സൗത്ത് ഫ്ലോറിഡ: ഖത്തർ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ അർജന്റീനയെ അട്ടിമറിച്ച ഓർമകളുടെ ആവേശത്തിലിറങ്ങിയ സൗദി അറേബ്യ മറ്റൊരു ലാറ്റിനമേരിക്കൻ ടീമും മുൻ ചാമ്പ്യന്മാരുമായ ഉറുഗ്വായിയെ സമനിലയിൽ തളച്ചു. ഗ്രൂപ് എച്ച്-ലെ മത്സരം 1-1ലാണ് കലാശിച്ചത്. അവസാന നിമിഷം വരെ അട്ടിമറി ജയം ലക്ഷ്യമിട്ട സൗദിക്കെതിരെ 80-ാം മിനിറ്റിൽ മാക്സി അറോഹോ നേടിയ ഗോളിലൂടെ സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു ഉറുഗ്വായി.
ഉറുഗ്വായി പന്തിന്റെ നിയന്ത്രണം കൈക്കലാക്കി മുന്നേറിയെങ്കിലും, പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സൗദി ആദ്യ പകുതിയിൽ ലീഡ് നേടി. 41ാം മിനിറ്റിൽ അബ്ദുല്ല അൽ-അംറിയാണ് ഗോൾ നേടിയത്. ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേര തട്ടിയകറ്റിയ പന്ത് കൃത്യമായി വലയിലാക്കിയ അൽ-അംറി ഗാലറിയെ ഇളക്കിമറിച്ചു. രണ്ടാം പകുതിയിൽ പൂർണമായും ഉറുഗ്വായിയുടെ ആധിപത്യമാണ് കണ്ടത്. മത്സരത്തിൽ പത്ത് തവണയാണ് അവർ സൗദി പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. എന്നാൽ, സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഉവൈസിന്റെ തകർപ്പൻ സേവുകൾ മുന്നേറ്റങ്ങൾക്ക് തടയിട്ടു.
ഫെഡറിക്കോ വിനാസിന്റെയും മാനുവൽ ഉഗാർട്ടെയുടെയും മികച്ച ശ്രമങ്ങളെ ഉവൈസ് വിഫലമാക്കി. ഒടുവിൽ 80ാം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കി അറോഹോ ഉറുഗ്വായിക്ക് സമനില നേടിക്കൊടുത്തു. കളിതീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ഫെഡറിക്കോ വാൽവെർദെയുടെ ഷോട്ട് തടഞ്ഞും ഉവൈസ് തന്റെ മികവ് തെളിയിച്ചു. ഗ്രൂപ് എച്ചിലെ മറ്റൊരു മത്സരത്തിൽ അരങ്ങേറ്റക്കാരായ കേപ് വെർഡെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ, ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ പോയന്റുമായി ഒപ്പത്തിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.