ഇറാൻ ടീമിനോട് കളി കഴിഞ്ഞയുടൻ വിമാനം കയറി പോകാൻ ഉത്തരവ്; ലോകകപ്പ് വേദിയിലെ യാത്രാ ദുരിതത്തിൽ കടുത്ത അമർഷവുമായി കോച്ച്

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇറാൻ ഫുട്ബാൾ ടീമിനെ ഉടനടി രാജ്യം വിടാൻ അധികൃതർ നിർബന്ധിച്ചതായി പരാതി. യു.എസും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളാണ് ലോകകപ്പ് വേദിയിലെ ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നിൽ. ന്യൂസിലാൻഡിനെതിരായ ആവേശപ്പോരാട്ടത്തിന് ശേഷം കളിക്കാർക്ക് വിശ്രമിക്കാൻ പോലും സമയം നൽകാതെ, തങ്ങളുടെ ട്രെയിനിങ് ബേസിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ചതോടെ ഇറാൻ കോച്ച് അമീർ ഘാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും പരസ്യമായി രംഗത്തെത്തി.

ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ഇറാനും ന്യൂസിലാൻഡും 2-2 ന്റെ സമനിലയിൽ പിരിയുകയായിരുന്നു. മത്സരം കഴിഞ്ഞ് അന്ന് രാത്രി കാലിഫോർണിയയിൽ തങ്ങി അടുത്ത ദിവസം മടങ്ങാമെന്നായിരുന്നു ഇറാൻ ടീമിന്റെ കണക്കുകൂട്ടൽ. എന്നാൽ കളി കഴിഞ്ഞയുടൻ രാജ്യം വിടാൻ നിർദേശം വരികയായിരുന്നു എന്ന് കോച്ച് പറയുന്നു. കളി കഴിഞ്ഞ് റിക്കവറിക്ക് പോലും തങ്ങൾക്ക് സമയം തന്നില്ലെന്നും, എന്തുകൊണ്ടാണ് ഈ യാത്രാ പ്ലാൻ മാറ്റിയതെന്ന് അറിയില്ലെന്നും കോച്ച് പറഞ്ഞു. ഇത്തരം പെട്ടെന്നുള്ള യാത്രാ മാറ്റങ്ങൾ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചുവെന്നും, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം തങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ സമാധാന കരാർ പ്രഖ്യാപിച്ച് വെറും 24 മണിക്കൂറിനുള്ളിലാണ് ഇറാൻ ടീം അമേരിക്കൻ മണ്ണിൽ കളിക്കാനിറങ്ങിയത്. വിസ സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടർന്ന് ഇറാൻ ടീം തങ്ങളുടെ ക്യാമ്പ് അരിസോണയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റാൻ നിർബന്ധിതരായിരുന്നു.

വിസ നിഷേധിച്ചതിനെത്തുടർന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ, സപ്പോർട്ട് സ്റ്റാഫ്, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള വലിയൊരു വിഭാഗത്തിന് യു.എസിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. മാനേജ്‌മെന്റ് ടീമിന്റെ അഭാവം മൂലം കോച്ചുമാർക്ക് അധിക ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നതായും ഘാലെനോയി വ്യക്തമാക്കി. കാര്യങ്ങളെല്ലാം തങ്ങൾക്ക് ഒരു ദുരന്തം പോലെയാണെന്നും ഫിഫ കൂടുതൽ സഹായിക്കണമെന്നും ക്യാപ്റ്റൻ മെഹ്ദി താരെമി ആവശ്യപ്പെട്ടു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മത്സരത്തിന് ശേഷം ഇറാന്റെ ചേഞ്ചിങ് റൂം സന്ദർശിച്ചിരുന്നു.

ഇറാന്റെ യാത്രാ ക്ലേശങ്ങൾ ഇവിടംകൊണ്ടും തീരുന്നില്ല. ഞായറാഴ്ച ബെൽജിയവുമായുള്ള അവരുടെ അടുത്ത മത്സരവും ഇതേ സോഫി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. അതായത്, മെക്സിക്കോയിലേക്ക് മടങ്ങുന്ന ടീം മത്സരത്തിനായി ഈ ആഴ്ച വീണ്ടും അമേരിക്കയിലേക്ക് വിമാനം കയറേണ്ടി വരും. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളിലെ തുടർച്ചയായ യാത്രകൾ കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്.

Tags:    
News Summary - 'Get on a plane and leave': Iran coach explodes after shock order following FIFA World Cup match vs New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.