സീനിയര്‍ ഫ്രണ്ട് ലി ഹോം

വീട് പണിയുമ്പോള്‍ മാസ്റ്റര്‍ ബെഡ്റൂം കുട്ടികളുടെ മുറി, അതിഥികള്‍ക്കുള്ള മുറി എന്നിങ്ങനെ വേര്‍തിരിച്ച് ഡിസൈന്‍ ചെയ്യാറില്ളേ. വീട്ടില്‍ പ്രായമുള്ളവരുണ്ടെങ്കില്‍ അവരെ കൂടി പരിഗണിക്കുന്നതാണ് ഉചിതം. പ്രായമുള്ളവരുള്ള വീടാണെങ്കില്‍ തറയും വെളിച്ചവിതാനവും കുളിമുറിയുമെല്ലാം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. അവരുടെ സുരക്ഷ മുന്‍നിര്‍ത്തി വേണം കിടപ്പുമുറിയും കുളിമുറിയുമെല്ലാം സജീകരിക്കാന്‍. വീടിനുള്ളിലോ തൊട്ടു പുറത്തോ ആണ് പലപ്പോഴും പ്രായമായവരുടെ വീഴ്ച സംഭവിക്കുന്നത്. വെളിച്ചക്കുറവ്, ഇടുങ്ങിയ വഴി, പിടിക്കാന്‍ സംവിധാനമില്ലാത്ത ബാത്ത്റൂമുകള്‍, ഉയരം വളരെ കൂടിയതോ കുറഞ്ഞതോ ആയ ഫര്‍ണിച്ചര്‍, വലിച്ചെറിഞ്ഞ വസ്തുക്കള്‍, കാര്‍പ്പറ്റ്, നനഞ്ഞ തറ തുടങ്ങിയവയൊക്കെ വീഴ്ച സാധ്യത കൂട്ടുന്ന പരിസര ഘടകങ്ങളാണ്.
വീടുകള്‍ വയോജനസൗഹൃദമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
 

മിനുസമുള്ള ടൈലുകള്‍ പതിച്ച തറയിലും കുളിമുറിയിലും  തെന്നി വീണ് അപകടം പറ്റാനും ശരിയായി വെളിച്ചം കിട്ടാത്ത ഭാഗത്ത് പെരുമാറാന്‍  ബുദ്ധിമുട്ടുണ്ടാകാനും സാധ്യത ഏറെയാണ്.  ടോയ്ലറ്റില്‍ ഇരിക്കാനും എഴുന്നേല്‍ക്കാനും ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അക്കാര്യങ്ങളിലും ശ്രദ്ധ വേണം. ഉയരം കുറഞ്ഞ കട്ടില്‍, മരുന്നും കണ്ണടയും വാക്കിങ് സ്റ്റിക്കും പെട്ടന്ന് എടുക്കാന്‍ കഴിയുന്ന രീതിയില്‍ വെക്കാന്‍ കഴിയുന്ന രീതിയിലുള്ള സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍ വെക്കാന്‍ കൈയത്തെുന്നതും എന്നാല്‍ അധികം കുനിയേണ്ടി വരികയും ചെയ്യേണ്ടാത്ത രീതിയില്‍ സജീകരിച്ച കബോര്‍ഡുകള്‍ എന്നിവ പ്രത്യേകമായി ഒരുക്കുന്നതാണ് ഉചിതം.

മിനുസമുള്ള തറ: പോളിഷ് ചെയ്ത ഗ്രാനൈറ്റും മാര്‍ബിളും മിനുസമുള്ള ടൈലുകളും പാകിയ തറ കാണാന്‍ നല്ല ചേലു തന്നെ. എന്നാല്‍ വീട്ടില്‍ മുതിര്‍ന്നവരുണ്ടെങ്കില്‍ മിനുസമേറിയ തറയില്‍ തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും വാക്കറോ സ്റ്റിക്കോ ഉപയോഗിച്ചു നടക്കുന്നവര്‍. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ തറ പോളിഷ് ചെയ്യുന്നത് ഒഴിവാക്കാം. പരുക്കന്‍ ശൈലിയിലുള്ള ടൈലുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നടക്കുമ്പോള്‍ മിനുസമുള്ള സോക്സുകള്‍ ധരിക്കരുതെന്നും നിര്‍ദേശിക്കണം.

വെളിച്ചം:

മുറിക്കുള്ളില്‍ മാത്രമല്ല, വീട്ടില്‍ എല്ലായിടത്തും നന്നായി വെളിച്ചം ലഭിക്കുന്ന രീതിയിലാകണം ലൈറ്റിങ്. വാതില്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ നിഴല്‍ വീണ് ഒരു ഭാഗം വ്യക്തമല്ലാത്ത രീതിയിലുള്ള വെളിച്ചവിതാനം പാടില്ല. ലാന്‍ഡിങ്ങുകള്‍, സ്റ്റയര്‍  എന്നിവടങ്ങളിലും കാഴ്ച വ്യക്തമാകുന്ന രീതിയിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കണം.  കുളിമുറിയിലും ലൈറ്റ് നല്‍കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

