ഫ്ലോറിയാൻ ബലോഗൺ; ഇംഗ്ലണ്ടിന്റെ നഷ്ടം, അമേരിക്കയുടെ ഭാഗ്യം
ലോസ് ആഞ്ജലസ്: ഒരൊറ്റ മത്സരത്തിലെ ഇരട്ട ഗോളുകളിലൂടെ അമേരിക്കയിലെ ആരാധകരുടെ ഇഷ്ടക്കാരനായിരിക്കുകയാണ് േഫ്ലാറിയാൻ ബലോഗൺ എന്ന 24കാരൻ. നൈജീരിയൻ രക്ഷിതാക്കളുടെ മകനായി ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ജനിച്ചതെങ്കിലും േഫ്ലാറിയാനെ കളിക്കാരനാക്കിയത് ഇംഗ്ലണ്ടാണ്. ഫിഫ നിയമപ്രകാരം മൂന്ന് രാജ്യങ്ങൾക്കും ഫുട്ബാൾ കളിക്കാൻ യോഗ്യനെങ്കിലും ഇംഗ്ലണ്ടിനായിരുന്നു ബൂട്ടുകെട്ടിയത്.
പ്രീമിയർലീഗ് മുതൽ ലോകോത്തര ലീഗുകളും യൂത്ത് അക്കാദമികളുമുള്ള ഇംഗ്ലീഷ് മണ്ണ് താരത്തെ പാകപ്പെടുത്തി. 2018ലെ യുവേഫ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞായിരുന്നു തുടക്കം. പിന്നാലെ അമേരിക്ക അണ്ടർ 18ലും ഒരു കൈനോക്കി. എന്നാൽ, അമേരിക്കൻ ടീമിനൊപ്പമുള്ള കളിശൈലിയോട് ‘നോ’ പറഞ്ഞ താരം ഇംഗ്ലണ്ടിൽ തിരികെയെത്തി. അണ്ടർ 20, 21 ടീമുകൾക്കായി കളിച്ചതിനു പിന്നാലെ, സീനിയർ ടീമിലേക്കായി കണ്ണുകൾ. പ്രതിഭകൾ ഏറെയുള്ള ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വിളി വിദൂരസ്വപ്നമായിരുന്നു. ഇതോടെ ഇംഗ്ലണ്ട് വിടാനായി ശ്രമം. മാതാപിതാക്കളുടെ നാടായ നൈജീരിയ താൽപര്യം അറിയിച്ചപ്പോൾ േഫ്ലാറിയാനും ‘യെസ്’ പറഞ്ഞു. എന്നാൽ, ഇതിനിടെയായിരുന്നു അമേരിക്കയിൽ നിന്നുള്ള വിളിയെത്തുന്നത്. 2023 മേയിൽ ഫിഫ അംഗീകാരത്തോടെ അമേരിക്കൻ ദേശീയ ടീമിന്റെ ഭാഗമായി. കോൺകകാഫ് നാഷൻസ് ലീഗ്, 2024 കോപ അമേരിക്ക ഉൾപ്പെടെ ടൂർണമെന്റുകളിൽ പന്തുതട്ടിയതിനു പിന്നാലെ ലോകകപ്പ് ടീമിലേക്കും ഇടം ഉറപ്പിച്ചു.
പൊച്ചെട്ടിനോയുടെ കീഴിൽ മുൻനിരയിൽ തന്നെ സ്ഥാനമുറപ്പിച്ച താരം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളടിച്ച് 96 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ അമേരിക്കക്കായി ഇരട്ട ഗോളടിക്കുന്ന താരവുമായി. ക്ലബ് ഫുട്ബാളിൽ മൂന്നുസീസണിൽ ആഴ്സനലിനും ശേഷം ഫ്രഞ്ച് ക്ലബ് മൊണോകോയിലുമാണ് താരം കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.