മാറുന്ന വീട്

 

 
പല തരത്തിലും രൂപത്തിലും ഭാവത്തിലുമാണ് നമുക്ക് ചുറ്റും വീടുകള്‍ ഉയരുന്നത്. ഇവ ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നു.
ക്ളാസിക്കല്‍ ഡിസൈനുകളാല്‍ സമ്പന്നമാണ് പരമ്പരാഗത കേരള ആര്‍കിടെക്ച്ചര്‍. നടുമുറ്റവും കൊത്തുപണികളേറെയുള്ള വാതിലും ജനലും മേല്‍ക്കൂരയും വൃത്താകൃതിയിലുള്ള തൂണുകളുമെല്ലാമായിരുന്നു ഇതിന്‍െറ സവിശേഷത.  തേക്കിലും ഈട്ടിയിലും മഹാഗണിയിലും തീര്‍ത്ത അലങ്കാരപ്പണി നിറഞ്ഞ ഫര്‍ണിച്ചര്‍, നല്ല ഉയരത്തിലും കനത്തിലുമുള്ള വാതിലുകള്‍, പൂമുഖത്തും മട്ടുപ്പാവിലും പ്രൗഢിയോടെ തടിയില്‍ തീര്‍ത്ത ചാരുപടികള്‍, ചരിഞ്ഞ മേല്‍ക്കൂര......... ഇതെല്ലാം കേരള വാസ്തുവിദ്യയുടെ മാത്രം സവിശേഷതകളായിരുന്നു.
ഇവക്ക് ഇപ്പോഴും പൊലിമയും പുതുമയും നഷ്ടപ്പെട്ടിട്ടില്ളെന്ന് വിളിച്ചറിയിച്ചുകൊണ്ട് കേരള മോഡല്‍ ഡിസൈനിങ് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ട്രഡീഷണല്‍ അഥവാ പരമ്പരാഗതം എന്നപേരിലും ആധുനികതയുടെ ചില ഇടപെടലുകള്‍ സ്വീകരിച്ചുകൊണ്ടുമാണീ തിരിച്ചുവരവ്. ഉദാഹരണത്തിന് നടുമുറ്റം. നാലു ഭാഗത്തെ മേല്‍ക്കൂരയില്‍ നിന്നുമുള്ള മഴവെള്ളം വീടിന്‍െറ നടുവിലേക്ക് പെയ്തിറക്കുന്ന നടുമുറ്റം ഇന്ന് അതേപടിയല്ല ആധുനിക വീടുകളില്‍ കാണുക. മഴ വീട്ടിനകത്ത് പെയ്തിറങ്ങിയാല്‍ വെള്ളം തെറിച്ച് പൂപ്പലും വഴുക്കുമെല്ലാം ഉണ്ടാകുമെന്നതിനാല്‍ വെള്ളം വീഴാത്ത നടുമുറ്റങ്ങളാണിന്ന്. പേരിലുമുണ്ട് മാറ്റം-കോര്‍ട്ട്യാര്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഉരുളന്‍ കല്ലുകളും അലങ്കാര ചെടികളും നിരത്തി സ്റ്റൈലനാണ് ആധുനിക കോര്‍ട്ട്യാര്‍ഡുകള്‍. യന്ത്രസഹായത്താല്‍ സ്ഥിരമായ നീരൊഴുക്ക് ഉറപ്പാക്കുന്നു ചിലര്‍. ഗ്ളാസ് സീലിംഗ് വെക്കുന്നവരുമുണ്ട്.
 
