സായ്ബരിയുടെ ഗോളിന് വിനീഷ്യസിന്‍റെ മറുപടി; ബ്രസീൽ-മൊറോക്കോ ആദ്യപകുതി ഒപ്പത്തിനൊപ്പം (1-1)

ന്യൂജഴ്സി: ഈ ലോകകപ്പിലെ ആദ്യ ഹെവി വെയ്റ്റ് പോരാട്ടമായ ബ്രസീൽ-മൊറോക്കോ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഒപ്പത്തിനൊപ്പം. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

ഇസ്മാഈൽ സായ്ബരിയിലൂടെ (21ാം മിനിറ്റിൽ) മൊറോക്കോയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. അധികം വൈകാതെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ (32ാം മിനിറ്റിൽ) ബ്രസീലിനായി ഗോൾ മടക്കി. ആദ്യ മിനിറ്റു മുതൽ ആധിപത്യം പുലർത്തിയ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ, ബ്രസീലിന്റെ പ്രതിരോധ നിരക്ക് കടുത്ത ഭീഷണിയുയർത്തി. ആദ്യത്തെ 15 മിനിറ്റ് പന്തിന്‍റെ നിയന്ത്രണം മൊറോക്കോയുടെ കാലിലായിരുന്നു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് ടീം നഷ്ടപ്പെടുത്തിയത്.

ഗോളിലേക്ക് അഞ്ചിലധികം ഷോട്ടുകൾ ഉതിർത്തപ്പോൾ, ബ്രസീലിന്‍റെ കണക്കിൽ ഒന്നു മാത്രം. ബ്രസീൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രഹീം ഡിയാസ് നൽകിയ ഒരു മനോഹര ത്രൂ ബാളാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. മുന്നോട്ട് ഓടിക്കയറിയ ഗോൾ കീപ്പർ അലിസൺ ബക്കറിനു മുകളിലൂടെ സായ്ബരി പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി. ബോക്സിനുള്ളിൽ ഇടതുവശത്തുണ്ടായിരുന്ന വിനീഷ്യസിന് ബ്രൂണോ ഗ്യൂമറേസ് നൽകിയ പാസ്സാണ് ഗോളിലെത്തിയത്. 

പ്രതിരോധ താരത്തെ വെട്ടി ഒഴിഞ്ഞ് വിനീഷ്യസ് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പറെയും മറികടന്ന് വലയിൽ. ഇൻജുറി ടൈമിൽ ലൂകാസ് പക്വേറ്റയുടെ ഒരു കിടിലൻ സിസ്സർ കിക്ക് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോനു രക്ഷപ്പെടുത്തി. സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിക്കാനിറങ്ങിയത്.

വിനീഷ്യസിനെയും ഇഗോർ തിയാഗോയെയും സ്ട്രൈക്കർമാരാക്കി 4-4-2 ശൈലിയിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിലെ കളത്തിലിറക്കിയത്. 4-2-3-1 ഫോർമേഷനിലാണ് മൊറോക്കോ കളിച്ചത്. ഇസ്മായിൽ സായ്ബരി സ്ട്രൈക്കർ റോളിലെത്തിയപ്പോൾ, സൂപ്പർതാരം ബ്രഹീം ഡിയാസ് വലതു വിങ്ങിലും അൽ ഖാനൂസ് ഇടതുവിങ്ങിലും കളിക്കാനിറങ്ങി.

Tags:    
News Summary - Brazil-Morocco tied at half-time (1-1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.