അവസാന നിമിഷം സ്വിസ് പടയെ സമനിലയിൽ കുരുക്കി ഖത്തർ; തഹ്‌സിനായുള്ള കാത്തിരിപ്പ് തുടരും

കാ​ലി​ഫോ​ർ​ണി​യ: തോൽവി ഉറപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷം സമനില ഗോൾ മടക്കി ഖത്തർ. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെ ഇഞ്ചുറി ടൈമിൽ നേടിയ ഹെഡർ ഗോളിലൂടെ ഖത്തർ വിലപ്പെട്ട സമനിലയും ഒരു പോയിന്റും കരസ്ഥമാക്കി. മത്സരത്തിന്റെ തൊണ്ണൂറ്റിനാലാം മിനിറ്റിൽ ഹോമം അഹമ്മദ് നൽകിയ മനോഹരമായ ക്രോസ്സ് ഒരു തകർപ്പൻ ഹെഡറിലൂടെ ബൗലെം ഖൗഖി വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അന്തിമ വിസിൽ മുഴങ്ങാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ പൊരുതി നേടിയ ഈ സമനില ഖത്തറിന് വിജയത്തോളം പോന്നതാണ്.

ഖത്തർ നിരയിൽ നിരവധി മാറ്റങ്ങൾ രണ്ടാം പകുതിയിൽ വന്നുവെങ്കിലും, പത്തൊൻപതുകാരൻ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ഈ മത്സരത്തിലും പകരക്കാരുടെ ബെഞ്ചിൽ തന്നെ തുടർന്നത് താരത്തെ കളത്തിൽ കാണാൻ കാത്തിരുന്ന മലയാളി ആരാധകർക്ക് നേരിയ നിരാശയായി.

രണ്ടാം പകുതിയിൽ സ്കോർ നില ഉയർത്താൻ സ്വിറ്റ്സർലൻഡും സമനില ഗോളിനായി ഖത്തറും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ചയാണ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ പകുതിയിൽ ബ്രീൽ എംബോളോ നേടിയ പെനാൽറ്റി ഗോളിലൂടെ ലീഡ് നേടിയ സ്വിസ് പട, രണ്ടാം പകുതിയിലും തങ്ങളുടെ ആക്രമണ ശൈലി തുടർന്നു. ഗ്രാനിറ്റ് ഷാക്കയുടെയും റൂബൻ വർഗാസിന്റെയും നേതൃത്വത്തിൽ നിരവധി തവണ അവർ ഖത്തർ ഗോൾമുഖത്ത് ഭീതി വിതച്ചു. എന്നാൽ ഖത്തർ ഗോൾ കീപ്പർ മഹ്മൂദ് അബുനാദയുടെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനം സ്വിസ് മുന്നേറ്റങ്ങളെ വീണ്ടും വീണ്ടും തടഞ്ഞുനിർത്തി. ഡാൻ എൻഡോയെയുടെയും ബ്രീൽ എംബോളോയുടെയും മികച്ച ഷോട്ടുകൾ ലക്ഷ്യം കാണാതെ പോയത് സ്വിറ്റ്സർലൻഡിന് വലിയ തിരിച്ചടിയായി മാറി.

കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇരു ടീമുകളും തന്ത്രപരമായ മാറ്റങ്ങൾ വരുത്തി കളി കൂടുതൽ വേഗത്തിലാക്കിയിരുന്നു. അറുപതാം മിനിറ്റിൽ അഹമ്മദ് അലായെയും എൺപത്തിയെട്ടാം മിനിറ്റിൽ വെറ്ററൻ താരം ഹസ്സൻ അൽ ഹൈദോസിനെയും കളത്തിലിറക്കി ഖത്തർ പരിശീലകൻ തങ്ങളുടെ ആക്രമണത്തിന് മൂർച്ച കൂട്ടി. റഫറി അനുവദിച്ച ആറ് മിനിറ്റ് ഇഞ്ചുറി ടൈമിൽ സമനിലയ്ക്കായി ഖത്തർ സർവ്വ സന്നാഹങ്ങളുമായി സ്വിസ് ബോക്സിലേക്ക് ഇരച്ചുകയറുന്നതാണ് ഫുട്ബോൾ ലോകം പിന്നീട് കണ്ടത്. ഒടുവിൽ പ്രതിരോധക്കോട്ട കാക്കുന്നതിൽ സ്വിറ്റ്സർലൻഡ് പരാജയപ്പെട്ടപ്പോൾ, അതിമനോഹരമായൊരു ഹെഡറിലൂടെ ബൗലെം ഖൗഖി ഖത്തറിനെ ലോകകപ്പ് വേദിയിൽ തലയുയർത്തി നിർത്തുകയും ചെയ്തു.

Tags:    
News Summary - FIFA World Cup: Boualem Khoukhi's Last-Minute Header Earns Qatar a Thrilling Draw Against Switzerland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.