അമേരിക്ക പ്രവേശനം നിഷേധിച്ച സൊമാലിയൻ റഫറിക്ക് മാതൃരാജ്യത്ത് വൻ സ്വീകരണം

മൊഗാദിഷു: സൊമാലിയൻ കായിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാവേണ്ടിയിരുന്ന യാത്രയാണ് അമേരിക്കൻ അതിർത്തിയിൽ അവസാനിച്ചത്. എന്നാൽ, 2026 ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ അവസരം ലഭിച്ചിട്ടും അമേരിക്ക പ്രവേശനം നിഷേധിച്ച സൊമാലിയൻ റഫറി ഉമർ അർതാന് ജന്മനാട്ടിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ബുധനാഴ്ച മൊഗാദിഷുവിൽ തിരിച്ചെത്തിയ അദ്ദേഹത്തെ വൻ ജനാവലിയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.

ലോകകപ്പ് വേദിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പുറത്താകൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും, അർതാന്റെ ശ്രദ്ധ മുഴുവൻ ഭാവിയിലേക്കാണ്.''ദൈവാനുഗ്രഹമുണ്ടെങ്കിൽ അടുത്ത ലോകകപ്പിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു,'' തന്നെ സ്വീകരിക്കാനെത്തിയ വലിയ ജനക്കൂട്ടത്തോട് അർത്താൻ പറഞ്ഞു. ''സൊമാലിയൻ ജനത ഇതിൽ ആശ്വസിക്കണമെന്നും ആത്മവിശ്വാസത്തോടെ തുടരണമെന്നും ഞാൻ ആഗ്രഹിക്കുന്നു, അർതാന് കൂട്ടിച്ചേർത്തു.

മയാമിയിൽ നേരിട്ട വിലക്ക്

2026 ലോകകപ്പിനായുള്ള ഫിഫയുടെ അന്തിമ റഫറിമാരുടെ പട്ടികയിൽ അർതാന് ഇടംനേടിയിരുന്നു. മാത്രമല്ല, കെനിയയിലെ സൊമാലിയൻ എംബസിയുടെ വിവരപ്രകാരം, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ ശനിയാഴ്ച മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ആ യാത്രക്ക് തടസ്സമുർന്നു. യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അദ്ദേഹത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. സുരക്ഷാ പരിശോധനകളിലെ ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെട്ടു. ഇതിനുപിന്നാലെ ഫിഫ തങ്ങളുടെ പാനലിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

നിയമപാലകർ, ദേശീയ സുരക്ഷാ വിഭാഗം, ഇമിഗ്രേഷൻ വിഭാഗം എന്നിവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയെയും പരിശോധിച്ചാണ് പ്രവേശനം അനുവദിക്കുന്നതെന്നും അമേരിക്കൻ നിയമപ്രകാരം ഇതിനുള്ള പൂർണ്ണ അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഡോണാൾഡ് ട്രംപ് ഭരണകൂടം സൊമാലിയ ഉൾപ്പെടെ 40 ഓളം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ കർശനമായ യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

വീരനായകന് നാടിന്റെ ആദരം

അമേരിക്കൻ അധികൃതർ അദ്ദേഹത്തെ മടക്കിയയച്ചെങ്കിലും, വലിയൊരു സ്വീകരണമാണ് മൊഗാദിഷു അദ്ദേഹത്തിനായി ഒരുക്കിയത്. അർതാന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറുകണക്കിന് ആരാധകരും ഉദ്യോഗസ്ഥരും ഏദൻ അദ്ദെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.

വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആരാധകർ സൊമാലിയൻ പതാക പുതപ്പിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ വി.ഐ.പി ടെർമിനലിലേക്ക് കൊണ്ടുപോയ അർത്താനെ യുവജന-കായിക മന്ത്രാലയം, സൊമാലിയ ഫുട്ബോൾ ഫെഡറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഫുട്ബാൾ കാര്യം മാത്രമായിരുന്നില്ല, മറിച്ച് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.

''സൊമാലിയയുടെ പേര് സംരക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും കടമയാണ്'' വികാരഭരിതനായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''സൊമാലിയ നല്ല അവസ്ഥയിലായാലും മോശം അവസ്ഥയിലായാലും അത് നമ്മുടേതാണ്. ഈ പതാകയും ഈ പാസ്‌പോർട്ടും നമ്മുടേതാണ്.''

അമേരിക്കയുടെ വിശദീകരണം

അതേസമയം, ലോകകപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഏർപ്പെടുത്തിയ കർശനമായ അതിർത്തി നിയമങ്ങളെ അമേരിക്കൻ ഉദ്യോഗസ്ഥർ ന്യായീകരിച്ചു. വൈറ്റ് ഹൗസ് ലോകകപ്പ് മേധാവി ആൻഡ്രൂ ജിയൂലിയാനി ഈ വിഷയത്തോട് പ്രതികരിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിജയകരമാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

''ഇതുവരെ 35 ടീമുകൾ അമേരിക്കയിൽ എത്തിയിട്ടുണ്ട്. ഒരു കളിക്കാരനോ പരിശീലകനോ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല," ജിയൂലിയാനി പറഞ്ഞു. എന്നാൽ അർത്താന്റെ വിലക്കിനെക്കുറിച്ച് പ്രത്യേകമായി ചോദിച്ചപ്പോൾ ജിയൂലിയാനിയുടെ മറുപടി കർശനമായിരുന്നു: ''ചില ഉദ്യോഗസ്ഥർക്ക് കൃത്യമായ കാരണങ്ങളാൽ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലോകകപ്പിന്റെ മറവിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മോശം ഉദ്ദേശമുള്ളവർക്ക് അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.''

Tags:    
News Summary - ‘I will be at the next one’: Defiant Somali referee Omar Artan vows to officiate at 2030 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.