ഋഷഭ് ഷെട്ടിയുടെ ഉഡുപ്പിയിലെ 12 കോടിയുടെ കാന്താര ടച്ചുള്ള വീട്

കാന്താര ചാപ്റ്റർ1 തിയറ്ററുകളിൽ ബോക്സോഫീസ് ഹിറ്റായികൊണ്ടിരിക്കുമ്പോൾ നടനും സിനിമാ നിർമാതാവുമായ ഋഷഭ് ഷെട്ടിയുടെ കർണാടകയിലെ വീടും ചർച്ചകളിലിടം പിടിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 12 കോടിയാണ് ഉഡുപ്പിയിൽ സ്ഥിതി ചെയ്യുന്ന ഋഷഭിന്‍റെ വീടിന്‍റെ മൂല്യം.

നടന്‍റെ മുത്തശ്ശന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കൊട്ടാര സമാനമായ വീട് നിർമിച്ചിട്ടുള്ളത്. പിച്ചള പതിച്ച ബർമ തേക്ക് കൊണ്ടാണ് വീടിന്‍റെ വാതിലുകൾ നിർമിച്ചിട്ടുള്ളത്. വീടിനുള്ളിൽ 300 കിലോയുടെ ഗ്രാനൈറ്റ് കൊണ്ടുള്ള തുളസിത്തറയും ആകർഷകമായ കോണുകളോടു കൂടിയ വായു സഞ്ചാരമുള്ള ആട്രിയവും ഒരുക്കിയിട്ടുണ്ട്.

യക്ഷ ഗാനത്തിന്‍റെ ശിരോവസ്ത്രം, യുവരാജ് സിങ് ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്, കാന്താര സിനിമയിൽ അദ്ദേഹം ഉപയോഗിച്ച റൈഫിൾ തുടങ്ങിയവയാണ് ഷെൽഫിൽ ഉള്ളത്. വീടിനുള്ളിൽ ഒരു കോണിന് പ്രത്യേക സവിശേഷതയുണ്ട്. അവിടെ സ്ഥാപിച്ചിട്ടുള്ള കറുത്ത കല്ലിൽ 7 സെക്കന്‍റ് നിന്നാൽ കാന്താരയിലെ ഭൂത കോല മന്ത്രം കേൾക്കാൻ തുടങ്ങും.

സിനിമ കാണാൻ സ്വകാര്യ റൂം

ചാരിയിരിക്കാവുന്ന ഇറ്റാലിയൻ ലെതർ കൊണ്ടുള്ള ഇരിപ്പിടവും 150 ഇഞ്ചുള്ള സ്ക്രീനും അടങ്ങുന്നതാണ് സ്വകാര്യ സ്ക്രീനിങ് റൂം. മംഗളൂരിയൻ ടൈലുകൾ മുറിയിലുടനീളം ചുവപ്പ് നിറം നൽകുന്നു. ഡോൾബി അഡ്മോസ്ഫിയറാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. സെലെയാരയ എന്ന് വിളിപ്പേരുള്ള പ്രൊജക്ടർ മികച്ച തിയറ്റർ അനുഭവം നൽകുന്നു.

മറ്റ് സവിശേഷതകൾ

തിളങ്ങുന്ന കറുത്ത കല്ല് കൊണ്ടാണ് അടുക്കള നിർമിച്ചിരിക്കുന്നത്. വീട്ടിൽ നിർമിക്കുന്ന വെളിച്ചെണ്ണ കൊണ്ടാണ് ഇത് തുടച്ച് വൃത്തിയാക്കുന്നത്. നാടോടിക്കഥകൾ മുതൽ സ്റ്റീഫൻ കിങിന്‍റെ ത്രില്ലറുകളടങ്ങുന്ന 1200 ഓളം ബുക്കുകളുടെ ശേഖരമുണ്ട് ഷെൽഫിൽ. സുരക്ഷക്കായി ഫേഷ്യൽ റികഗ്നിഷൻ കാമറയും യക്ഷ എന്ന് കോസ്റ്റൽ പൊലീസിൽ നിന്ന് വിരമിച്ച നായയും ഉണ്ട്.

വീടിനുള്ളിൽ പ്രവേശിക്കുന്നതിനു മുമ്പ് സന്ദർശകർ പിച്ചള കൊണ്ട് നിർമിച്ച വാതിലിൽ ഫോൺ നിക്ഷേപിക്കണം. ഏറ്റവും രസകരമായ കാര്യം വൈഫൈ പാസ് വേഡ് ഓരോ മാസവും മാറും എന്നതാണ്, അത് കാന്താരയുടെ ഡയലോഗ് ഉപയോഗിച്ച്. മഴക്കാലത്ത് ചോർച്ച ഒഴിവാക്കുന്നതിന് മേൽക്കൂരയിലെ ഓടിൽ പോലും പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. കാന്താര പോലെ തന്നെ അത്ഭുതമാണ് ഋഷഭിന്‍റെ കാന്താര വീടും.

Tags:    
News Summary - Rishabh Shetty's 12 crore Kanthara-style house in Udupi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.