മംഗലാപുരത്ത് കെ.എഫ്.സിയിൽ നിന്ന് ലഭിച്ചത് ചീഞ്ഞ മാംസം; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കർശന പരിശോധനയിൽ കർണാടകയിലെ പ്രമുഖ ഹോട്ടലുകളും ഭക്ഷണശാലകളും കുരുക്കിൽ. ഉപഭോക്താക്കളുടെ പരാതിയെത്തുടർന്ന് മംഗലാപുരത്തെ കെ.എഫ്.സി ഔട്ട്‌ലെറ്റിലും അധികൃതർ മിന്നൽ പരിശോധന നടത്തി. ഇതിനു പുറമെ മൈസൂരുവിലെ പ്രശസ്തമായ മൂന്ന് സ്റ്റാർ ഹോട്ടലുകളിൽ നിന്നും ചീഞ്ഞതും പഴകിയതുമായ മാംസം പിടിച്ചെടുത്ത സംഭവവും വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്.

ഓൺലൈനായി ഓർഡർ ചെയ്ത് വാങ്ങിയ ചിക്കൻ ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമാണെന്ന് ഉപഭോക്താവ് പരാതി നൽകിയതിനെത്തുടർന്നാണ് മംഗലാപുരം സിറ്റി സെന്റർ മാളിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ കടയുടെ അടുക്കളയും ഗോഡൗണും അടക്കം പരിശോധിക്കുകയും ചിക്കൻ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്കായി അയക്കുകയും ചെയ്തു. പരിശോധനാ ഫലം വരുന്ന മുറക്ക് സ്ഥാപനത്തിനെതിരെ ശക്തമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മംഗലാപുരത്തിന് പുറമെ മൈസൂരുവിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന നടന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ വലിയ അളവിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. റിയോ മെറിഡിയൻ ഹോട്ടലിൽ നിന്ന് ഒൻപത് കിലോഗ്രാം പഴകിയ ചിക്കനും, ഗ്രാൻഡ് മെർക്യൂർ ഹോട്ടലിൽ നിന്ന് 68 കിലോഗ്രാം മാംസവും, ക്യു സ്റ്റാർ ഹോട്ടലിൽ നിന്ന് നാല് കിലോഗ്രാം കൂൺ (മഷ്‌റൂം) എന്നിവയുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഗുരുതരമായ വീഴ്ചകൾക്കെതിരെ കർണാടക സർക്കാർ ഇപ്പോൾ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അടുത്തിടെ ബെംഗളൂരുവിലെ പ്രമുഖ ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ സെപ്തോയുടെ ഗോഡൗണിലും ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മോശമായ രീതിയിലുള്ള ഭക്ഷണ സംഭരണവും ലേബലിംഗിലെ ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടർന്ന് ആ ഗോഡൗൺ സീൽ ചെയ്തിരുന്നു. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും അടുത്തിടെ നടത്തിയ പരിശോധനകളിൽ പഴകിയ മീനും മാംസവും പച്ചക്കറികളിലെ പൂപ്പലുമെല്ലാം കണ്ടെത്തുകയുണ്ടായി.

Tags:    
News Summary - Rotten meat found at KFC in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-14 07:32 GMT