ഫിലഡെൽഫിയ (യു.എസ്): ലോകകപ്പ് ഗ്രൂപ് ഐ-യിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന് രണ്ടാം അങ്കം. ഇന്ത്യൻ സമയം ചൊവ്വാഴ്ച വെളുപ്പിന് 2.30ന് ഫിലഡെൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇറാഖാണ് എതിരാളികൾ. സെനഗാളിനെ 3-1ന് തോൽപിച്ച് തുടങ്ങിയ ഫ്രഞ്ച് പടയ്ക്ക് ജയം ആവർത്തിച്ചാൽ ഗ്രൂപ്പിൽനിന്ന് റൗണ്ട് ഓഫ് 32ൽ എത്തുന്ന ആദ്യ ടീമാവാം. ചരിത്രത്തിലാദ്യമായാണ് ഫ്രാൻസും ഇറാഖും ഫുട്ബാൾ മൈതാനത്ത് മുഖാമുഖം വരുന്നതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഫിഫ റാങ്കിങ്ങിൽ മൂന്നും 57ഉം സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ തമ്മിലെ കളിയുടെ ഫലമെന്താവുമെന്ന കാര്യത്തിൽ ആരാധകർക്കോ ഫുട്ബാൾ വിദഗ്ധർക്കോ രണ്ടഭിപ്രായമില്ല. നോർവേയോട് 1-4ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇറാഖികൾക്ക് നിലനിൽപ്പ് പോരാട്ടം കൂടിയാണിത്. സൂപ്പർ താരം കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് നിര അതിശക്തരാണ്. ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ എംബാപ്പെ മികച്ച ഫോമിൽ നിൽക്കുന്നു. ഉസ്മാൻ ഡെംബലെ ആദ്യ ഗോൾ കണ്ടെത്താനുള്ള പടപ്പുറപ്പാടിലാണ്. പ്രതിരോധത്തിൽ മാത്രമാണ് ദിദിയർ ദെഷാംപ്സ് സംഘത്തിന് ചെറിയ പാളിച്ചകൾ ചൂണ്ടിക്കാണിക്കാനുള്ളത്. നവംബറിലായിരുന്നു അവസാനത്തെ ക്ലീൻ ഷീറ്റ്. പിന്നീട് നടന്ന കളികളിലെല്ലാം ഗോൾ വഴങ്ങിയിട്ടുണ്ടെന്ന് ചുരുക്കം. പരിക്കിന്റെ ആശങ്കകളൊന്നും നിലവിൽ ഫ്രഞ്ച് ഭാഗത്തില്ല.
നോർവേക്കെതിരായ കളിയിൽ പ്രതിരോധ നിര തകർന്നതാണ് ഇറാഖിന് തിരിച്ചടിയായത്. ഫ്രാൻസിന്റെ വേഗമേറിയ മുന്നേറ്റത്തെ തടഞ്ഞുനിർത്തുക എന്നത് അവരുടെ പ്രതിരോധത്തിന് വലിയ വെല്ലുവിളിയായിരിക്കും. സ്റ്റാർ വിങ്ങർ അലി ജാസിമിന് പരിക്കേറ്റത് ആശങ്കയുയർത്തുന്നുണ്ടെങ്കിലും താരം കളിക്കുമെന്നുതന്നെയാണ് കരുതുന്നത്. ജലാൽ ഹസനെ മാറ്റി അഹ്മദ് ബാസിലിനെ ഗോൾ കീപ്പറായി പരീക്ഷിക്കാനും പരിശീലകൻ ഗ്രഹാം അർനോൾഡിന് ആലോചനയുണ്ട്. അയ്മൻ ഹുസൈന്റെ നേതൃത്വത്തിൽ നടക്കുന്ന കൗണ്ടർ അറ്റാക്കുകളിലാണ് ഇറാഖിന്റെ പ്രതീക്ഷ. ഫ്രാൻസിനും നോർവേക്കും മൂന്ന് വീതം പോയന്റാണുള്ളത്. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള നോർവീജിയൻസിനാണ് നിലവിൽ ഒന്നാംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.