കിരീടം സ്പെയിനിന്..! സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു

ന്യൂയോർക്: 2026ലെ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 25,000 തവണ കമ്പ്യൂട്ടറിൽ കളിച്ചു നോക്കിയാണ് അവർ ഈ ഫലം കണ്ടെത്തിയത്. സ്പെയിൻ കപ്പടിക്കാൻ 16.1% സാധ്യതയുണ്ടെന്നാണ് ഒപ്റ്റയുടെ പക്ഷം. ഫ്രാൻസ് (13%), ഇംഗ്ലണ്ട് (11.2%) ടീമുകളാണ് തുടർന്നുവരുന്നത്. സാധ്യതകളിൽ നാലാമതാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന (10.4%).

എന്തുകൊണ്ട് ചെമ്പട

ഉറുഗ്വായ്, സൗദി അറേബ്യ, കേപ് വെർഡെ എന്നിവരടങ്ങിയ ലോകകപ്പ് ഗ്രൂപ് എച്ച്-ൽ യൂറോപ്യൻ ജേതാക്കളായ സ്പെയിൻ ഒന്നാമതെത്താൻ 75.3% ചാൻസുണ്ട്. ക്വാർട്ടർ ഫൈനലിൽ എത്താൻ 52.1% സാധ്യതയുള്ള ഏക സംഘവും ചെമ്പടയാണ്. ലമീൻ യമാൽ, റോഡ്രി തുടങ്ങിയവരുടെ സാന്നിധ്യമാണ് സ്പെയിനിനെ പ്രിയപ്പെട്ടവരാക്കുന്നത്. നോർവേ, സെനഗാൾ, ഇറാഖ് എന്നിവർക്കൊപ്പം കഠിനമായ ഐ ഗ്രൂപ്പിൽനിന്ന് ഫ്രഞ്ച് പട ഒന്നാമതായി മുന്നേറും. ഇംഗ്ലണ്ട്, അർജന്റീന ടീമുകളും അതത് ഗ്രൂപ് ജേതാക്കളായേക്കും.

പുതിയ അവകാശികൾ

അഞ്ചുതവണ ചാമ്പ്യന്മാരായ ബ്രസീലിന് ഇത്തവണ 6.6 ശതമാനം കിരീട സാധ്യത മാത്രമാണുള്ളത്. ഇതുവരെ ലോകകപ്പ് നേടാത്ത ഒരു രാജ്യം ഇത്തവണ കപ്പടിക്കാൻ 35.9% ചാൻസുണ്ടെന്ന് ഒപ്റ്റ പറയുന്നു. സാധ്യതകളിൽ ബ്രസീലിനും ജർമനിക്കും മുന്നിൽ അഞ്ചാമതുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ. സൂപ്പർ താരം എർലിങ് ഹാലണ്ട് നയിക്കുന്ന നോർവേ ടീം 28 വർഷത്തിന് ശേഷമാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. അവരും നെതർലൻഡ്സും ബെൽജി‍യവും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. കൊളംബിയ, മൊറോക്കോ, ഉറുഗ്വായ്, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ ടീമുകളാണ് 11 മുതൽ 15വരെ സ്ഥാനങ്ങളിൽ. ഏഷ്യൻ ടീമുകളിൽ ഏറ്റവും മുന്നിൽ 17ാമതുള്ള ജപ്പാനാണ്. 1.2 ശതമാനം മാത്രമാണ് ജപ്പാന്റെ കിരീട സാധ്യത. ഇതിനും താഴെയാണ് ആതിഥേയ രാജ്യങ്ങളായ അമേരിക്കയും മെക്സികോയും കാനഡയും.

ഒപ്റ്റ പ്രവചനം

ടീം, ക്വാർട്ടർ, സെമി, ഫൈനൽ, കിരീടം

1. സ്പെയിൻ 52.1% 39% 25.6% 16.1%

2. ഫ്രാൻസ് 47.9% 33.4% 21.2% 13%

3. ഇംഗ്ലണ്ട് 47.7% 30.3% 19% 11.2%

4. അർജന്റീന 45.2% 30.3% 18.1% 10.4%

5. പോർചുഗൽ 40.2% 23.7% 13% 7%

6. ബ്രസീൽ 38.2% 22.1% 12.3% 6.6%

7. ജർമനി 33.8% 20.2% 10.6% 5.1%

8. നെതർലൻഡ്സ് 29.5% 15.2% 7.9% 3.6%

9. നോർവേ 27.2% 14.5% 7.4% 3.5%

10. ബെൽജിയം 28.9% 12.8% 5.6% 2.4%

സ്പെയിനിനും ഫ്രാൻസിനും ജയം; മൈക്കൽ ഒലിസെക്ക് ഹാട്രിക്

പാരിസ്: ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ജയവുമായി മുൻ ചാമ്പ്യന്മാർ. ഫ്രാൻസ് മറുപടിയില്ലാത്ത 3-1ന് വടക്കൻ അയർലൻഡിനെയും സ്പെയിൻ ഇതേ സ്കോറിന് പെറുവിനെ‍യും തോൽപിച്ചു. മൈക്കൽ ഒലിസെയുടെ ഹാട്രിക്കാണ് ഫ്രഞ്ചുകാർക്ക് ജയമൊരുക്കിയത്. 43, 49, 74 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 64ാം മിനിറ്റിൽ പാട്രിക് കെല്ലിയിലൂടെ ഐറിഷ് ടീം ആശ്വാസം കണ്ടെത്തി. കഴിഞ്ഞ മത്സരത്തിൽ ഐവറി കോസ്റ്റിനെയും ഫ്രാൻസ് പരാജയപ്പെടുത്തിയിരുന്നു. ഇറാഖിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണത്തിലിറങ്ങിയ സ്പാനിഷ് സംഘം പെറുവിനോട് ആധികാരിക ജയം പിടിച്ചു.

രണ്ടാം മിനിറ്റിൽ മൈക്കൽ ഒയാർസബാലാണ് തുടക്കമിട്ടത്. 32ാം മിനിറ്റിൽ പെഡ്രിയുടെ വക. 53ാം മിനിറ്റിൽ പെറു താരം പെഡ്രോ ഗലേസോയുടെ സെൽഫ് ഗോളും. 66ാം മിനിറ്റിൽ ജെ‍യ്റോ വെലെസിലൂടെ പെറു ഒരു ഗോൾ മടക്കിയത് മിച്ചം. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് 2-1ന് ഉസ്ബകിസ്താനെ വീഴ്ത്തി. ഡച്ചുകാരുടെ രണ്ട് ഗോളും കോഡി ഗാക്പോ (32, 90+8) എടുത്ത പെനാൽറ്റി കിക്കുകളിൽനിന്നായിരുന്നു.

Tags:    
News Summary - The crown goes to Spain..! Supercomputer predicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.