,മാര്‍ക്കറ്റ് എന്നിവ സമീപത്തുണ്ടോ എന്നും പരിശോധിക്കുക.
 വാങ്ങുന്ന വസ്തു ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികള്‍ക്കായി അക്വയര്‍ ചെയ്തതാണോ എന്നും പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ഉള്‍പ്പെട്ടതാണോ എന്നുമറിയാനും സര്‍വേ നമ്പര്‍ ഉപയോഗിച്ച് വില്ളേജ് ഓഫിസില്‍ അന്വേഷിച്ച് മനസ്സിലാക്കണം. സ്ഥലം ആധാരത്തിന്‍െറ അവസാന പേജിലെ പട്ടിക നോക്കിയാല്‍ സര്‍വേ നമ്പറും ഏതുതരം ഭൂമിയാണെന്നും അറിയാന്‍ കഴിയും. വസ്തു റോഡരികിലാണെങ്കില്‍ വികസനത്തിനായി ഏറ്റെടുത്ത വസ്തുവാണോ എന്ന് പരിശോധിക്കണം.
സ്ഥലം കാണാന്‍ കുഴപ്പമില്ളെങ്കിലും ചിലപ്പോള്‍ ആധാരത്തില്‍ വയലോ തോട്ടമോ ആയാണ് കാണിച്ചിട്ടുണ്ടാവുക. നികത്തിയതോ രൂപമാറ്റം വരുത്തിയതോ ആണെന്ന്് വ്യക്തം. ഇവിടെ വീടു നിര്‍മിക്കാന്‍ അനുമതി ലഭിക്കുക ബുദ്ധിമുട്ടാണ്. പുഴ, തോട്, റോഡ് എന്നിവ കടന്നുപോകുന്നതിനരികിലെ വസ്തു വാങ്ങുമ്പോള്‍ പുറംപോക്കു ഭൂമി അളന്ന് വസ്തു വാങ്ങുന്നയാളെ കബളിപ്പിച്ച് പണം തട്ടുന്നവരുമുണ്ട്. ഇതൊഴിവാക്കാന്‍ വില്ളേജിലെ മാപ്പ് ഉപയോഗിച്ചുതന്നെ പ്രസ്തുത സ്ഥലം അളന്ന് തിട്ടപ്പെടുത്തണം. മാത്രമല്ല, പുഴ, തോട്, റോഡ് എന്നിവക്കരികില്‍ വീട് വെക്കാന്‍ നിശ്ചിത അകലം പാലിക്കണമെന്ന് കെട്ടിട നിര്‍മാണ ചട്ടത്തില്‍ അനുശാസിക്കുന്നുണ്ട്. മുന്‍വശത്ത് മൂന്നു മീറ്റര്‍ വിടണമെന്നാണ് ചട്ടം. സ്ഥലം അക്വയര്‍ ചെയ്യാന്‍ നിര്‍ദേശമുള്ളതാണെങ്കില്‍ അതും കഴിച്ച് മൂന്നു മീറ്റര്‍ വിടേണ്ടിവരും. ഇക്കാര്യം ശ്രദ്ധിക്കണം. കുറച്ചു സ്ഥലം വാങ്ങുന്നവര്‍ പ്രത്യേകിച്ചും. നിയമപരമായുള്ളതെല്ലാം വിട്ടുകഴിഞ്ഞാല്‍ പിന്നെ ഒരു മുറിപോലും പണിയാനുള്ള സ്ഥലമുണ്ടാകില്ല.
റെയിലിന് സമീപത്തും പ്രശ്നമുണ്ട്. റെയില്‍വേ അതിര്‍ത്തിയില്‍ നിന്ന് 30 മീറ്റര്‍ അകത്ത് വീടു നിര്‍മിക്കാന്‍ റെയില്‍വേയുടെ സമ്മതപത്രം വാങ്ങണം.
വൈദ്യുതി കണക്ഷന്‍ എളുപ്പം ലഭിക്കുന്ന സ്ഥലമാണോ എന്നുനോക്കണം. കൂടുതല്‍ പോസ്റ്റ് വേണ്ടതാണെങ്കില്‍ കൂടുതല്‍ തുക അടക്കേണ്ടിവരും . ഗതാഗത സൗകര്യവും പ്രധാനമാണ്. നിര്‍മാണ വസ്തുക്കള്‍ വാഹനത്തില്‍ നേരിട്ട് സൈറ്റിലത്തെിക്കാന്‍ സാധിക്കില്ളെങ്കില്‍ കടത്തുകൂലി നന്നായി കരുതേണ്ടിവരും. മാലിന്യം ഒഴുകിപ്പോകാനുള്ള അഴുക്കുചാല്‍ സംവിധാനമുള്ള പ്രദേശമാണെങ്കില്‍ നന്നായി. അല്ളെങ്കില്‍ പുരയിടത്തില്‍ തന്നെ സംവിധാനം ഉണ്ടാക്കേണ്ടിവരും.
