പത്ത് ദിവസം കഴിക്കാൻ 189 വിഭവങ്ങൾ; ആർട്ടെമിസ്-2 യാത്രികരുടെ മെനു പുറത്തുവിട്ട് നാസ
അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. ജീവിതത്തെ സമർപ്പിച്ചുള്ള യാത്രയിൽ ബഹിരാകാശ യാത്രികർ എന്ത് ഭക്ഷണം കഴിക്കുകയെന്ന സംശയം നമ്മിൽ പലരും സ്വയം ചോദിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ആർട്ടെമിസ് 2 പേടകത്തിലെ യാത്രികരുടെ ഭക്ഷണ മെനുവാണ് ഇപ്പോൾ സമൂഹമാധ്യമലോകത്തെ ചർച്ച. ദൗത്യത്തിലെ നാല് അംഗങ്ങൾക്ക് 10 ദിവസത്തെ യാത്രയിൽ കഴിക്കാനായി 189 വൈവിധ്യമാർന്ന വിഭവങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ബഹിരാകാശത്തെ പരിമിതമായ സാഹചര്യങ്ങളിലും രുചികരമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെനു തയാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിന്റെ ഭാരം, വ്യാപ്തി, പേടകത്തിനുള്ളിലെ ഊർജ ഉപയോഗം എന്നിവ കൃത്യമായി കണക്കാക്കിയാണ് ഈ മെനു നാസ തയാറാക്കിയിരിക്കുന്നത്.
പ്രധാന ഭക്ഷണ ഇനങ്ങൾ
- ഫ്രീസ് ഡ്രൈഡ് ഭക്ഷണങ്ങൾ: പേടകത്തിലുള്ള വെള്ളം ഉപയോഗിച്ച് പുനർജലീകരണം നടത്തി കഴിക്കാവുന്ന ഭക്ഷണങ്ങളാണിവ.
- തെർമോസ്റ്റെബിലൈസ്ഡ് ഭക്ഷണങ്ങൾ : ദീർഘകാലം കേടുകൂടാതെ ഇരിക്കാനായി പ്രത്യേക താപപ്രക്രിയയിലൂടെ സംസ്കരിച്ചവ.
- റെഡി ടു ഈറ്റ് : പാക്കറ്റ് തുറന്നാലുടൻ നേരിട്ട് കഴിക്കാവുന്ന ലഘുഭക്ഷണങ്ങൾ.
മെനുവിലെ പ്രധാന വിഭവങ്ങൾ
സാധാരണ ബ്രെഡിന് പകരം 58 ടോർട്ടിയകളാണ് കരുതിയിരിക്കുന്നത്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ സാധാരണ ബ്രെഡ് പൊടിഞ്ഞ് പാറി നടക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ടോർട്ടിയകളാണ് കൂടുതൽ സുരക്ഷിതമെന്ന് നാസ പറയുന്നു. ബഹിരാകാശ സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി എല്ലാവരുടെയും ഇഷ്ടപലഹാരങ്ങളായ ചോക്ലേറ്റ്, കേക്ക്, കുക്കീസ്, പുഡിങ് എന്നിവയും മെനുവിലുണ്ടെന്നതാണ് അതിശയകരം. സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഉൾപ്പെടെ പോഷകസമൃദ്ധമായ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്
- ടോർട്ടിയ
- ഗോതമ്പ് ഫ്ലാറ്റ് ബ്രെഡ്
- വെജിറ്റബിൾ കിഷ്
- ബ്രേക്ക്ഫാസ്റ്റ് സോസേജ്
- കസ്കസ് (അണ്ടിപ്പരിപ്പുകൾ ചേർത്തത്)
- മാമ്പഴ സാലഡ്, ബ്ലൂബെറി ഗ്രാനോള
- അണ്ടിപ്പരിപ്പുകൾ (ബദാം, കശുവണ്ടി)
- ബാർബിക്യൂ ബീഫ് ബ്രിസ്‌ക്കറ്റ്
- മക്രോണി ആൻഡ് ചീസ്
- പച്ചക്കറി വിഭവങ്ങൾ (ബ്രൊക്കോളി ഓ ഗ്രാറ്റിൻ, എരിവുള്ള ഗ്രീൻ ബീൻസ്, ബട്ടർനട്ട് സ്ക്വാഷ്, കോളിഫ്ലവർ)
- ട്രോപ്പിക്കൽ ഫ്രൂട്ട് സാലഡ്
ടോർട്ടിയ
- പാനീയങ്ങളുടെ ഇനത്തിൽ വൈവിധ്യമാർന്ന ഇനങ്ങളാണുള്ളത്. ബഹിരാകാശ സഞ്ചാരികളുടെ ശാരീരികക്ഷമത നിലനിർത്തുന്നതിനും അവർക്ക് മാനസികോല്ലാസം നൽകുന്നതിനുമായി പത്തിലധികം തരം പാനീയങ്ങളാണ് നാസ കരുതിയിരിക്കുന്നത്. കോഫി, ഗ്രീൻ ടീ, മാംഗോ-പീച്ച് സ്മൂത്തി, ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്കുകൾ (ചോക്ലേറ്റ്, വനില, സ്ട്രോബെറി രുചികളോടുകൂടിയവ), നാരങ്ങാവെള്ളം, ആപ്പിൾ സൈഡർ, പൈനാപ്പിൾ ഡ്രിങ്ക്, കൊക്കോ എന്നിവയാണ് ആ രുചിയൂറും പാനീയങ്ങൾ.
രുചികൂട്ടാൻ വൈവിധ്യമാർന്ന സോസുകൾ
ബഹിരാകാശത്തെ പ്രത്യേക സാഹചര്യങ്ങളിൽ സഞ്ചാരികൾക്ക് ഗന്ധവും രുചിയും തിരിച്ചറിയാനുള്ള ശേഷിയിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാനും ഭക്ഷണത്തിന് കൂടുതൽ രുചി നൽകാനുമായി വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങളും സോസുകളും നാസ ഉൾപ്പെടുത്തിയിട്ടുണ്ട്:
- ഹോട്ട് സോസുകൾ
- മേപ്പിൾ സിറപ്പ്, ചോക്ലേറ്റ് സ്പ്രെഡ്, സ്ട്രോബെറി ജാം, തേൻ
- പീനട്ട് ബട്ടർ, ആൽമണ്ട് ബട്ടർ.
- എരിവുള്ള മസ്റ്റാർഡ്, കറുവപ്പട്ട
യാത്രയ്ക്ക് മുമ്പായി ഓരോ ബഹിരാകാശ സഞ്ചാരിയും ഓരോ വിഭവങ്ങളും രുചിച്ചു നോക്കി തങ്ങൾക്ക് പ്രിയപ്പെട്ടവ തിരഞ്ഞെടുത്തിട്ടുണ്ട്. കടുത്ത പോഷകാഹാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവസരം ലഭിച്ചു എന്നത് ഈ മെനുവിന്റെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.