വേനൽ കനക്കുന്നു; ഭക്ഷണവും വെള്ളവും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ എല്ലാ കടക്കാരും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്‍റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാര സാധനങ്ങള്‍ പെട്ടന്ന് കേടുവരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.

നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലതാണ്. കടകള്‍, പാതയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.

വ്യാപാരികള്‍ക്കുള്ള നിര്‍ദേശം

  • കാലാവധി കഴിഞ്ഞ പാല്‍ ഉപയോഗിക്കരുത്.
  • ജ്യൂസ് ഉണ്ടാക്കാനുള്ള വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.
  • കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം
  • നാരങ്ങ പിഴിയാന്‍ ഉപയോഗിക്കുന്ന ഉപകരണം, മറ്റ് പാത്രങ്ങള്‍, കത്തി, കട്ടിങ് ബോര്‍ഡ് എന്നിവ അണുവിമുക്തമാക്കണം.
  • അംഗീകൃത ഫാക്ടറികളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ.
  • വ്യക്തിശുചിത്വം പാലിക്കണം.

അംഗീകൃതമല്ലാത്തതും വ്യാജവുമായ ഭക്ഷണം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍ അറിയിച്ചു. 

Tags:    
News Summary - Summer is coming Food safety departments precautions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.