മഹേഷ് ബാബുവും നമ്രത ഷിരോദ്കറും
തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബുവും മുൻ നടിയും മോഡലുമായ നമ്രത ഷിരോദ്കറും വിവാഹിതരായിട്ടിപ്പോൾ ഇരുപത് വർഷം പിന്നിടുന്നു. ഇരുവരും മക്കളോടൊത്ത് ഹൈദരാബാദിലാണ്. ആരാധകർക്കിടയിൽ പ്രിൻസ് എന്നറിയപ്പെടുന്ന മഹേഷ് ബാബു ജ്യൂബിലി ഹിൽസിലെ തന്‍റെ ബംഗ്ലാവിലാണ് താമസം.
പൂക്കൾകൊണ്ട് അലങ്കരിച്ച ഇന്‍റീരിയർ ആണ് വീടിന്‍റെ പ്രത്യേകത. വീടിന്റെ പ്രവേശന കവാടം കല്ലുകൊണ്ടുള്ള ടൈലുകളും പച്ചപ്പും കൊണ്ട് അലങ്കരിച്ച രീതിയിലാണ്. ഘട്ടമനേനി എന്നെഴുതിയ നെയിംപ്ലേറ്റിൽ ആകർഷകമായ ഗോൾഡൻ ടച്ചുണ്ട്. ഈ ഒരു ഗോൾഡൻ തീം വീടിന് മൊത്തമായി ഉണ്ട്. ലൈറ്റിങ് ഫർണിച്ചറുകൾ മുതൽ ഗ്ലാസ് വേസുകൾ, അലങ്കാര കട്ടിലുകൾ, ബുദ്ധൻ തുടങ്ങി ചെറിയ ഡെക്കോർ സാധനങ്ങൾക്ക് വരെ ഈ സ്വർണ്ണനിറ തിളക്കമുണ്ട്. മറ്റൊരു ഗോൾഡൻ ഫ്രെയ്മിൽ മക്കളോടെത്തുള്ള മഹേഷ് ബാബുവിന്‍റെ കുടുംബ ചിത്രവും കാണാം.
മഹേഷിന്‍റെ ഫ്ലോറിസ്റ്റാണ് വീടിന്‍റെ ഇന്‍റീരിയർ ചിത്രങ്ങളിൽ ചിലത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്വർണ്ണ ഫ്രെയിമിൽ വരുന്ന വലിയ കണ്ണാടി ലിവിങ് റൂമിന് മനോഹരമായ ഒരു ആകർഷണീയത വരുത്തുന്നു. മരം കൊണ്ട് ഫ്രെയിം ചെയ്ത പെയിന്റിങ്ങുകൾ, പ്രിന്റ് ചെയ്ത പരവതാനികൾ, ക്രീം ഗ്രേ നിറങ്ങളിലുള്ള കൂറ്റൻ സോഫകൾ എന്നിവയാണ് ലിവിങ് സ്പേസിലെ മറ്റ് പ്രത്യേകതകൾ. മറ്റൊരു സിറ്റിങ് സ്പേസിൽ വെള്ള ചുവരുകൾക്ക് അനുയോജ്യമായ രീതിയിൽ കറുപ്പ് സോഫകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെയും ഒരു പെയിന്‍റിങ് നൽകിയിട്ടുണ്ട്. ഈ വീടിന്‍റെ ഇന്‍റീരിയറിലെ മറ്റൊരു പ്രത്യേകത എന്തെന്ന് വെച്ചാൽ ഒരു വിന്‍റേജ് ട്രക്ക് കോർണർ ടേബിൾ ആക്കിമാറ്റി വീടിന് ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട് എന്നതാണ്. ചാരനിറത്തിലുള്ള അപ്ഹോൾസ്റ്ററിയിൽ പുല്ലിന് മുകളിലായി കോഫി ടേബിൾ സ്ഥാപിച്ചുകൊണ്ടുള്ള ഒരു ഔട്ട്ഡോർ ലിവിങ് സ്പേസും ഈ വീട്ടിലുണ്ട്.
2024ൽ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഗുണ്ടൂർ കാരത്തിലാണ് മഹേഷ് അവസാനമായി അഭിനയിച്ചത്. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും സഹതാരങ്ങളായി അഭിനയിക്കുന്ന എസ്.എസ്. രാജമൗലി ചിത്രമായ വാരണാസിയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോൾ. 2027ലെ സംക്രാന്തിക്ക് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.