സ്വപ്നം യാഥാര്‍ഥ്യമാക്കും മുമ്പ്...

 

 
വീട് നിര്‍മാണത്തിനിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. സംഭവം വിചാരിച്ചപോലെ അത്ര എളുപ്പമല്ല എന്നതുതന്നെ. ജീവിതാഭിലാഷം അതിന്‍െറ പരിപൂര്‍ണതയില്‍ പൂര്‍ത്തിയാക്കാന്‍ അല്‍പം പ്രയാസപ്പെടുകതന്നെ വേണം. സ്ഥലം കണ്ടത്തെുന്നത് മുതല്‍ ഓരോ ഘട്ടത്തിലും അതീവ സൂക്ഷമത പുലര്‍ത്തിയില്ളെങ്കില്‍ സ്വപ്ന പദ്ധതി പാളിയതു തന്നെ. ധന നഷ്ടവും സമയ നഷ്ടവും ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ ഭവിഷ്യത്തും അനുഭവിക്കേണ്ടിവരും. 
വീടുനിര്‍മാണം ഭൂരിഭാഗം ഗൃഹനാഥന്‍മാര്‍ക്കും ഉറക്കമില്ലാ രാത്രികളാണ് സമ്മാനിക്കുക. സ്ഥലം വാങ്ങല്‍, രജിസ്ട്രേഷന്‍, വീടിന്‍െറ പ്ളാനും എസ്റ്റിമേറ്റും തയാറാക്കല്‍, അതിന് ബന്ധപ്പെട്ട അധികൃതരുടെ അനുവാദം നേടിയെടുക്കല്‍, മറ്റു കടലാസുപണികള്‍, പണിക്കാരെ കിട്ടാനുള്ള പ്രയാസം, മണല്‍ ക്ഷാമം, സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം, സാധനം കിട്ടിയാല്‍ പണിക്കാരില്ല, പണിക്കാര്‍ വന്നാല്‍ ലോറിസമരം കാരണം സിമന്‍റില്ല........ തലവേദന വന്നില്ളെങ്കിലല്ളേ അദ്ഭുതം. 
സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് ഈ കാലഘട്ടം ശരിക്കുമൊരു ദുര്‍ഘട കാലമാണ്. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലെ പരിമിതികളും പരാധീനതകളും നിറഞ്ഞ ജീവിതം നീണ്ടുനീണ്ടുപോകുന്നു. തൊട്ടടുത്ത്് പാതിവഴിയില്‍ മുടന്തുന്ന ‘പുതിയ’ വീടിനെ നോക്കി നെടുവീര്‍പ്പിടുന്ന കാലം. പക്ഷേ, ഈ ദുരിതങ്ങളും വേദനകളും തന്നെയാണ് നിങ്ങളുടെ വീടിന്‍െറ മൂല്യം കൂട്ടുന്നത്. കഷ്ടപ്പാടിനൊടുവില്‍ പണി പൂര്‍ത്തിയാക്കി കുടുംബസമേതം വീട്ടില്‍ താമസമാക്കുമ്പോഴുള്ള ആഹ്ളാദവും ആശ്വാസവും നിര്‍വൃതിയും അനുഭവിച്ചവര്‍ക്കേ വിശദീകരിക്കാനാവൂ.
 
വീടിനെ മികച്ചതാക്കാന്‍
ഗൃഹത്തിന്‍െറ കാര്യത്തില്‍ വ്യത്യസ്ത അഭിരുചിക്കാരാണ് മലയാളികള്‍. ചിലര്‍ക്കത് അന്തസ്സും പ്രതാപവും മാലോകരെ കാണിക്കാനുള്ള മാര്‍ഗമാണ്. ഗള്‍ഫിലോ യൂറോപ്പിലോ അമേരിക്കയിലോ ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചതത്രയും കോണ്‍ക്രീറ്റ് രൂപത്തിലാക്കി അവസാനകാലത്ത് വരുമാനമാര്‍ഗമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരുടെ എണ്ണവും മലയാളക്കരയിലേറെയാണ്. 
വീട് ചേക്കേറാനുള്ള ഒരിടം മാത്രമല്ല. അത് ജീവിതത്തിന്‍െറ ഭാഗമാണ്.ആകാരവും ആര്‍ഭാടവുമല്ല; മറിച്ച്, ലാളിത്യവും ഭംഗിയുമാണ് അതിനെ മികച്ചതാക്കുന്നത്. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് നമുക്കിടയില്‍ കൂടുതലും. കുടുംബത്തിന്‍െറ വലുപ്പവും ആവശ്യവും സാമ്പത്തിക സ്ഥിതിയുമെല്ലാം പരിഗണിച്ച് അനാവശ്യങ്ങളും ആര്‍ഭാടവും ഒഴിവാക്കി  വീടെടുക്കുന്നവരാണിവര്‍. 
