ചായയോ കാപ്പിയോ ശീലമാക്കിയവരുടെ ശ്രദ്ധക്ക്. അത് എത്ര, എപ്പോൾ, എങ്ങനെ കുടിക്കണമെന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഉപയോഗം കുറക്കണോ, ഭക്ഷണത്തിന് മുമ്പും ശേഷവും പാടില്ലേ, പാലൊഴിച്ചോ അല്ലാതെയോ നല്ലത്... ഇങ്ങനെയുള്ള സംശയങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
ഐ.സി.എം.ആർ പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം, ഒരുദിവസം 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കാൻ പാടില്ലെന്നാണ്. 150 മില്ലിലിറ്റർ ചായയിൽ 30 മുതൽ 65 മില്ലിഗ്രാംവരെ കഫീൻ അടങ്ങിയിട്ടുണ്ട്. ഇതേ അളവ് കാപ്പിയിൽ 80-120 മില്ലിഗ്രാം കഫീൻ ഉണ്ടാകും.
ഇതനുസരിച്ച് ഓരോ ദിവസവും ചായ കുടിക്കുന്നതിന്റെ അളവ് ക്രമപ്പെടുത്താവുന്നതാണ്. കഫീൻ കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് പുറമെ, ചായയോടുള്ള ആസക്തി വർധിപ്പിച്ച് അതൊരു ലഹരിയായി മാറാനിടയാക്കും. അതുകൊണ്ട് അമിതമായി ചായ/കാപ്പി കുടിക്കുന്നവർ ജാഗ്രതൈ.
ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് ഐ.സി.എം.ആർ നിർദേശം. ഇല്ലെങ്കിൽ, ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും.
അതായത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഇരുമ്പിന്റെ അളവിനെ ആഗിരണം ചെയ്യുന്നത് തടയാൻ ടാനിന് കഴിയും. ഇങ്ങനെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയാനും അതുവഴി കോശങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും അനീമിയപോലുള്ള അവസ്ഥകൾക്കും കാരണമാകുകയും ചെയ്യും.
മിക്കവരും പാലും പഞ്ചസാരയും കടുപ്പവും ഒത്തുചേർന്ന ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ പാലില്ലാതെ എന്തു ചായ എന്നാണ് നിങ്ങളുടെ വിചാരമെങ്കിൽ, അത് അത്ര നല്ലതല്ലെന്ന് ഐ.സി.എം.ആറിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാൽ ചേർക്കാത്ത ചായ രക്തചംക്രമണം വർധിപ്പിക്കുകയും വയറിലെ അർബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.
..............................................................
സാംക്രമികേതര രോഗങ്ങളെയും ജീവിതശൈലീ രോഗങ്ങളെയുമൊക്കെ പ്രതിരോധിക്കാൻ ഭക്ഷണരീതിയിലും ജീവിതശൈലിയിലും വരുത്തേണ്ട പ്രധാന മാറ്റങ്ങളെക്കുറിച്ചും ഐ.സി.എം.ആർ മാർഗനിർദേശങ്ങളിൽ പറയുണ്ട്. ഉപ്പും മധുരവും കൊഴുപ്പും കുറക്കുക, പോഷകസമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക, പ്രോട്ടീൻ പൗഡർ ഉപയോഗം ഒഴിവാക്കുക തുടങ്ങി 17 കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.