വിസ നിഷേധിച്ചു, പരിശീലനം പാതിവഴിയിൽ മുടക്കി; ലോകകപ്പിൽ അമേരിക്കയുടെ വിവേചനത്തിനെതിരെ ഇറാൻ കോച്ച്

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്ക തങ്ങളോട് കടുത്ത വിവേചനം കാണിക്കുകയാണെന്ന ആരോപണവുമായി ഇറാൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ആമിർ ഗലേനോയ്. യാത്രാ നിയന്ത്രണങ്ങളിലൂടെയും വിസ നിഷേധിക്കുന്നതിലൂടെയും അമേരിക്ക തങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും, ഫിഫ ഇടപെട്ട് വരും മത്സരങ്ങളിലെങ്കിലും ഇതിനൊരു പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇറാൻ ജനത ഞങ്ങൾക്ക് പിന്നിലുണ്ടെന്നതിൽ അതിയായ സന്തോഷമുണ്ട്. ഇറാനിലെ ഞങ്ങളുടെ രക്തസാക്ഷികൾക്ക് വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്. എന്നാൽ അമേരിക്കയുടെ ഈ പെരുമാറ്റം ഞങ്ങളുടെ ജനങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ശതകോടികൾ ചെലവാക്കിയാലും ഞങ്ങൾക്ക് നീതി ലഭിക്കില്ല, കാരണം ഞങ്ങൾ അടിച്ചമർത്തപ്പെട്ട ഒരു രാജ്യമാണ്. എങ്കിലും ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. ലോകകപ്പ് പോലൊരു വേദിയിൽ ഇത്തരം പെരുമാറ്റങ്ങൾ ഒരു കീഴ്‌വഴക്കമായി മാറരുതെന്നാണ് എന്റെ പ്രാർത്ഥന,' ഗലേനോയ് വ്യക്തമാക്കി.

യാത്രാവിലക്കും പരിശീലന പ്രതിസന്ധിയും

അമേരിക്കയുടെ യാത്രാവിലക്കുകൾ കാരണം അയൽരാജ്യമായ മെക്സിക്കോയിലെ ടിജുവാനയിലാണ് ഇറാൻ ടീം തങ്ങളുടെ ബേസ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. മത്സരം നടക്കുന്നതിന്റെ തലേദിവസം മാത്രം അമേരിക്കയിലേക്ക് പറക്കാനും, കളി കഴിഞ്ഞയുടൻ തന്നെ മെക്സിക്കോയിലേക്ക് മടങ്ങാനുമാണ് അമേരിക്കൻ ഭരണകൂടം ഇറാൻ ടീമിന് നൽകിയിരിക്കുന്ന നിർദ്ദേശം.

കഴിഞ്ഞ തിങ്കളാഴ്ച ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിന് (2-2 സമനില) ശേഷം ടീമിനെ വേഗത്തിൽ തിരിച്ചയച്ചത് താരങ്ങളുടെ റിക്കവറിയെ ബാധിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ലോസ് ഏഞ്ചൽസിൽ നടക്കുന്ന ബെൽജിയത്തിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് 24 മണിക്കൂർ ചോദിച്ചിട്ടും 16 മണിക്കൂറിൽ താഴെ സമയമാണ് അമേരിക്ക അനുവദിച്ചത്. ഇതുമൂലം തങ്ങൾക്ക് പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഗലേനോയ് പറഞ്ഞു.

വിസ നിഷേധിക്കലും ഫിഫയുടെ ഇടപെടലും

ഇറാൻ ഫുട്ബാൾ ഫെഡറേഷൻ തലവനും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും മീഡിയ റിലേഷൻസ് ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ചതിലും ഗലേനോയ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'ഒരു ലോകകപ്പിന് ഒട്ടും അനുയോജ്യമായ രീതിയല്ല ഇത്. നിങ്ങൾ ഒരു ടീമിനെ ക്ഷണിക്കുന്നു, എന്നാൽ അവരുടെ സപ്പോർട്ടിങ് സ്റ്റാഫുകളെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുന്നില്ല. ഇത് എന്ത് നീതിയാണ്?" ഗലേനോയ് ചോദിച്ചു.

വിലക്കുകൾ നീക്കാൻ ശ്രമിക്കുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ഗലേനോയ് അഭിനന്ദിച്ചു. ഈജിപ്തിനെതിരെ സിയാറ്റിലിൽ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ അമേരിക്ക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

മറ്റ് പരിശീലകരുടെ മൗനം

തങ്ങൾ നേരിടുന്ന വിവേചനത്തിനെതിരെ പ്രതികരിക്കാൻ ലോകകപ്പിലെ മറ്റ് 47 ടീമുകളുടെയും പരിശീലകരോട് താൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇറാൻ താരങ്ങളുടെ അവസ്ഥയിൽ ബെൽജിയം താരം തോമസ് മുനിയർ സഹതാപം പ്രകടിപ്പിച്ചു.

Tags:    
News Summary - FIFA World Cup: Iran Coach Amir Ghalenoei Accuses US of Discrimination over Visa and Travel Restrictions.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.