ഏകദേശം 22 സെന്റീമീറ്റർ വ്യാസവും 450 ഗ്രാമിനടുത്ത് തൂക്കവുമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുകയാണ് ലോകം. ഫുട്ബാൾ പോലെയുള്ള കായിക മത്സരങ്ങൾക്ക് പറയാനുള്ളത് ശാന്തിയുടെയും സമാധാനത്തിന്റെയും കഥകളാണ്. എന്നാൽ ഒരു ലോകകപ്പ് തന്നെ യുദ്ധത്തിനുള്ള കാരണമായ കഥ എത്ര പേർക്കറിയാം? അതേ, ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ യുദ്ധങ്ങളിലൊന്നായ ഫുട്ബാൾ വാറിന്റെ കഥ കേൾക്കാം!
മെക്സിക്കോ ആതിഥേയത്വം വഹിച്ച 1970 ലോകകപ്പ് നിരവധി പ്രത്യേകതകൾ കൊണ്ടാണ് ശ്രദ്ധേയമായത്. ആദ്യമായി മഞ്ഞ, ചുവപ്പ് കാർഡുകൾ അവതരിപ്പിച്ചതും സബ്‌സ്റ്റിറ്റ്യൂഷൻ നിയമങ്ങൾ കർശനമാക്കിയതും ഈ ലോകകപ്പിലായിരുന്നു. കളർ ടി.വിയിലൂടെ പ്രക്ഷേപണം ചെയ്ത ആദ്യ ലോകകപ്പും ഇതായിരുന്നു. എന്നാൽ ടൂർണമെന്റിന് മുന്നോടിയായി നടന്ന യോഗ്യതാ മത്സരങ്ങളായിരുന്നു വലിയ സംഘർഷങ്ങളിലേക്കും ആയിരക്കണക്കിന് പേരുടെ മരണത്തിലേക്കും നയിച്ചത്. മത്സരങ്ങൾക്ക് പിന്നാലെ മധ്യ അമേരിക്കൻ രാജ്യങ്ങളായ എൽ സാൽവഡോറും ഹോണ്ടുറാസും തമ്മിൽ നടന്ന യോഗ്യതാ മത്സരങ്ങളാണ് ഇത്തരത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചത്.
ഫുട്ബാൾ വാർ
1969 ജൂലൈ 14 മുതൽ 18 വരെ നടന്ന യുദ്ധം ഫുട്ബാൾ വാർ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫുട്ബാൾ മാത്രമായിരുന്നില്ല സംഘർഷങ്ങളുടെ യഥാർഥ കാരണം. ഹോണ്ടുറാസിനും എൽ സാൽവഡോറിനും ഇടയിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളോടെ ആളിക്കത്തുകയും യുദ്ധത്തിലേക്ക് നയിക്കുകയുമായിരുന്നു. വർഷങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്ന സ്പർധ പ്ലേ ഓഫ് മത്സരങ്ങളോടെ ആളിക്കത്തുകയും യുദ്ധമായി മാറുകയുമായിരുന്നു.
പശ്ചാത്തലം
അയൽരാജ്യങ്ങളായ ഹോണ്ടുറാസും എൽ സാൽവഡോറും തമ്മിലുണ്ടായിരുന്ന കുടിയേറ്റ പ്രശ്നങ്ങളും ഭൂമിത്തർക്കങ്ങളുമായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്. വിസ്തീർണം കുറഞ്ഞതും ജനസാന്ദ്രത അധികവുമായ രാജ്യമായിരുന്നു എൽ സാൽവഡോർ. കൃഷിക്കും തൊഴിലിനുമായി എൽ സാൽവഡോറുകാർ കുടുംബമായി ഹോണ്ടുറാസിലേക്ക് പലായനം ചെയ്യുന്നത് പതിവ് കാഴ്ചയായിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു ഇത്തരത്തിൽ കുടിയേറിയത്. ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം, സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ എന്നിവയെ ചൊല്ലിയുള്ള സംഘർഷങ്ങൾ ഉടലെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഹോണ്ടുറാസിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കിയതോടെ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികളും ശക്തമാക്കി. ഇതോടെ നിരവധി കുടുംബങ്ങളായിരുന്നു ദുരിതത്തിലായത്. ദേശീയത കൂടി ആളിക്കത്തിയതോടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സംഘർഷം പതിവായി. ഈ സാഹചര്യത്തിലായിരുന്നു 1970 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ നടന്നത്.
