ഫിഫ ലോകകപ്പിലെ കടുത്ത പോരാട്ടത്തിൽ കേപ് വെർഡെയെ വീഴ്ത്തി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ. വിനീതിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. അർജന്റീനയെ തോൽപ്പിക്കാൻ മന്ത്രവാദവുമായി ഇറങ്ങിയ ഘാനയിലെ ദുർമന്ത്രവാദിയുടെ പ്രവചനങ്ങളെ ലയണൽ മെസ്സി തന്റെ ഇടങ്കാൽ മാന്ത്രികത കൊണ്ട് അടിച്ചുകൂട്ടി പറത്തിയ തരത്തിലുള്ള പോസ്റ്റാണ് വിനീത് പങ്കുവെച്ചത്. ലോകകപ്പ് വേദിയിലെ മെസ്സി മായാജാലത്തിന് മുന്നിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുന്നതായിരുന്നു അർജന്റീനയുടെ വിജയമെന്ന് ആരാധകരും കുറിക്കുന്നു.മത്സരത്തിന് തൊട്ടുമുൻപ് ഫുട്ബാൾ ലോകത്ത് വലിയ ചർച്ചയായിരുന്നു ഘാനയിലെ ദുർമന്ത്രവാദിയായ നാനാ ക്വാകു ബോൺസാമിന്റെ പുതിയ പ്രവചനം. റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർഡെ അട്ടിമറിക്കുമെന്നായിരുന്നു ദുർമന്ത്രവാദിയുടെ പ്രവചനം. മെസ്സിയുടെയും സംഘത്തിന്റെയും കുതിപ്പ് ഈ മത്സരത്തോടെ അവസാനിക്കുമെന്നും താൻ അർജന്റീനയെ ശാപിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. കൂടാതെ ഇത്തവണത്തെ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഉയർത്തുമെന്നതായിരുന്നു മന്ത്രവാദിയുടെ മറ്റൊരു പ്രവചനം. ഇതോടെ മെസ്സി ജയിക്കുമോ അതോ മന്ത്രവാദി ജയിക്കുമോ എന്ന ആകാംഷയിലായിരുന്നു സോഷ്യൽ മീഡിയയിലെ ഫുട്ബാൾ ഗ്രൂപ്പുകൾ.
മുൻപും ഫുട്ബാൾ ലോകത്തെ പ്രവചനങ്ങളിലൂടെയും ശാപങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് നാനാ ക്വാകു ബോൺസാം. നേരത്തെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നെ ഇയാൾ ശാപിച്ചത് വലിയ വിവാദമായിരുന്നു. ഘാനയ്ക്കെതിരായ മത്സരത്തിൽ ഹാരി കെയ്ൻ ഗോളടിക്കാതിരുന്നതിന് പിന്നിൽ ഈ മന്ത്രവാദിയുടെ ശാപമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പരന്നു. പിന്നീട് കെയ്‌നിന്റെ ശാപം പിൻവലിച്ചതായി മന്ത്രവാദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പാനമയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ഗോളടിച്ചതും കൗതുകത്തോടെയാണ് ഫുട്ബാൾ ലോകം വീക്ഷിച്ചത്. ഇത്തരത്തിൽ ചില പ്രവചനങ്ങൾ ഫലിച്ച ചരിത്രമുള്ളതുകൊണ്ടാണ് അർജന്റീന കേപ് വെർഡെ മത്സരത്തിന് മുൻപ് മന്ത്രവാദിയുടെ വാക്കുകൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
എന്നാൽ ഇത്തരം പ്രവചനങ്ങൾക്കൊന്നും മെസ്സി മാജിക്കിനെ തളയ്ക്കാനാകില്ലെന്ന് മയാമിയിലെ പുൽമൈതാനം സാക്ഷ്യപ്പെടുത്തി. മത്സരത്തിന്റെ 29-ാം മിനിറ്റിൽ തന്നെ ലിസാൻഡ്രോ മാർട്ടിനെസിന്റെ പാസ് സ്വീകരിച്ച് കേപ് വെർഡെയുടെ ഗോൾവല കുലുക്കി മെസ്സി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിൽ അർജന്റീന 3-2 ന് വിജയിച്ച് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ മന്ത്രവാദിയുടെ ശാപവാക്കുകൾ പാഴാവുകയായിരുന്നു. നിലവിൽ ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് വേട്ടയിലും മുന്നിലുള്ള മെസ്സിയുടെ അർജന്റീന ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെ നേരിടാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.