ബോസ്റ്റൺ : ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെ, ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിക്കാൻ അർജന്റീനയിൽ നിന്നുള്ള റഫറിമാരെ മാത്രം നിയോഗിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഈ ലോകകപ്പിൽ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ച് റഫറിമാരും ഒരേ രാജ്യത്തുനിന്നുള്ളവരാകുന്നത്. ഫ്രാൻസിന്റെ മത്സരത്തിൽ അർജന്റീനൻ സംഘത്തെ നിയോഗിച്ചത് മുൻകൂട്ടി നിശ്ചയിച്ചുള്ള തീരുമാനമാണെന്നും അർജന്റീനയ്ക്ക് വീണ്ടും കിരീടം ഉറപ്പിക്കാനുള്ള നീക്കമാണിതെന്നുമാണ് ആരാധകരുടെ വിമർശനം.
പ്രശസ്ത അർജന്റീനൻ റഫറി ഫക്കുണ്ടോ ടെല്ലോ ആണ് മത്സരത്തിന്റെ പ്രധാന നിയന്ത്രണം. ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ (അസിസ്റ്റന്റ് റഫറിമാർ), ഡാരിയോ ഹെരേര (നാലാം റഫറി), ക്രിസ്റ്റ്യൻ നവാരോ (റിസർവ് അസിസ്റ്റന്റ് റഫറി) എന്നിവരടങ്ങുന്നതാണ് സംഘം. കളിക്കളത്തിൽ കാർഡുകൾ വാരി വിതറുന്നതിൽ കുപ്രസിദ്ധനാണ് ടെല്ലോ. മുൻപ് ഒരു മത്സരത്തിൽ 10 ചുവപ്പ് കാർഡുകൾ പുറത്തെടുത്ത് ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
അതേസമയം, വിവാദങ്ങൾ പുകയുമ്പോഴും ഫ്രഞ്ച് ക്യാമ്പ് തികഞ്ഞ ശാന്തതയിലാണ്. റഫറി ആരാണെന്നത് വിഷയമല്ലെന്നും മൊറോക്കോയ്ക്കെതിരായ കളിയിൽ മാത്രമാണ് ശ്രദ്ധയെന്നും പ്രതിരോധ താരം ഡയോറ്റ് ഉപമെകാനോ വ്യക്തമാക്കി. തങ്ങൾക്ക് അനാവശ്യമായ ഭയമില്ലെന്നും മാധ്യമങ്ങളാണ് കാര്യങ്ങൾ വഷളാക്കുന്നതെന്നും ഫ്രഞ്ച് ഗോൾകീപ്പർ റോബിൻ റിസറും പറഞ്ഞു. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള പഴയ വൈര്യം നിലനിൽക്കെ, ക്വാർട്ടർ ഫൈനലിലെ റഫറിമാരുടെ തീരുമാനം വലിയ ചർച്ചയാകുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.