ലോസ് ആഞ്ജലസ്: ഗ്രൂപ് ഘട്ടങ്ങളുടെ പകിട്ടണിഞ്ഞ പച്ചപ്പുല്ലിൽ നിന്ന് കണക്കുകളുടെയും സാധ്യതകളുടെയും കനൽവഴികളിലൂടെ ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളുടെ അങ്കത്തട്ടിലേക്ക്. ഒപ്പത്തിനൊപ്പമെത്തിയാൽ അധിക സമയത്തിന്റെയും തുടർന്ന് ഷൂട്ടൗട്ടിന്റെയും വഴികൾ മുന്നിലുണ്ട്. ഇതിലും പിഴച്ചാൽ മാപ്പില്ല. തോൽവി മരണം തന്നെയാണ്. പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്ന നിമിഷങ്ങൾ. ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം ഞായറാഴ്ച അർധരാത്രി 12.30ന് കാനഡയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.
ഞായറാഴ്ച വെളുപ്പിനും രാവിലെയും നടക്കാനുള്ള ജെ, കെ, എൽ ഗ്രൂപ്പുകളിലെ അന്തിമ റൗണ്ട് പോരാട്ടങ്ങൾക്കൂടി കഴിഞ്ഞാലേ നോക്കൗട്ട് ചിത്രം പൂർണമായും തെളിയൂ. ആകെ 16 മത്സരങ്ങളിൽ ഒമ്പതെണ്ണം ആരൊക്കെ തമ്മിലായിരിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മുൻ ജേതാക്കളായ ബ്രസീൽ പ്രീക്വാർട്ടർ തേടി തിങ്കളാഴ്ച രാത്രി 10.30ന് ഏഷ്യൻ കരുത്തരായ ജപ്പാനെ നേരിടും. 30ന് ജർമനി-പരഗ്വേ, നെതർലൻഡ്സ് - മൊറോക്കോ, ഐവറി കോസ്റ്റ് - നോർവേ, ജൂലൈ ഒന്നിന് ഫ്രാൻസ് - സ്വീഡൻ, രണ്ടിന് യു.എസ്-ബോസ്നിയ ഹെർസഗോവിന, മൂന്നിന് ആസ്ട്രേലിയ-ഈജിപ്ത് മത്സരങ്ങളും നടക്കും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് നവാഗതരായ കേപ് വെർഡെയാണ് എതിരാളികൾ. ഇന്ത്യൻ സമയം ജൂലൈ നാലിന് വെളുപ്പിനാണ് ഈ കളി. സ്പെയിൻ, മെക്സികോ, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങിയവരുടെ എതിരാളികളെ അറിയാനുണ്ട്.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇനി കിട്ടുന്നതെല്ലാം ബോണസാണ്. ബഫാന ബഫാന എന്നറിയപ്പെടുന്ന ടീം ഗ്രൂപ് എ-യിൽ മെക്സികോയോട് തോറ്റെങ്കിലും ചെക്കിയയോട് സമനില പിടിക്കുകയും ദക്ഷിണ കൊറിയയെ 1-0 ന് അട്ടിമറിക്കുകയും ചെയ്താണ് വരുന്നത്. സൂപ്പർ മിഡ്ഫീൽഡർ തെബോഹോ മൊകൊയ്‌ന ചുവപ്പ് കാർഡ് സസ്പെൻഷനു ശേഷം ടീമിലേക്ക് തിരിച്ചെത്തുന്നത് വലിയ കരുത്താകും. എന്നാൽ, മെക്സികോക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കാണുകയും മോശം പെരുമാറ്റത്തെത്തുടർന്ന് മൂന്ന് കളികളിൽ വിലക്ക് നേരിടുകയും ചെയ്യുന്ന മുൻനിര താരം തെംബ സ്വാനെക്ക് ഇന്നും കളിക്കാനാകില്ല.
ഇന്ന് കാനഡ Vs ദക്ഷിണാഫ്രിക്ക 12.30am
ജൂൺ 29: ബ്രസീൽ Vs ജപ്പാൻ 10.30pm
ജൂൺ 30: ജർമനി Vs പരഗ്വേ 2.00am
ജൂൺ 30: നെതർലൻഡ്സ് Vs മൊറോക്കോ 6.30am
ജൂൺ 30: ഐവറി കോസ്റ്റ് Vs നോർവേ 10.30pm
ജൂലൈ 1: ഫ്രാൻസ് Vs സ്വീഡൻ 2.30am
ജൂലൈ 2: യു.എസ് Vs ബോസ്നിയ 5.30am
ജൂലൈ 3: ആസ്ട്രേലിയ Vs ഈജിപ്ത് 11.30pm
ജൂലൈ 4: അർജന്റീന Vs കേപ് വെർഡെ 3.30am
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.