ലോസ് ആഞ്ജലസ്: കരുത്തരായ ബെൽജിയത്തിനെതിരെ അമേരിക്കൻ മണ്ണിൽ ഇറാൻ തീർത്ത ‘ഹുർമുസ് ബ്ലോക്ക് ലോകകപ്പ് ഗ്രൂപ് ജി പോരാട്ടങ്ങളുടെ ആവേശം അവസാനഘട്ടത്തിലേക്ക് നീട്ടി. ആദ്യ ജയം തേടി രണ്ടാം മത്സരത്തിനിറങ്ങിയ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളക്കുകയായിരുന്നു പേർഷ്യക്കാർ. ലോസ് ആഞ്ജലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അച്ചടക്കമുള്ള പ്രതിരോധവും മനോഹരമായ ടാക്റ്റിക്കൽ ഗെയിമും കൊണ്ട് റെഡ് ഡെവിൾസിനെ ഇറാൻ വിറപ്പിച്ചു. ഈജിപ്ത് (4) നയിക്കുന്ന ഗ്രൂപ്പിൽ ഇറാനും ബെൽജിയവും രണ്ടുവീതം പോയന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇറാന് ഇനി ഈജിപ്തിനെയും ബെൽജിയത്തിന് ന്യൂസിലൻഡിനെയും നേരിടാനുണ്ട്.
മത്സരത്തിന്റെ തുടക്കം മുതൽ ബെൽജിയം പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. കെവിൻ ഡി ബ്രൂയിനും യൂറി ടൈലമാൻസും മധ്യനിരയിൽ നിന്ന് കളി മെനഞ്ഞപ്പോൾ, ബെൽജിയൻ മുന്നേറ്റ നിര ഇറാൻ ബോക്സിലേക്ക് പലതവണ ഇരച്ചുകയറി. എന്നാൽ, ഇറാൻ ഗോൾകീപ്പർ അലിറസ ബെയ്‌റൻവാന്റിന്റെ മിന്നുന്ന പ്രകടനങ്ങൾ ഇവർക്ക് തിരിച്ചടിയായി. യൂറോപ്യൻ വമ്പന്മാർ നിരന്തരമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഇറാൻ പതറാതെ പിടിച്ചുനിന്നു. കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയൻ പ്രതിരോധത്തിന് പലപ്പോഴും ഭീഷണിയാകാനും അവർക്കായി. 25ാം മിനിറ്റിൽ ഇറാന് അനുകൂലമായി ഫ്രീ കിക്ക്. നേരിട്ട് ഷൂട്ട് ചെയ്യുന്നതിനുപകരം ക്യാപ്റ്റൻ ഇഹ്സാൻ ഹാജ്സാഫി പെനാൽറ്റി ബോക്സിന്റെ അരികിൽ നിന്നിരുന്ന മെഹ്ദി തരേമിക്ക് മികച്ച പാസ് നൽകി. സ്ട്രൈക്കറായ തരേമി പന്ത് നിയന്ത്രിച്ച് തിരിഞ്ഞ് ഗോൾ കീപ്പർ തിബോ കോർട്ടുവയെ മറികടന്ന് വലയിലെത്തിച്ചു. ഇറാൻ താരങ്ങളും ആരാധകരും ഗോൾ ആഘോഷിക്കവേ വാർ പരിശോധനയിലൂടെ ഓഫ് സൈഡ് വിധിവന്നു.
67ാം മിനിറ്റിൽ കളി ബെൽജിയത്തിന് കൈവിട്ടുപോകുന്ന സാഹചര്യമുണ്ടായി. തരേമിയെ ഫൗൾ ചെയ്തതിന് ബെൽജിയൻ ഡിഫൻഡർ നഥാൻ എൻഗോയിക്ക് റഫറി നേരിട്ട് ചുവപ്പുകാർഡ് നൽകി. പത്തുപേരായി ബെൽജിയം ചുരുങ്ങിയതോടെ ഇറാൻ കൂടുതൽ ആക്രമണോത്സുകരായി. അവസാന നിമിഷങ്ങളിൽ ബെൽജിയത്തിന്‍റെ ഡോഡി ലുകേബാക്കിയോയും മാറ്റിയാസ് ഫെർണാണ്ടസ്-പാർഡോയും ഗോളിനടുത്തെത്തിയെങ്കിലും ഇറാൻ ഗോൾമുഖം വിട്ടുകൊടുത്തില്ല. റൊമേലു ലുക്കാക്കു, കെവിൻ ഡി ബ്രൂയിൻ, ലിയാൻഡ്രോ ട്രൊസാർഡ് തുടങ്ങിയ പ്രമുഖരെ ആദ്യ ഇലവനിൽ ഇറക്കിയ ബെൽജിയം 68 ശതമാനം സമയവും പന്ത് കൈവശം വെച്ച് 22 തവണ ഗോളിനായി ശ്രമിച്ചെങ്കിലും ഇറാന്റെ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.