പഴയ രീതിയിലുണ്ടായ മറ്റൊരു പ്രധാനവ്യത്യാസം കൊത്തുപണികളുടെ അതിപ്രസരം ഒഴിവായി എന്നതാണ്. മരത്തില്‍ കൊത്തിയെടുക്കുന്ന രീതിയും മാറി. ഫെറോ സിമന്‍റിലും കോണ്‍ക്രീറ്റിലും പ്ളാസ്റ്റര്‍ ഓഫ് പാരിസിലും മോള്‍ഡ് ചെയ്തെടുത്ത റെഡിമെയ്ഡ് ഡിസൈനുകള്‍ വാങ്ങി ഫിറ്റ് ചെയ്യുന്നതാണ് പുതിയ രീതി. പണവും സമയവുമെല്ലാം ലാഭം. നന്നായി പെയിന്‍റ് ചെയ്താല്‍ മരമല്ളെന്ന് ആരും പറയില്ല. പഴയകാലത്തെ കരവിരുതുകാരായ ജോലിക്കാരുടെ അഭാവവും ഈ മാറ്റത്തിന് കാരണമാണ്. 
ഓട് പോയി വാര്‍പ്പായെങ്കിലും മേല്‍ക്കൂരയുടെ ചരിവ് തിരിച്ചത്തെി. 25-30 ഡിഗ്രി ചരിഞ്ഞ മേല്‍ക്കൂര മഴ കൂടുതല്‍ ലഭിക്കുന്ന കേരളത്തിന്‍െറ തനത് മാതൃകയാണ്. ശൈത്യ രാജ്യങ്ങളില്‍ 40-45 ഡിഗ്രി കുത്തനെ ചരിച്ചാണ് മേല്‍ക്കൂര പണിയുക. മഞ്ഞു താഴോട്ടു ഊര്‍ന്നിറങ്ങാനാണ് ഈ ചരിവ്.
കേരളത്തില്‍ അടുത്ത കാലത്ത് സ്വീകാര്യത ലഭിച്ച ആര്‍കിടെക്ച്ചറല്‍, ഇന്‍റീരിയര്‍ രീതിയാണ് കണ്ടംപററി സ്റ്റൈല്‍. കളര്‍ഫുള്‍ ഡിസൈനാണ് ഇതിന്‍െറ സവിശേഷത. കൊത്തുപണികളൊന്നുമുണ്ടാകില്ല. പര്‍ഗോളയും നിഷും ടെക്സ്ച്ചറുമെല്ലാം ഇതിന്‍െറ ഭാഗമാണ്. ചരിഞ്ഞതും പരന്നതുമായ മേല്‍ക്കൂര ഒന്നിച്ചുവരും. വീടിന്‍െറ കാഴ്ചയും ഷെയിപ്പും പ്രധാനമാണ്. പ്രൊജക്ഷന്‍ കൊടുത്തും തടിയും ടൈലും കല്ലുമെല്ലാം ചില പ്രത്യേക പാറ്റേണില്‍ വിന്യസിച്ചും മുന്‍കാഴ്ച ആകര്‍ഷണീയമാക്കാം. മുടക്കുന്ന പണത്തിനനുസരിച്ച് ഭംഗികൂട്ടാം. പണം കുറവാണെങ്കില്‍ അതിനനുസരിച്ച രീതിയില്‍ വീട് മനോഹരമാക്കാന്‍ നല്ളൊരു ഡിസൈനര്‍ക്ക് കഴിയും. 
വീടിന്‍െറ അകവും ഏറെ മാറി. അടുക്കള ഒരു വാതിലിനപ്പുറത്ത് സജ്ജീകരിച്ച ഇരുണ്ട മുറിയല്ല. ഓപ്പണ്‍ കിച്ചനാണ് പുതിയ രീതി. കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ടേബിള്‍ കൂടി അടങ്ങുന്ന കിച്ചണ്‍ കം ഡൈനിങ്ങുകളാണ് ഇന്നുള്ളത്. ഇതിനെ വേര്‍തിരിക്കാന്‍ മധ്യത്തില്‍ കാബിനോ കൗണ്ടറോ വെക്കുന്നു. അടുപ്പും മറ്റും സജ്ജീകരിക്കുന്നത് വര്‍ക്ക്ഏരിയയിലാണ്. വാഷിങ് മെഷീനെല്ലാം വെക്കുന്നത് യൂട്ടിലിറ്റി മുറിയിലാണ്. 
പലര്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളും ആവശ്യങ്ങളും അഭിരുചികളുമെല്ലാമായിരിക്കും. വായനയില്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് യോജിച്ച അന്തരീക്ഷമുള്ള ഒരിടം വീട്ടില്‍ ഉണ്ടാക്കേണ്ടിവരും. ബജറ്റും പ്രധാനമാണ്. ഇവയെല്ലാം പരിഗണിച്ചാണ് ഡിസൈനര്‍ വീട് രൂപകല്‍പന ചെയ്യുക. ഇത് എളുപ്പവും കൃത്യവുമാക്കാന്‍ അദ്ദേഹവുമായി തുറന്നുസംസാരിക്കുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.