തീപ്പൊരിയായ യോഗ്യതാ മത്സരങ്ങൾ
കോൺകാകാഫ് മേഖലയിൽ നിന്നായിരുന്നു ഇരു രാജ്യങ്ങളും പ്ലേ ഓഫ് മത്സരങ്ങൾക്ക് എത്തിയത്. 1969 ജൂൺ 8ന് ഹോണ്ടുറാസിലെ ടെഗുസിഗാൽപെയിൽ വെച്ച് നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിലായിരുന്നു ഹോണ്ടുറാസ് ജയിച്ചത്. എന്നാൽ മത്സരങ്ങൾക്ക് മുമ്പും ശേഷവും വലിയ തോതിലുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. എൽ സാൽവഡോർ ടീം താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് രാത്രി മുഴുവൻ വലിയ തോതിലുള്ള ആഹ്ലാദപ്രകടനങ്ങൾ നടത്തി ഉറങ്ങാൻ അനുവദിക്കാതിരുന്ന സംഭവങ്ങൾ നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഗ്രൗണ്ടിനകത്തും പുറത്തും എൽ സാൽവഡോറുകാരുടെ പ്രതികാരത്തിനായിരുന്നു ജൂൺ 15ന് രണ്ടാം മത്സരം സാക്ഷിയായത്. എൽ സാൽവഡോറിലെ സാൻ സാൽവഡോറിൽ നടന്ന മത്സരത്തിൽ പൂജ്യത്തിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹോണ്ടുറാസിനെ തറപറ്റിച്ചത്. മത്സരത്തിന് പിന്നാലെ ഹോണ്ടുറാസിന്റെ ദേശീയ പതാകകൾ കത്തിക്കുകയും വാഹനങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തു.
ഇരു ടീമുകളും സമനിലയിൽ ആയതോടെ ഇരു രാജ്യങ്ങൾക്കും പുറത്ത് വെച്ചായിരുന്നു മൂന്നാം മത്സരം നടന്നത്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എൽ സാൽവഡോർ വിജയിക്കുകയും പിന്നീട് ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് രാജ്യങ്ങളിലും പ്രതിഷേധങ്ങളും സംഘർഷങ്ങളും ശക്തമായി.
യുദ്ധ കാഹളം മുഴങ്ങുന്നു!
പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ സൈനിക ആക്രമണങ്ങൾ നടത്തിയിരുന്നു. ജൂലൈ മാസത്തിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തി. തുടർന്ന് മൂന്നാം മത്സരം കഴിഞ്ഞ് 17 ദിവസങ്ങൾക്ക് ശേഷം 1969 ജൂലൈ 14ന് എൽ സാൽവഡോർ ഹോണ്ടുറാസിലെ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയാണ് സംഘർഷങ്ങൾ യുദ്ധമായി മാറിയത്. കരസേനയുടെ മുന്നേറ്റത്തിന് ഒപ്പം വ്യോമാക്രമണവും കടുത്തതോടെ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ശക്തമായി ഏറ്റുമുട്ടി. ഹോണ്ടുറാസ് സൈന്യവും കടുത്ത പ്രത്യാക്രമണമായിരുന്നു നടത്തിയത്. ദേശീയ വികാരം അണപൊട്ടിയതോടെ പോരാട്ടം അതിവേഗത്തിൽ വ്യാപിച്ചു. അതിർത്തി പ്രദേശങ്ങളിലെ നിരവധി പട്ടണങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ യുദ്ധക്കളമായി മാറിയത്.
100 മണിക്കൂർ യുദ്ധം!
