കൻസാസ് സിറ്റി: ഓർമകൾ ലുസൈലിലെ പച്ചപ്പുൽ മൈതാനിയിലേക്ക് തിരികെയെത്തുകയാണ്. ദിദിയർ ദെഷാംപ്സിന്റെ തന്ത്രങ്ങളും കിലിയൻ എംബാപ്പെയുടെ കളിമികവും ഒത്തുചേർന്ന ഫ്രഞ്ചു പടയെ തച്ചുതകർത്ത് ലയണൽ മെസ്സിയും സംഘവും ലോക ഫുട്ബാളിന്റെ കനക സിംഹാസനത്തിൽ പട്ടാഭിഷേകം നടത്തിയ ആ ദിനത്തിലേക്ക്. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്റീന വിശ്വകിരീടത്തിൽ മുത്തമിട്ട്, ആരാധകരുടെ പ്രിയതാരം ലയണൽ മെസ്സി എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെട്ട ലുസൈലിലെ രാവ്.
ആ സിംഹാസനത്തിൽ നിന്നും ലയണൽ മെസ്സിയും സംഘവും വീണ്ടും ബൂട്ടുകെട്ടി കളിമുറ്റത്തേക്ക് ഇറങ്ങുന്നു. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്നവരെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള ലക്ഷ്യവുമായി വടക്കൻ അമേരിക്ക ലോകകപ്പിലെ പോരാട്ടങ്ങൾക്ക് അവർ ബുധനാഴ്ച രാവിലെ തുടക്കം കുറിക്കുന്നു. മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേതെന്നായിരുന്നു മുൻ പ്രഖ്യാപനങ്ങൾ. എന്നാൽ, കിരീടനേട്ടവും കഴിഞ്ഞ് നാലു വർഷം പിന്നിട്ടു. ഗോളടിയുമായി മെസ്സി ഇപ്പോഴുമുണ്ട് അർജന്റീനയുടെ മുൻനിരയിൽ. 199 ദേശീയ മത്സരങ്ങളുമായി ഡബിൾ സെഞ്ച്വറിക്കൊരുങ്ങുന്ന ഇതിഹാസത്തിന്റെ കരുത്തുമായി അർജന്റീന വീണ്ടും പടക്കിറങ്ങുന്നു. ഗ്രൂപ് ‘ജെ’യിലെ ആദ്യമത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ അൽജീരിയയാണ് എതിരാളികൾ. മത്സരത്തിന് ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30ന് കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കും.
കപ്പിലേക്ക് മാറ്റമില്ലാതെ
ലോകകിരീടത്തിന്റെ താരപ്പകിട്ടിലാണ് അർജന്റീനയുടെ പടപ്പുറപ്പാട്. നാലു വർഷം മുമ്പ് ഖത്തറിൽ പിരിമുറുക്കങ്ങളുടെ കൊടുമുടിയിലാണ് പന്തുതട്ടാനായി പറന്നിറങ്ങിയതെങ്കിൽ, അർജന്റീന ക്യാമ്പും കളിക്കാരും മനസ്സുകളും ടെൻഷൻ ഫ്രീയാണ്. കിരീടം നിലനിർത്തുകയെന്ന ലക്ഷ്യം മുന്നിലുണ്ടെങ്കിലും അതിസമ്മർദം വരിഞ്ഞുമുറുകുന്നില്ല. ഖത്തറിൽ കപ്പടിച്ച സംഘത്തിൽ വലിയൊരു ശതമാനം താരങ്ങളും കൂടുതൽ ഫോമിൽ മെസ്സിക്ക് ചുറ്റിലുമായുണ്ട്. ഹൂലിയൻ അൽവാരസ്, ലൗതാരോ മാർടിനസ് എന്നിവരുടെ ബൂട്ടുകൾക്ക് ഇപ്പോൾ മൂർച്ച കൂടും. മെസ്സിയുടെ പോരാളി റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ, തിയാഗോ അൽമഡ എന്നിവരുടെ മധ്യനിര, ഫകുൻഡോ മെഡിന, നികോളസ് ഒടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, മോണ്ടിയേൽ പ്രതിരോധ ലൈനപ്പ്, ഗോൾ പോസ്റ്റിനു കീഴിൽ എമിലിയാനോ മാർടിനസ് എന്ന മഹാമേരുവും.
എയ്ഞ്ചൽ ഡി മരിയയും പൗലോ ഡിബാലയും ഉൾപ്പെടെ ഏതാനും താരങ്ങൾ മാത്രമേ ഖത്തറിൽ നിന്നും അമേരിക്കയിലെത്തുമ്പോൾ ടീമിന് പുറത്തായിട്ടുള്ളൂ. കോപ അമേരിക്ക കിരീട നേട്ടവും, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കനമേരിക്കൻ ഒന്നാം നമ്പർ സ്ഥാനവും നേടി ലോകകപ്പിനെത്തുമ്പോൾ, കിരീട സാധ്യതയിൽ മുൻനിരയിൽ തന്നെയുണ്ട് അർജന്റീന.
ലെഫ്റ്റ്ബാക്ക് താരം ടഗ്ലിയാഫികോയുടെ പരിക്കാണ് കോച്ച് സ്കലോണിയെ അലട്ടുന്നത്. ജൂൺ ആദ്യവാരത്തിൽ ഹോണ്ടുറസിനെതിരായ മത്സരത്തിനിടെ പേശിക്ക് പരിക്കേറ്റ് താരം വിശ്രമത്തിലാണ്. ഐസ്ലൻഡിനെതിരായ കളിയിൽ മെഡിനയായിരുന്നു വലതുബാക്ക് കാത്തു സൂക്ഷിച്ചത്. ഗോളി എമിലിയാനോയുടെ വിരലിനേറ്റ് പരിക്ക് മാറി ലൈനപ്പിൽ തിരിച്ചെത്തുന്നത് പ്രതീക്ഷ നൽകുന്നു. ഓസ്ട്രിയ, ജോർഡൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഖത്തറിൽ ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ് തുടങ്ങിയ ഓർമയിൽ കരുതലോടെയാവും അൽജീരിയയെ നേരിടുന്നത്. തുടർച്ചയായി നാല് മത്സരങ്ങളിലും തോൽക്കാതെയാണ് ടീമിന്റെ വരവ്. സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിനെ അട്ടിമറിക്കുകയും ഉറുഗ്വായിയെ സമനിലയിൽ തളക്കുകയും ചെയ്തു. ഗോളടി മികവുമായി അനിസ് ഹജ് മൂസ, അമിൻ ഗൗരി ഉൾപ്പെടെ താരങ്ങളും കോച്ച് വ്ലാദിമിർ പെറ്റ്കോവികിന്റെ തന്ത്രങ്ങളുമാണ് കരുത്ത്. ഗോൾ വലക്കുകീഴിൽ സിനദിൻ സിദാന്റെ മകൻ ലൂകാ സിദാൻ മിന്നും ഫോമിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.