വീട് നിര്‍മാണം മലയാളികളുടെ ആസൂത്രണമില്ലായ്മയുടെയും ദീര്‍ഘദര്‍ശിത്വമില്ലായ്മയുടെയും നിദര്‍ശനം കൂടിയാണെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. ആസൂത്രണമില്ലാതെ ചാടിപ്പുറപ്പെട്ട്  പാതി വഴിയില്‍ നിര്‍മാണം നിന്നുപോയ വീടുകളും പ്രകൃതിക്ക് യോജിക്കാത്ത നിര്‍മാണരീതികളും അനാവശ്യ ആര്‍ഭാടങ്ങളുമെല്ലാം കാണുമ്പോള്‍ വീടിന്‍െറ ഉദ്ദേശ്യമെന്തെന്ന് അറിയാതെ ചോദിച്ചുപോകും. വീട് സ്വപ്നമാണെന്ന് പറയുന്നവര്‍ യാഥാര്‍ഥ്യം തീരെ കാണാതെപോകുന്നു.ജീവിതസമ്പാദ്യം മുഴുവന്‍ വീടിനായി ചെലവാക്കുന്നവര്‍ അത് വരുമാനമായി ഒന്നു തിരിച്ചുതരുന്നില്ളെന്ന് ഓര്‍ക്കാറില്ല. വീടുകൊണ്ട് മാത്രം ജീവിക്കാനാവില്ലല്ളോ.
 
 
വേണ്ടത് ആസൂത്രണം
വീടെന്ന് പറഞ്ഞാല്‍  നിങ്ങളുടെ മോഹങ്ങളുടെ സാക്ഷാത്കാരമാണ്. ഒരു വീട്ടില്‍ ചെന്നാലറിയാം അതില്‍ താമസിക്കുന്നവരുടെ സ്വഭാവ സവിശേഷതകളും താല്പര്യങ്ങളും രീതികളുമെല്ലാം. അതിനാല്‍ വീടുപണിയുന്നതിന് വളരെ മുമ്പ് തന്നെ മനസ്സിലൊരു രൂപമുണ്ടാക്കിയെടുക്കണം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വീടുകളില്‍ നിന്നും ടെലിവിഷന്‍/വെബ്സൈറ്റ്/പ്രസിദ്ധീകരണം/പ്രദര്‍ശനം എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങളും മാതൃകകളും മനസ്സില്‍ സൂക്ഷിക്കുക. പറ്റുമെങ്കില്‍ എഴുതിയോ വരച്ചോ സൂക്ഷിക്കുക.
വീടിന്‍െറ സൗകര്യങ്ങള്‍ എങ്ങനെവേണം, എത്ര മുറികള്‍, ലിവിങ് റൂം എങ്ങനെ വേണം, ഫ്ളോറിംഗ് എങ്ങനെ, അടുക്കള ഏതു മോഡല്‍ ഇവയെല്ലാം ആദ്യം മനസ്സില്‍ രൂപപ്പെട്ടുവരട്ടെ. ഇങ്ങനെയൊരു ഗൃഹപാഠം ചെയ്തശേഷം വേണം ആര്‍കിടെക്ടിനെയോ എഞ്ചിനീയറെയോ കാണാന്‍. 
കടലാസിലെ വീട് അതുപോലെ യാഥാര്‍ഥ്യമാകുമ്പോഴേക്ക് ബജറ്റ് താളംതെറ്റുന്നതാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നം. നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റവും പണിക്കാരുടെ കൂലി വര്‍ധനവും മുതല്‍ ഒട്ടനവധി അനാവശ്യചെലവുകളും സാധനങ്ങള്‍ വെയ്സ്റ്റാകുന്നതും വരെ ഇതിന് കാരണമാകും.
വീടുപണി തീരുമ്പേഴേക്ക് ഒരുപാട് പാഠങ്ങള്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടാകും. പക്ഷേ ഈ പാഠങ്ങള്‍ മനസ്സിലാക്കി വീണ്ടും വീട് പണിയാനാവില്ലല്ളോ. അതുകൊണ്ട് കരാറുകാരനെ കണ്ടത്തെുന്നതും സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതും വാങ്ങുന്നതുമെല്ലാം വളരെ സൂക്ഷിച്ചുവേണം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ നിങ്ങള്‍ക്ക് ഒരുപിടി ലാഭമുണ്ടാക്കാം. വിലകുറഞ്ഞ സെറാമിക് ടൈല്‍ വേണ്ടിടത്ത് ഗ്രാനൈറ്റ് പാകേണ്ടതില്ലല്ളോ. സാധനങ്ങള്‍ക്ക് വില കുറയുന്ന സമയത്ത് ഒന്നിച്ച് വാങ്ങിവെക്കാം. അതേസമയം വിലകുറവാണെന്ന് കരുതി ഗുണമില്ലാത്തത് വാങ്ങിയാല്‍ ഭാവിയില്‍ അതിന്‍െറ ഇരട്ടി ചെലവാക്കേണ്ടിവരും. വാങ്ങും മുമ്പ് ഇവയെക്കുറിച്ച് എഞ്ചിനീയറോടോ ചുരുങ്ങിയത് പണിക്കാരോടെങ്കിലും അഭിപ്രായം ചോദിക്കുക.