നാല് ദിവസം, കൃത്യമായി പറഞ്ഞാൽ 100 മണിക്കൂർ നീണ്ടുനിന്ന യുദ്ധം വലിയ രീതിയിലുള്ള ലോകശ്രദ്ധ പിടിച്ചുപറ്റി. കണക്കുകൾ പ്രകാരം ഇരു രാജ്യങ്ങളിലുമായി 2000നും 3000നും ഇടയിൽ ആളുകളാണ് കൊല്ലപ്പെട്ടത്. സൈനികർക്ക് പുറമെ സാധാരണ ജനങ്ങളെയും യുദ്ധത്തിൽ നഷ്ടപ്പെട്ടു. 6000ത്തോളം പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാവുകയും ചെയ്തു. നിരവധി വീടുകളും റോഡുകളും കൃഷിയിടങ്ങളും നശിച്ചതോടെ ഇരു രാജ്യങ്ങൾക്കും വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി. അതേസമയം മധ്യ അമേരിക്കയിൽ വലിയ ആശങ്കകൾക്കായിരുന്നു യുദ്ധം വഴിയൊരുക്കിയത്. പിന്നീട് അമേരിക്കൻ വൻകരയിലെ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ ഉണ്ടായത്. 100 മണിക്കൂർ യുദ്ധം എന്ന പേരിലും ഫുട്ബാൾ വാർ അറിയപ്പെടുന്നുണ്ട്. 1969 ജൂലൈ 18ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഓഗസ്റ്റ് 2നാണ് എൽ സാൽവഡോർ സൈന്യം പൂർണമായും പിൻവാങ്ങിയത്.
എൽ സാൽവഡോർ ലോകകപ്പിലേക്ക്
ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയെങ്കിലും ഫുട്ബാൾ വാറിനെ തുടർന്ന് 1970ലെ ലോകകപ്പിൽ നിന്ന് എൽ സാൽവഡോറിനെ വിലക്കാൻ ഫിഫ മുതിർന്നിരുന്നില്ല. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയവും സൈനികവുമായ വിഷയമാണ് എന്നായിരുന്നു ഫിഫയുടെ നിരീക്ഷണം. വലിയ പ്രതീക്ഷയോടെയായിരുന്നു മെക്സിക്കോയിൽ നടന്ന ഫുട്ബാൾ മാമാങ്കത്തിലേക്ക് എൽ സാൽവഡോർ എത്തിയത്. എന്നാൽ ടൂർണമെന്റിൽ ഉടനീളം നിരാശാജനകമായ പ്രകടനമായിരുന്നു ടീമിന്റേത്. ബെൽജിയം, മെക്സിക്കോ, സോവിയറ്റ് യൂണിയൻ എന്നീ ടീമുകൾക്കെതിരെ പരാജയപ്പെട്ട എൽ സാൽവഡോർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഒരു ഗോൾ പോലും നേടാനാകാതെയായിരുന്നു ടീമിന്റെ ആ ലോകകപ്പ് യാത്ര അവസാനിച്ചത്.
ഇരു രാജ്യങ്ങളുടെയും ലോകകപ്പ് ചരിത്രം
യുദ്ധം അവസാനിച്ച് 10 മാസങ്ങൾക്ക് ശേഷം 1970 മേയ് മാസത്തിൽ മെക്സിക്കോയിൽ വെച്ചായിരുന്നു ലോകകപ്പ് നടന്നത്. എൽ സാൽവഡോറിന്റെ ആദ്യ ലോകകപ്പ് ആയിരുന്നു അത്. പിന്നീട് 1982ലും യോഗ്യത നേടിയെങ്കിലും അക്കുറിയും നിരാശാജനകമായിരുന്നു. ഹംഗറിക്കെതിരെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് പുറത്തായത് ഇപ്പോഴും തകരാത്ത റെക്കോർഡ് ആണ്.
1982-ൽ ആദ്യ ലോകകപ്പ് കളിച്ച ഹോണ്ടുറാസ് പിന്നീട് 2010, 2014 എന്നീ വർഷങ്ങളിലും യോഗ്യത നേടിയിരുന്നു. എങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനോ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.