വാങ്ങുന്ന വസ്തുവിന്‍െറ മുകളില്‍ ഏതെങ്കിലും വശത്തുകൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നുണ്ടോ എന്നു പരിശോധിക്കണം. കെ.വി ലൈനുകള്‍ കടന്നുപോകുന്നതിനു അരികില്‍ വീട് നിര്‍മിക്കുന്നതിനു വൈദ്യുതി വകുപ്പിന്‍െറ അനുമതി വാങ്ങുകയും വീട് നിര്‍മിക്കുന്നതിന് നിശ്ചിത അകലം പാലിക്കുകയും ചെയ്യണം.  

ഇടനിലക്കാര്‍
വസ്തു വാങ്ങുന്നവര്‍ ഇടനിലക്കാരുടെ (ബ്രോക്കര്‍) സഹായം തേടുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:
ഇടനിലക്കാരാണ് വസ്തു വാങ്ങാന്‍ ഏര്‍പ്പാട് ചെയ്യുന്നതെങ്കിലും വസ്തു ഉടമസ്ഥനും വാങ്ങുന്നവരുമായി വില ഉറപ്പിക്കുന്നതിനു മുമ്പ് വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിനടുത്തെ വസ്തുവിന്‍െറ വില മനസ്സിലാക്കണം. ഇതിനായി പരിസരവാസികളെയും നാട്ടിലെ പൊതുസമ്മതരെയും സമീപിക്കാം. ഇതിനുശേഷമേ വസ്തുവിന്‍െറ വില ഉറപ്പിക്കാവൂ.
കരാര്‍പത്രം എഴുത്ത്, വസ്തു അളവ്, രജിസ്ട്രേഷന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യം വഹിച്ച് ബ്രോക്കര്‍ മധ്യസ്ഥന്‍െറ റോളില്‍ നില്‍ക്കണം. കരാര്‍, ആധാരം എന്നിവയില്‍ സാക്ഷികളായും ബ്രോക്കര്‍മാര്‍ ഒപ്പിടാറുണ്ട്.

ബ്രോക്കറേജ്
ബ്രോക്കര്‍മാരുടെ കമീഷന്‍ കേരളത്തിന്‍െറ വിവിധ മേഖലകളില്‍ വ്യത്യസ്തമാണ്. തെക്കന്‍ജില്ലകളില്‍ വസ്തു വാങ്ങുന്നയാള്‍ വസ്തു വിലയുടെ ഒരു ശതമാനവും വില്‍ക്കുന്നയാള്‍ മൂന്ന് ശതമാനവും ബ്രോക്കര്‍ ഫീസ് നല്‍കണം.
കോഴിക്കോട് മേഖലയില്‍ ഇത്് യഥാക്രമം ഒന്നേകാല്‍ ശതമാനവും രണ്ടര ശതമാനവുമാണ്. എറണാകുളം മേഖലയിലും ഇതുതന്നെയാണ് നിരക്ക്. കണ്ണൂരില്‍ വില്‍ക്കുന്നയാള്‍  രണ്ടര ശതമാനം വരെ ബ്രോക്കറേജ് നല്‍കണം.വാങ്ങുന്നയാള്‍ ശതമാനം കണക്കാക്കാതെ ഒരു തുക നല്‍കുകയാണ് ചെയ്യുക.
രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയശേഷമേ ബ്രോക്കറേജ്് നല്‍കേണ്ടതുള്ളൂ. എന്നാല്‍, ഇതിന് സര്‍ക്കാറിന്‍െറ അംഗീകാരമൊന്നുമില്ല. ചിലയിടത്തെല്ലാം ബ്രോക്കര്‍മാര്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തി ബ്രോക്കറേജ് വാങ്ങുന്നതായി ആരോപണങ്ങള്‍ ഉണ്ടാവാറുണ്ട്. ബ്രോക്കര്‍മാര്‍ ഇപ്പോള്‍ സംഘടന രൂപവത്കരിച്ച് അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.