ഫര്‍ണിച്ചര്‍: കൈകളും ഹെഡ്റെസ്റ്റുമുള്ള കസേരകളാണ് മുതിര്‍ന്നവര്‍ക്ക് ഇരിക്കാന്‍ നല്ലത്. ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് കംഫര്‍ട്ടബിളായി ഇരിക്കാന്‍ കഴിയുന്ന ഉയരത്തിലുള്ള കസേര സജീകരിക്കുക. ബെഡ് റൂമില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ ബെഡിനോട് ചേര്‍ന്നിടാവുന്ന മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറാകും നല്ലത്. അഗ്രഭാഗങ്ങള്‍ കൂര്‍ത്തുനില്‍ക്കുന്ന തരത്തിലുള്ള ഫര്‍ണിച്ചര്‍ ഒഴിവാക്കാം. നടക്കുന്ന വഴിയില്‍ ഫര്‍ണിച്ചര്‍ ഇടരുത്. ബെഡിങ്ങ് ചെയ്യുമ്പോള്‍ ഉയരം ശ്രദ്ധിക്കണം. കട്ടിലില്‍ ചാരിയിരിക്കാന്‍ അപ്പ്ഹോള്‍സ്റ്ററി ഉള്ളത് നല്ലതാണ്. കട്ടിലിനു താഴെ റഗ്ഗ്/കാര്‍പെറ്റ് ഇടാം.

ഫിറ്റിങ്സ്: മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന മുറിയുടെ വാതിലിനും ജനലിനുമെല്ലാം എളുപ്പത്തില്‍ തുറക്കാനും അടക്കാനും കഴിയുന്ന തരത്തിലുള്ള പിടികള്‍ വെക്കുന്നതാണ് നല്ലത്. കബോര്‍ഡുകളുടെ ഷെല്‍ഡുകളും എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന രീതിയിലുള്ളവയാകണം. സ്വിച്ചുകള്‍ അല്‍പം കൂടി വലുപ്പമുള്ളതും പെട്ടന്ന് ഇടാന്‍ കഴിയുന്നതുമാകണം.

സ്റ്റയര്‍: പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അപകടംപറ്റാവുന്ന ഏരിയയാണ്  സ്റ്റയര്‍ കേസ്. സ്റ്റെയറിന്‍റെ ഇരുവശത്തും ഹാന്‍ഡ്റെയില്‍ വെക്കുന്നതാണ് ഉത്തമം. സ്റ്റെയര്‍ കേസില്‍ നൈറ്റ് ലാംബുകള്‍ സജീകരിക്കണം.  ലാന്‍ഡിങ്ങുകളിലും ഇടനാഴികളിലും വേണ്ടത്ര വെളിച്ചം ഉറപ്പുവരുത്തുക.

ബാത്ത്റൂം:

സദാ ഈര്‍പ്പമുള്ള ഏരിയയായതിനാല്‍ ബാത്ത്റൂമില്‍ വീഴ്ചക്കുള്ള സാധ്യത ഏറെയാണ്. പ്രായമായവര്‍ ഉപയോഗിക്കുന്ന ബാത്ത് റൂമിലും ടോയ് ലറ്റിലും പ്രത്യേക സജീകരണങ്ങള്‍ വേണം. ബാത്ത്റൂമില്‍ പരുക്കനായ ടൈലുകള്‍ ഉപയോഗിക്കാം. നല്ല രീതിയില്‍ ലൈറ്റിങ് ചെയ്യണം.

ടോയ്ലറ്റില്‍ ഇരിക്കലും എഴുന്നേല്‍ക്കലും പ്രായമായവര്‍ക്ക് പ്രയാസമാണ്. പലര്‍ക്കും ഇത്തരം സാഹചര്യത്തില്‍ മറ്റുള്ളവരുടെ സഹായം തേടാന്‍ മടിയുണ്ട്. അങ്ങനെ വരുമ്പോള്‍ ബാത്ത്റൂമില്‍ വീഴാന്‍ സാധ്യത കൂടും. ഇതിന് പരിഹാരമാണ് ടോയ് ലറ്റ് ഗ്രബ് ബാര്‍. ടോയ് ലറ്റിന്‍െറ ഇടത് വശത്ത് അല്‍പം ഉയരത്തില്‍ ഭിത്തിയില്‍ ഇത്തരം ഒരു ബാര്‍ പിടിപ്പിച്ചാല്‍ അതില്‍ പിടിച്ച് ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യാനാവും.  ആവശ്യമെങ്കില്‍ ടോയ് ലറ്റിന്‍െറ രണ്ട് വശത്തും  ഭിത്തിയില്‍ ഗ്രബ്  ബാറുകള്‍ സ്ഥാപിക്കാനാവും. ആവശ്യം കഴിഞ്ഞാല്‍ ഭിത്തിയോട് ചേര്‍ത്ത് മടക്കിവെക്കാവുന്നതരം ബാറും ലഭ്യമാണ്. കുളിക്കാന്‍ സജീകരിച്ച ഇരിപ്പിടത്തിനരികിലും ഗ്രബ് ബാറുകള്‍ വെക്കാം. ഇരിപ്പിടത്തിനരികില്‍ തന്നെ ഹാന്‍ഡ്ഷവര്‍ പിടിപ്പിക്കണം.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.