ആസൂത്രണം എത്ര നന്നായിരിക്കുമോ അത്ര നന്നായിരിക്കും വീട്. നിങ്ങളുടെ സൗന്ദര്യബോധവും ആശയവും മനസ്സില്‍വെച്ചുകൊണ്ട് ലഭ്യമായ സ്ഥലം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാനം. ആസൂത്രണത്തിന് ചെലവഴിക്കുന്ന അല്‍പസമയം ഭാവിയില്‍ പ്രായോഗിക വിഷമതകളും ദുര്‍വ്യയവും ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. കൈവശമുള്ള പണവും പ്രധാനമാണെന്ന് മറക്കാതിരിക്കുക.
നിര്‍മാണം ഒരുദിവസം പോലും മുടങ്ങാതെ മുന്നോട്ടുനീക്കലാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇതിന് നിര്‍മാണവസ്തുക്കള്‍ ഒന്നിനുപിറകെ ഒന്നായി എത്തിക്കൊണ്ടിരിക്കണം. തറക്ക് കിള കീറല്‍ പൂര്‍ത്തിയാകുമ്പോഴേക്ക് കരിങ്കല്ല് എത്തണം. പിന്നാലെ മണലും സിമന്‍റും. തറ ജോലി അവസാനത്തിലത്തെുമ്പോള്‍ ഭിത്തിക്കുള്ള ചെങ്കല്ളോ ഇഷ്ടികയോ സൈറ്റില്‍ എത്തിയിരിക്കണം. അങ്ങനെയങ്ങനെ....... പണമുണ്ടെങ്കില്‍ നല്ളൊരു കരാറുകാരനെ ഏല്‍പിച്ചാല്‍ ഇതൊന്നും പ്രശ്നമേയല്ല. 
പണം എത്രയെങ്കിലുമുണ്ടെന്ന് കരുതി അഴിച്ചുവിട്ടപോലെ ചെലവുചെയ്താല്‍ ഏതു കോടീശ്വരനും അവസാനം ഒന്നു വിയര്‍ക്കും. നാലു ലക്ഷംകൊണ്ടും 40 ലക്ഷം കൊണ്ടും വീട് നിര്‍മിക്കാം. ചെലവിന് പരിധിയില്ളെന്നതാണ് വീടുനിര്‍മാണത്തിന്‍െറ സവിശേഷത. തുടക്കത്തില്‍ നന്നായി ശ്രദ്ധിച്ചാലേ അവസാന മിനുക്ക് പണികള്‍ വേണ്ടപോലെ ചെയ്യാനാവൂ. ഫിനിഷിംഗ് ജോലികള്‍ക്ക് ആകെചെലവിന്‍െറ 40 ശതമാനത്തോളം വരുമെന്നറിയുക. എസ്റ്റിമേറ്റില്‍ പറഞ്ഞതിനേക്കാള്‍ അല്പമധികം പണം നാം കരുതേണ്ടതുണ്ട്. 
നിര്‍മാണത്തിന്‍െറ ഓരോ ഘട്ടത്തിന്‍െറയും വിശദാംശങ്ങള്‍ എഴുതിവെക്കുന്നത് നല്ല ശീലമാണ്. ഇതിനായി പ്രത്യേക പുസ്തകം തന്നെ സൂക്ഷിക്കുക. ഉപയോഗിച്ച സാധനങ്ങളുടെ അളവും വിലയും കൂലിയും അനുഭവങ്ങളുമെല്ലാം എഴുതിവെക്കുന്നത് കണക്ക് സൂക്ഷിക്കല്‍ മാത്രമല്ല. ഭാവിയില്‍ തുറന്നുനോക്കുമ്പോള്‍ വിയര്‍പ്പിന്‍െറ ആ ദിനങ്ങളുടെ മധുരസ്മരണകളിലേക്ക് ഊളിയിടാനുമാകും. ബില്ലുകള്‍ മുഴുവന്‍ സൂക്ഷിച്ചുവെക്കുന്നതും നല്ലതാണ്. ബാങ്ക് വായ്പയെടുത്തവര്‍ക്ക് ഇത് ആവശ്യമായി വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.