പാക്കറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർധിച്ചതോടെ നമ്മൾ പണം നൽകി വാങ്ങുന്ന സാധനങ്ങൾ ശരിക്കും ഗുണനിലവാരമുള്ളതാണോ എന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. അടുക്കളയിലെ ചേരുവകളിൽ മായം കലർത്തുന്നത് പുതിയ കാര്യമല്ലെങ്കിലും, പൊടി രൂപത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങളും മറ്റ് പാക്കേജുചെയ്ത ഉൽപ്പന്നങ്ങളും വന്നതോടെ മായം കലർത്താനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.
മഞ്ഞൾപ്പൊടി ടെസ്റ്റ്
മിക്കവാറും എല്ലാ ഇന്ത്യൻ വീടുകളിലും കാണുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. മഞ്ഞൾപ്പൊടിയിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അല്പം മഞ്ഞൾപ്പൊടി ചേർക്കുക. മഞ്ഞൾപ്പൊടി ഇട്ട ഉടൻ തന്നെ വെള്ളം കടുംനിറമായി മാറുന്നുണ്ടെങ്കിൽ, അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. ശുദ്ധമായ മഞ്ഞൾപ്പൊടി പെട്ടെന്ന് നിറം നൽകില്ല, വെള്ളം തെളിഞ്ഞു തന്നെ ഇരിക്കുകയും മഞ്ഞൾപ്പൊടി അടിയിലേക്ക് അടിയുകയും ചെയ്യും.
മുളകുപൊടി ടെസ്റ്റ്
മുളകുപൊടിയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അല്പം മുളകുപൊടി ചേർക്കുക. പൊടി സാവധാനം താഴേക്ക് അടിയുകയാണെങ്കിൽ, അത് ശുദ്ധമായ മുളകുപൊടി ആയിരിക്കും. എന്നാൽ, വെള്ളത്തിൽ വേഗത്തിൽ ചുവപ്പ് നിറം പടരുകയാണെങ്കിൽ, അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.
പാൽ ടെസ്റ്റ്
പാലിൽ വെള്ളം ചേർത്ത് മായം കലർത്തുന്നത് സാധാരണമാണ്. ഒരു മിനുസമുള്ള ചരിയുന്ന പ്രതലത്തിൽ ഒരു തുള്ളി പാൽ വെക്കുക. ശുദ്ധമായ പാലാണെങ്കിൽ അത് സാവധാനം താഴേക്ക് ഒഴുകുകയും പിന്നിൽ ഒരു വെള്ളപ്പാട് അവശേഷിപ്പിക്കുകയും ചെയ്യും. എന്നാൽ വെള്ളം കലർത്തിയ പാലാണെങ്കിൽ, യാതൊരു പാടും അവശേഷിപ്പിക്കാതെ അത് വേഗത്തിൽ താഴേക്ക് ഒഴുകിപ്പോകും.
ചായപ്പൊടി പരിശോധന
ചായപ്പൊടി ശുദ്ധമാണോ എന്ന് പരിശോധിക്കാൻ, ഒരു സ്പൂൺ ചായപ്പൊടി തണുത്ത വെള്ളത്തിലേക്ക് ഇടുക. വെള്ളത്തിന്റെ നിറം മാറുന്നില്ലെങ്കിൽ, ആ ചായപ്പൊടി മായമില്ലാത്തതാണ്. എന്നാൽ വെള്ളത്തിന് നിറം മാറുന്നുണ്ടെങ്കിൽ, അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.
ഈ പരീക്ഷണങ്ങൾ ലാബ് പരിശോധനക്ക് പകരമാവില്ലെങ്കിലും, വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ ലളിതവും പെട്ടെന്നുള്ളതുമായ മാർഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.