സാധാരണയായി കാണുന്ന ആഡംബര നിർമിതികളിൽ നിന്ന് വ്യത്യസ്തമായി 98 ശതമാനം മണ്ണുപയോഗിച്ചുള്ള അഞ്ച് ഗോപുര വീടുകൾ നിർമിച്ച് വേറിട്ട് നിൽക്കുന്ന വിനോദ കേന്ദ്രമാണ് ‘ഇടിക’. ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർ പ്രിയം സരസ്വത് പങ്കുവെച്ച വീഡിയോയിലാണ് ഈ കൗതുക നിർമിതി പരിചയപ്പെടുത്തിയത്.
ഹൈദരാബാദിലെ മൊയ്‌നാബാദിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സൗഹൃദമായ ഈ റിസോർട്ട് നഗരവാസികൾക്ക് വേറിട്ടൊരു അനുഭവമാണ് ഒരുക്കുന്നത്. ഇഷ്ടികകൾക്കും സിമന്റിനും പകരം ഗോപുരാകൃതിയിലുള്ള ഈ വീട് എർത്ത് ബാഗുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മണ്ണും മറ്റ് ലഭ്യമായ വസ്തുക്കളും നിറച്ച ബാഗുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതിയാണ് എർത്ത് ബാഗ്.
കാലങ്ങളായി മിലിട്ടറി ബങ്കറുകളും പ്രളയ പ്രതിരോധത്തിനായി താൽക്കാലിക തടയണകളും നിർമിക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയുടെ പരിഷ്കരിച്ച രൂപമാണിത്. ഇത് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഒരു സാങ്കേതികവിദ്യയാണ്. കൂടുതലും നിർമാണസ്ഥലത്തുനിന്നുതന്നെ ലഭിക്കുന്ന മണ്ണാണ് ഇതിന് ഉപയോഗിക്കുന്നത്.
ഭൂപ്രകൃതിയിൽ സുഗമമായി ഇണങ്ങുന്ന ജൈവ രൂപത്തിലുള്ള റിസോർട്ട് നിർമിച്ചിരിക്കുന്നത് ഒരു ആർക്കിടെക്ടും സിവിൽ എഞ്ചിനീയറും ചേർന്നാണ്. ഇടികയുടെ ഓരോ ഘടകങ്ങളും പ്രകൃതിയിൽ വേരൂന്നിയാണ് നിർമിച്ചത്. പ്രകൃതിദത്ത ഘടകങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അഗ്നി, വായു, അന്തര, വന, നീല തുടങ്ങി ഓരോ താഴികക്കുടത്തിനും വ്യത്യസ്ത പേരുകൾ നൽകിയിട്ടുണ്ട്.
ഹൃദയഭാഗത്തായി ഒരു വലിയ കുളത്തിന് ചുറ്റുമുള്ള മനോഹരമായ ഗോപുരങ്ങൾ വേറിട്ട ദൃശ്യാനുഭൂതിയാണ് നൽകുന്നത്. ചുറ്റും പച്ചപ്പുനിറഞ്ഞതിനാൽ ഡോമിനകത്ത് വർഷം മുഴുവനും സുഖകരമായ താപനില അനുഭവിക്കാൻ കഴിയും.
ഇതുവരെ 3.2 ദശലക്ഷം വ്യൂസ് നേടിയ ഈ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. ഉടമയുടെ പരിസ്ഥിതി സൗഹൃദ നിലപാടിനെയും വേറിട്ട രൂപകൽപനയെയും അഭിനന്ദിച്ച് നിരവധി പേരാണ് വിഡിയോക്ക് കമന്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.